2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അറബിന്റെ പുതുവസന്തം

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

‘സയ്യിദാത്തുല്‍ ഖമര്‍’ എന്നാല്‍ ‘ചന്ദ്ര സ്ത്രീകള്‍’ എന്നാണ് അര്‍ഥം. പ്രസ്തുത നോവല്‍ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റിയ മെര്‍ലിന്‍ ബൂത്ത് ഇതിന് നല്കിയ തലക്കെട്ട് ‘സെലസ്റ്റിയല്‍ ബോഡീസ്’ അഥവാ ‘സ്വര്‍ഗീയ ഉടലുകള്‍’ എന്നാണ്.

ഒമാനിലെ അവാഫി എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന മയ്യ, അസ്മ, ഖൗല എന്നീ മൂന്ന് സഹോദരിമാരുടെയും, അവരുടെ മൂന്ന് തലമുറകളുടെയും ജീവിത മുഹൂര്‍ത്തങ്ങളിലെ ചില സുപ്രധാന നിമിഷങ്ങളാണ് നോവലില്‍ അങ്ങോളമിങ്ങോളം പരാമര്‍ശിക്കപ്പെടുന്നത്. ആഘാതങ്ങളുടെ ദുരിതം പേറി ജീവിക്കുന്ന അബ്ദുല്ലയെ വിവാഹം കഴിക്കുന്ന മയ്യ, എന്തൊക്കെയോ കടമകളുടെ പേരില്‍ ഒരാളെ വരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അസ്മ, കാനഡയിലേക്ക് കുടിയേറിയ തന്റെ കാമുകനെയും കാത്തു നില്‍ക്കുന്ന ഖൗല – ഇവരാണ് ഈ നോവലിലെ പ്രത്യക്ഷ സ്ത്രീസാന്നിധ്യങ്ങള്‍. ഒമാന്‍ എന്ന രാഷ്ട്രത്തിന്റെ ഭൂതകാലവും ആധുനിക വര്‍ത്തമാനങ്ങളും വെളിപ്പെടുത്തപ്പെടുകയും, അവയില്‍ ചിലതൊക്കെ മറച്ചു വയ്ക്കപ്പെടുകയും ചെയ്യുന്നതിനെ, രാജ്യത്തിന്റെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ചാലിച്ച് വ്യാഖ്യാനിക്കുകയാണ് നോവല്‍ ചെയ്യുന്നത്.
മറയില്ലാത്തൊരു തുറന്നെഴുത്ത് – അതാണ് ജോഖായുടെ കഥനരീതിയുടെ കരുത്ത്. ആ കരുത്തില്‍ മയ്യയുടെ താല്‍പര്യമില്ലാത്ത വിവാഹവും, അസ്മയുടെ തകര്‍ന്നു പോകുന്ന ദാമ്പത്യവും, ഖൗലയുടെ പൂവണിയാത്ത പ്രണയ കാമനകളും പരവേശങ്ങളും വായനക്കാര്‍ ആസ്വദിക്കുന്നു. ഈ മൂന്ന് അറബി-സ്ത്രീ കഥാപാത്രങ്ങളിലൂടെ ജോഖാ അല്‍ഹാരിസി, മാന്‍ ബുക്കറിലൂടെ സാഹിത്യത്തിന്റെ അഭൗമ ചക്രവാളത്തില്‍ പുതിയൊരു ചന്ദ്രോദയമായി അടയാളപ്പെടുന്നു.

