2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സമാപിച്ചത് 18 വര്‍ഷത്തിനിടെ ഏറ്റവും നിഷ്ഫലമായ സഭാ സമ്മേളനം; ഇരുസഭകള്‍ക്കും നഷ്ടമായത് 250 മണിക്കൂര്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബഹളമയമായ ബജറ്റ്‌സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ബഹളത്തോടെ തന്നെ സമാപനവും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ 22 പ്രവര്‍ത്തിദിവസങ്ങളില്‍ ഒന്നു പോലും സഭാനടപടികള്‍ പൂര്‍ണമായി നടത്താനാവാതെയാണ് പിരിഞ്ഞത്. നടപ്പു സമ്മേളനത്തില്‍ ലോക്‌സഭയ്ക്ക് 127 മണിക്കൂറില്‍ അധികമാണ് നഷ്ടമായത്.

മൊത്തം 29 പ്രവര്‍ത്തിദിവസങ്ങളിലായി 34 മണിക്കൂറും അഞ്ച് മിനിറ്റുമാണ് സഭ സമ്മേളിച്ചത്. ലോക്‌സഭയില്‍ 580 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളില്‍ 17എണ്ണത്തിന് മാത്രമാണ് സഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയത്. ബാക്കിയുള്ളവയ്ക്ക് രേഖാമൂലം മറുപടി നല്‍കി. നക്ഷത്രമിടാത്ത 6,670 ചോദ്യങ്ങള്‍ സഭയുടെ മേശപ്പുറത്ത് വച്ചു. ബജറ്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍ അഞ്ചു ബില്ലുകള്‍ പാസാക്കുകയും അഞ്ച് ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. നിര്‍ണായകമായ ധനബില്ല് 2018 അടക്കം അഞ്ചു ബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്. അഞ്ചു ബില്ലുകള്‍ സഭയുടെ പരിഗണനയിലുമാണ്.

രണ്ടുഘട്ടങ്ങളിലും മൊത്തം 30 പ്രവര്‍ത്തിദിനങ്ങളാണ് രാജ്യസഭയ്ക്ക് ഉണ്ടായത്. എന്നാല്‍, ആകെ പ്രവര്‍ത്തിച്ചതാവട്ടെ 44 മണിക്കൂര്‍ മാത്രം. സഭയ്ക്ക് നഷ്ടമായത് 121 മണിക്കൂറും. 30ല്‍ 27 ദിവസം ചോദ്യോത്തരവേള ഉണ്ടായതേയില്ല. ഇരുസഭകള്‍ക്കും കൂടി ഈ ബജറ്റ് സമ്മേളനത്തില്‍ മൊത്തം നഷ്ടമായത് 250 മണിക്കൂറാണ്.

രാജ്യസഭയില്‍ 19 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളില്‍ അഞ്ചെണ്ണത്തിന് മാത്രമാണ് മന്ത്രിമാര്‍ സഭയ്ക്കകത്ത് മറുപടി നല്‍കിയത്. സമ്മേളനത്തിന്റെ മൊത്തം പരിശോധിച്ചാല്‍ ലോക്‌സഭ 23ഉം രാജ്യസഭ 28ഉം ശതമാനമാണ് പ്രവര്‍ത്തിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ നിലവിലെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം നോക്കുകയാണെങ്കില്‍ ലോക്‌സഭ 85ഉം രാജ്യസഭ 68 ഉം ശതമാനവും പ്രവര്‍ത്തിച്ചു. ഇതിനു മുമ്പ് 2000ല്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ഇതുപോലെ പാര്‍ലമെന്റ് സ്തംഭിച്ചത്. ബാബരി മസ്ജിദ്, വനിതാ ബില്ല്, കശ്മീര്‍ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി അന്നത്തെ പ്രതിപക്ഷനേതാവ് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ പ്രതിഷേധമായിരുന്നു അന്നത്തെ സ്തംഭനത്തിനു കാരണം.

അവസാന ദിവസമായ ഇന്നലെയും അണ്ണാ ഡി.എം.കെ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിഷേധിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങളും സഭാനടപടികള്‍ തടസ്സപ്പെടുത്തി.

ഇന്ന് അവസാന ദിനമാണെന്ന് ഓര്‍മ്മപ്പെടുത്തിയ സപീക്കര്‍ സുമിത്രാ മഹാജന്‍, സഭ സുഗമമായി നടത്താന്‍ അംഗങ്ങള്‍ തയ്യാറല്ലെങ്കില്‍ ഞാന്‍ അനിശ്ചിതകാലത്തേക്കു പിരിച്ചിവിടുകയാണെന്ന് അറിയിക്കുകയായിരുന്നു. രണ്ടുഘട്ടങ്ങളായി നടന്ന ബജറ്റ് സമ്മേളനം ജനുവരി 29നാണ് തുടങ്ങിയത്. ഫെബ്രുവരി ആറിന് ഒന്നാം ഘട്ടം സമാപിച്ചു. മാര്‍ച്ച് അഞ്ചിനു തുടങ്ങിയ രണ്ടാംഘട്ടമാണ് ഇന്നലെ സമീപിച്ചത്. ഒന്നാം ഘട്ടത്തില്‍ ലോക്‌സഭ ഏഴും രാജ്യസഭ എട്ടും പ്രവര്‍ത്തിദിനങ്ങളുണ്ടായി. ബജറ്റവതരണവും രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗവും അതിലുള്ള ചര്‍ച്ചകളും കൊണ്ട് ആദ്യ ഘട്ടത്തില്‍ കാര്യമായ ബഹളമുണ്ടായിരുന്നില്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.