2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

6868 കോടി രൂപ നല്‍കാമെന്നറിയിച്ച് മല്യ വീണ്ടും രംഗത്ത്

  • തന്റെ സ്വത്തുവകകളെക്കുറിച്ച് വെളിപ്പെടുത്തേണ്ടതില്ല

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധങ്ങളായ 17 ബാങ്കുകളില്‍ നിന്നായി 900 കോടി കടബാധ്യതയുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ വിജയ് മല്ല്യ 6868 കോടി രൂപ നല്‍കാമെന്നറിയിച്ച് രംഗത്തെത്തി. എസ്ബിഐ അടക്കമുള്ള ബാങ്കുള്‍ക്ക് നല്‍കാനുള്ള വായ്പയുടെ ഭാഗമായി നേരത്തെ 4400 കോടി രൂപ നല്‍കാമെന്ന് മല്യ അറിയിച്ചിരുന്നെങ്കിലും ബാങ്കുകള്‍ അത് സ്വീകരിക്കാന്‍ തയാറായിരുന്നില്ല. ഇതിനെതുടര്‍ന്നാണ് 6868 കോടി രൂപ കൂടി നല്‍കാമെന്നറിയിച്ച് മല്യ ഇ്‌പ്പോള്‍ രംഗത്തെത്തിയത്. സുപ്രീം കോടതിയിലാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ രാജ്യങ്ങളിലുള്ള തന്റെ സ്വത്ത്‌വകകളെക്കുറിച്ച് ഇന്ത്യന്‍ ഇന്‍കം ടാക്‌സ് റിട്ടേണിന് മുന്നില്‍ വെൡപ്പെടുത്തേണ്ടതില്ലെന്ന് മല്യ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.
തന്റെ കേസിലുള്ള ഇളവുകളാവശ്യപ്പെട്ട് ഇന്നലെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്
താന്‍ വായ്പയെടുത്ത ബാങ്കുകള്‍ക്ക് മുന്നില്‍ വിദേശസ്വത്തുക്കള്‍ വെളിപ്പെടുത്തേണ്ട കാര്യമില്ല എന്ന് മല്യ പറഞ്ഞത്.

41 പേജുള്ള സത്യവാങ്മൂലത്തില്‍ തന്റെയും തന്റെ മക്കളുടെയും വിദേശസമ്പത്തുകളെക്കുറിച്ച് അന്വോഷിക്കാന്‍ ഇന്ത്യയിലെ പണമിടപാടുകാര്‍ക്ക് അവകാശമില്ല. തന്റെ മക്കള്‍ അമേരിക്കന്‍ പൗരത്വമുള്ളവരാണ്. തന്റെ ഭാര്യ എന്നില്‍ നിന്ന് അകന്നു കഴിയുന്നയാളാണ്. അവരും എന്‍ആര്‍ഐ ആണെന്നുമാണ് മല്യ അറിയിച്ചത്. മാത്രമല്ല ബാങ്കില്‍ നിന്ന് ലോണ്‍ അനുവദിച്ച സമയത്ത് ഈ സ്വത്തുക്കളൊന്നും കണക്കിലെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1988 മുതല്‍ താന്‍ പ്രവാസി ഇന്ത്യക്കാരനാണ്. അതിനാല്‍ തന്നെ വിദേശത്തെ സ്വത്തുവകകള്‍ ഇന്ത്യയിലെ നികുതി വകുപ്പ് അധികൃതരോട് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുവകകളെക്കുറിച്ച് വെളിപ്പെടുത്തണമെന്ന് മല്യയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ആകെ 1591 കോടി രൂപ കോടതിയില്‍ കെട്ടിവെക്കാമെന്നും മല്യ പറഞ്ഞിരുന്നു.

രാജ്യം വിട്ട മല്യയെ തിരികെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടി. കഴിഞ്ഞയാഴ്ച മല്യയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് വിദേയകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേ സമയം ഇന്ത്യയിലേക്ക് തിരികെ വരുന്നതിനെ സംബന്ധിച്ച് മല്യ വ്യകതമായ മറുപടി നല്‍കിയില്ല. മൂന്ന് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മല്യ ഹാജരായിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.