ഒമാന്‍ പശ്ചാത്തലം

പശ്ചിമേഷ്യയിലെ അറേബ്യന്‍ അര്‍ധദ്വീപിലെ തീരപ്രദേശങ്ങളില്‍ ഒന്നാണ് ഒമാന്‍ എന്ന കൊച്ചുരാഷ്ട്രം. യെമന്‍, സഊദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാന്‍ എന്നീ രാഷ്ട്രങ്ങളുമായൊക്കെ അതിര്‍ത്തി പങ്കിടുന്ന, സുല്‍ത്താന്മാരാല്‍ ഭരിക്കപ്പെടുന്ന ഈ രാജ്യം, പക്ഷെ, കാലമിത്രയായിട്ടും ഇസ്‌ലാമിക തീവ്രവാദത്തിന്റെയോ അനാവശ്യമായ വംശീയവിദ്വേഷ പ്രവര്‍ത്തനങ്ങളുടെയോ കളങ്കമേതും ഏല്‍പ്പിക്കാതെ, യാതൊരുവിധ പേരുദോഷവും കേള്‍പ്പിക്കാതെ, പേര്‍ഷ്യന്‍ ഗള്‍ഫിന്റെ കവാടത്തില്‍ പരിലസിക്കുന്ന ഒരു മരുപ്പച്ചയായാണ് അറിയപ്പെടുന്നത്.
ഐക്യരാഷ്ട്ര സഭയിലും അറബ് ലീഗിലും ജി.സി.സി രാഷ്ട്രങ്ങളുടെ കൂട്ടത്തിലും, ചേരിചേരാ നയങ്ങളിലുമൊക്കെ അംഗത്വമുള്ള, സുല്‍ത്താന്‍ ഖാബൂസിന്റെ രാജ്യത്തില്‍ നിന്നുമുള്ള ഒരു എഴുത്തുകാരി, തന്റെ രാഷ്ട്രത്തിലെ ഗദ്ദാമകള്‍ ഉള്‍പ്പെടുന്ന അടിമജീവിത ദുരിതം ഏറ്റുവാങ്ങപ്പെട്ടവരുടെ- പ്രത്യേകിച്ചും സ്ത്രീകളുടെ – ചരിത്രത്തിന്റെ ഗതിവിഗതികള്‍ ലളിതമായ ആഖ്യാനത്തിന് വിധേയമാക്കിയപ്പോഴാണ് ‘സെലസ്റ്റിയല്‍ ബോഡീസ്’ എന്ന ചാരുതയാര്‍ന്ന നോവല്‍ ജനിച്ചത്. ഭൂമിയുടെ ഒരു മണ്‍തിട്ടയില്‍പ്പോലും അടയാളപ്പെടാതെ പോകുന്ന, തൊഴിലാളികളായ ഒരുപിടി മനുഷ്യാത്മാക്കളുടെ നിശ്വാസങ്ങള്‍ പകര്‍ത്തി വച്ചിട്ടാണ് ‘അഭൗമിക വസ്തുക്കള്‍’ എന്നുകൂടി പരിഭാഷപ്പെടുത്താവുന്ന ഈ നോവല്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരത്തിലൂടെ കൂടുതല്‍ തിളക്കമാര്‍ന്നതായി തീരുന്നത്.

