2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സി.ബി.ഐ ഉദ്യോഗസ്ഥരെ മാറ്റിയത് പൂച്ചകളെപ്പോലെ അടികൂടിയപ്പോള്‍: കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍

 

ന്യൂഡല്‍ഹി: പൂച്ചകളെപ്പോലെ അടികൂടിയതുകൊണ്ടാണ് സി.ബി.ഐ തലപ്പത്തെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റിയതെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ഇവരുടെ തമ്മിലടി അമ്പരപ്പോടെ നോക്കിനില്‍ക്കേണ്ടിവന്നെന്നും സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.

തന്നെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അലോക് വര്‍മയും രണ്ടാമനായ സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയും പരസ്പരം അഴിമതിയാരോപണം ഉന്നയിച്ച സാഹചര്യത്തില്‍, പ്രശ്‌നം ഒതുക്കാനാണ് നിര്‍ബന്ധിത അവധിയില്‍ വിട്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ക്കാണ് അലോക് വര്‍മയെ മാറ്റിയതെന്നും അതിന് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിക്കു മാത്രമാണ് അധികാരമുള്ളതെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാന്‍ വാദിച്ചു. എന്നാല്‍, അലോക് വര്‍മയെ മാറ്റിയിട്ടില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇതിനു നല്‍കിയ മറുപടി. അലോക് വര്‍മയെ സ്ഥലം മാറ്റിയിട്ടില്ലെന്നും അവധിയില്‍ വിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അലോക് വര്‍മ തന്നെയാണ് ഇപ്പോഴും സി.ബി.ഐ ഡയരക്ടറെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. എന്നാല്‍, ഈ സമയം ഇടപെട്ട മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് കെ.എം ജോസഫ്, സി.ബി.ഐയിലെ പ്രശ്‌നങ്ങളുടെ പേരില്‍ അലോക് വര്‍മ മാധ്യമങ്ങള്‍ മുഖേന പരസ്യപ്രതികരണം നടത്തിയിരുന്നോ എന്നു ചോദിച്ചപ്പോള്‍ ഉണ്ടെന്നു മറുപടി പറഞ്ഞ അറ്റോര്‍ണി ജനറല്‍ ചില ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പകര്‍പ്പും നല്‍കി. വാദം വ്യാഴാഴ്ചയും തുടരും.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.