2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

കര്‍ണാടക കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ തല്‍ക്കാലം കേരളത്തിലേക്കു കൊണ്ടുവരില്ല

ബംഗളൂരു: കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തിലെ റിസോര്‍ട്ടിലേക്കു കൊണ്ടുവരുന്നത് തല്‍ക്കാലത്തേക്ക് മാറ്റി. ബംഗളൂരുവില്‍ ഇവരെ താമസിപ്പിച്ചിരുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെ പൊലിസ് സുരക്ഷ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് എം.എല്‍.എമാരെ മാറ്റാന്‍ തീരുമാനിച്ചിരുന്നത്.

പ്രത്യേക വിമാനം കിട്ടാത്തതാണ് കാരണമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് യെദ്യൂരപ്പ, റിസോര്‍ട്ടിനു പുറത്ത് കാവല്‍ നിര്‍ത്തിയിരുന്ന പൊലിസുകാരെ പിന്‍വലിച്ചത്.

കൊച്ചിയിലെ റിസോര്‍ട്ടിലേക്കു മാറ്റാനായിരുന്നു പദ്ധതി. ഇതിനായി 100 മുറികളും ബുക്ക് ചെയ്തിരുന്നു. പ്രത്യേക വിമാനം കിട്ടാത്തതാണ് വൈകാന്‍ കാരണമെന്ന് ജെ.ഡി.എസ് അറിയിച്ചു.

അതിനിടെ, മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എമാരെ മാറ്റുന്നതെന്ന വാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ ഇത് തോമസ് ചാണ്ടി നിഷേധിച്ചു. ആലപ്പുഴയിലേക്ക് എം.എല്‍.എമാര്‍ യാത്ര തിരിക്കുന്നുണ്ടെന്ന വാര്‍ത്ത ചാനലുകളില്‍ കണ്ടിരുന്നുവെന്നും എന്നാല്‍ അത് കളവാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ഇതേപ്പറ്റി അന്വേഷിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് വിളിച്ചതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ 78 എം.എല്‍.എമാര്‍, ജെ.ഡി.എസിലെ 38 എം.എല്‍.എമാരും ഒരു സ്വതന്ത്ര എം.എല്‍.എയും കൂടി 118 പേരാണ് റിസോര്‍ട്ടിലുള്ളത്.

കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ് എം.എല്‍.എമാരെ മാറ്റാന്‍ നീക്കം നടത്തിയത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലേക്കാണ് എം.എല്‍.എമാരെ മാറ്റുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ജെ.ഡി.എസ് എം.എല്‍.എമാര്‍ കൊച്ചിയിലേക്കാണു പോകുന്നതെന്ന് സ്ഥിരീകരണമുണ്ടായിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.