ജോഖായുടെ കടന്നാക്രമണം

പെണ്‍കുട്ടികള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ട, പ്രവാചക ആഗമനത്തിന് മുമ്പുണ്ടായിരുന്ന ജാഹിലിയ്യാ കാലഘട്ട (ഇരുണ്ട കാലം) ത്തില്‍ നിന്നും ഏറെ വിഭിന്നമാണ് ഇന്നത്തെ അറേബ്യന്‍ മണലാരണ്യ പൊതുവ്യവഹാരങ്ങളുടെ പരിസരങ്ങള്‍. എന്നാല്‍ അതിന്റെ ചില അന്തര്‍ഭാവങ്ങളില്‍, മതമൗലികതയുടെ ചിട്ടവട്ടങ്ങള്‍ തീര്‍ക്കുന്ന യാഥാസ്ഥിതികതയും, അതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പ്രതിരോധ നീക്കങ്ങളും നിരാകരിക്കാന്‍ സാധ്യമല്ലാത്ത തരത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നുമുണ്ട്. നാല് ചുമരുകള്‍ക്കിടയില്‍ നിശ്വാസമുതിര്‍ത്ത്, കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തെ ശാക്തീകരിക്കുക എന്ന ഏകമാത്രഭാവപ്രകടനം മാത്രം നടത്തുന്ന തന്റെ രാജ്യത്തെ പെണ്‍ജീവിതങ്ങള്‍, എങ്ങനെയൊക്കെയാണ് വിടുതല്‍ നേടുന്നത് എന്നതിന്റെ ഒരു ലളിതമായ ക്രോണിക്കിള്‍ ആണ് ഈ നോവല്‍.
പ്രണയത്തിന്റെയും നിരാശയുടെയും മോഹനഷ്ടങ്ങള്‍ തീര്‍ക്കുന്ന ട്രോമയുടെയും മരവിപ്പിന്റെയും ഓവുകളിലൂടെയാണ് ജോഖായുടെ കഥാലോകം വികസിക്കുന്നതും ഒഴുകിനടക്കുന്നതും. വസന്തം വാഗ്ദാനം നല്‍കി, കൊടുംഗ്രീഷ്മം മാത്രം സമ്മാനിച്ച മുല്ലപ്പൂ വിപ്ലവം ഒരു പ്രഹേളികയായി അറേബ്യന്‍ മനസിലുടനീളം ഇന്നും ചുരിയെടുക്കപ്പെട്ട പൊറ്റ പോലെ ബാധ്യതയായി അവശേഷിക്കുന്നു. തുണീഷ്യയിലും ഈജിപ്റ്റിലും യെമനിലും മൊറോക്കോയിലും സിറിയയിലും ജോര്‍ദാനിലുമൊക്കെ, ആര്‍ത്തനാദങ്ങള്‍ മാത്രം മുഴങ്ങുന്ന ശബ്ദമായി, ഒരു ജനത, വര്‍ഷങ്ങളായി അടയാളപ്പെടുമ്പോള്‍, അടിമത്വം എന്നതിന്റെ അവസ്ഥയില്‍ നിന്നും, ആധുനിക സാങ്കേതികതയുടെയും ആഘോഷത്തിമിര്‍പ്പുകളുടെയും സുഭൂഷിതമായ പ്രകടനാത്മകതയില്‍ കുരുങ്ങിപ്പോയി, സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും ഇന്ദ്രിയാനുഭൂതികള്‍ക്കും അതിര്‍ത്തി കല്‍പ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാമൂഹ്യ വ്യവസ്ഥിതികളെ ജോഖാ കടന്നാക്രമിക്കുന്നു.. അവയ്ക്ക് നമ്പറിടുന്നു.
വലിയ അക്ഷരാക്രോശങ്ങളൊന്നും ജോഖായുടെ വരികളില്‍ കടന്നുവരുന്നില്ല. പാശ്ചാത്യ ഫെമിനിസത്തെ അതേപടി അനുകരിക്കുന്ന തരത്തിലുള്ള ഒരു വിധേയത്വത്തെ ഏറ്റെടുത്ത് പാടിനടക്കാനും അവര്‍ ഒരുക്കമല്ല. പക്ഷെ, ചെറുതെങ്കിലും, അവഗണിക്കാന്‍ സാധിക്കാതെ പോകുന്ന ചില പെണ്‍ഗദ്ഗദങ്ങള്‍, മാറി നില്‍ക്ക് എന്ന് കടുപ്പിച്ച് പറയാന്‍ കഴിയാത്തത്രയും പ്രസക്തമാകുന്ന ഏതാനും ചില പിറുപിറുക്കലുകള്‍, ഇവയെയൊക്കെ താലോലിക്കുമ്പോള്‍ അനുഭവവേദ്യമാകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ – ഇത്രയേയുള്ളൂ ആ ഭാവനാലോകത്തില്‍ നിന്നും നമുക്ക് നുകരാനായി തയ്യാറാക്കപ്പെട്ടതായി.

സമൂഹ മനസിലേക്കൊരു തീപ്പൊരി

അറബ് വസന്തവും അതിനെ തുടര്‍ന്നുണ്ടായ ഭരണമാറ്റങ്ങളും വിപ്ലവാനന്തര സാഹിത്യ പ്രതികരണങ്ങളായി പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ 2015 വരെ പ്രത്യക്ഷപ്പെട്ടിരുന്നത് സയന്‍സ് ഫിക്ഷന്റെയും ഫാന്റസി ട്രോപ്പുകളുടെയും രൂപത്തിലായിരുന്നു. അതിരൂക്ഷമായ സെന്‍സറിങ്ങ് നിലവിലുള്ളതിനാല്‍ തന്നെ, അന്യാപദേശ രീതിയില്‍ മാത്രം സാധ്യമാകുന്ന രചനാ സങ്കേതങ്ങള്‍ ഉപയോഗിച്ച്, സമൂഹമനസിലേക്ക് ചെറിയൊരു തീപ്പൊരി ഇട്ടുകൊടുക്കുക എന്ന ദൗത്യം മാത്രമാണ് ജോഖായുടെ മുമ്പിലുള്ളത്. അതില്‍ അവര്‍ നന്നായി വിജയിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ അനുഭൂതികളെയും സെന്‍സിബിലിറ്റികളെയും, അപ്രതീക്ഷിതമായിട്ടാണെങ്കിലും സാംസ്‌കാരിക ഷോക്കുകളിലൂടെ വഴിമാറ്റി നടത്താനോ നയിക്കുവാനോ കെല്‍പ്പുള്ളതാണ് ‘സെലസ്റ്റിയല്‍ ബോഡീസി’ന്റെ ഘടന. ഒരു മുറിയില്‍ തുടങ്ങി, അതേ മുറിയില്‍ അവസാനിപ്പിച്ച്, അതിലൂടെ പിറവിയെടുക്കുന്ന ഒരു ലോകത്തിന്റെ സ്ഥൂലതയെ അനുഭവിപ്പിച്ച്, ഒമാനിലെ പുതിയ സാമൂഹ്യ, സാമ്പത്തിക മുന്നേറ്റങ്ങള്‍ കൊണ്ട് മരുതലത്തില്‍ മരുപ്പച്ചയുടെ സുഖശീതളിമ നേടിയെടുക്കുന്ന മധ്യ വര്‍ഗ്ഗ, ഉപരിവര്‍ഗ്ഗ മനുഷ്യഗണങ്ങളുടെ ജീവിതം. അതില്‍, തങ്ങളാല്‍ കഴിയുന്ന തരത്തില്‍ സേവനം നല്‍കി, ചരിത്രത്തിന്റെ യാതൊരു പാര്‍ശ്വതാളുകളിലും അടയാളപ്പെടാതെ ജീവിച്ചു മരിക്കുന്ന ഒരു കൂട്ടം അടിമ മനുഷ്യര്‍ – അതില്‍ വേലക്കാരികളും ഗദ്ദാമമാരും പാചകക്കാരും ബേബി സിറ്റര്‍മാരായവരും ഒക്കെയുണ്ട്.

സാഹിത്യഭൂപടത്തില്‍ ഒമാനിടം

ഉത്തരാധുനിക സാഹിത്യവ്യവഹാരങ്ങളില്‍ മുഴച്ചു നില്‍ക്കുന്ന വ്യത്യസ്ത ലിംഗ, ദേശ, സാമൂഹിക അസമത്വങ്ങള്‍ ഈ നോവലിനെ സമകാലീന വായനക്കാരിലേക്ക് പെട്ടെന്ന് തന്നെ അടുപ്പിക്കും. കഥാമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും ഇഴപിരിഞ്ഞ് നില്‍ക്കുന്ന ആഖ്യാന രീതി ജോഖായുടെ തന്ത്രപരമായ കലാപരതയാണ്.
കാവ്യാത്മകത തുളുമ്പുന്നതാണ് ‘സെലസ്റ്റിയല്‍ ബോഡീസി’ലെ പല പാസേജുകളും. ഗാര്‍ഹികപ്രാധാന്യം മാത്രമുള്ള ചില വിഷയങ്ങള്‍ മാത്രമാണ് ഇതിന്റെ ഇതിവൃത്തത്തിലേക്ക് സന്നിവേശിച്ചിരിക്കുന്നത് എന്ന് ആദ്യ ചില പേജുകള്‍ നമ്മെ തെറ്റിദ്ധരിപ്പിക്കും. എന്നാല്‍, താളുകള്‍ മറിയുമ്പോള്‍, അത് ഗാര്‍ഹികതയില്‍ നിന്നും വായനക്കാരനെ താത്വികതയുടെയും മന:ശാസ്ത്രതലങ്ങളുടെയും താലങ്ങളില്‍ വച്ച കവിതാശകലങ്ങളായി മാറ്റി ചടുലനൃത്തമാടിത്തുടങ്ങും.
ലെബനന്‍, ഈജിപ്റ്റ്, ഫലസ്തീന്‍ എന്നീ അറബ് രാഷ്ട്രങ്ങളില്‍ നിന്നും വിഭിന്നമായി, സാഹിത്യപരമായി ഏറെയൊന്നും മാപ് ചെയ്യപ്പെടാതെ പോയ ഒരു മേഖലയാണ് ഒമാന്‍. വാണിജ്യനിറവ് കൊണ്ട് തുളുമ്പി മറിയുന്ന മസ്‌കറ്റ് എന്ന തലസ്ഥാനവും, അറേബ്യന്‍ മരുപ്പച്ചകളില്‍ ഏറ്റവും മുന്തിയതെന്ന ഖ്യാതി ലഭിച്ച സലാലയും ഒക്കെ, അതിന്റെ അരികുകളില്‍ ചെനച്ചു നില്‍ക്കുന്ന സര്‍ഗാത്മകതയുടെ ചൂര് ഇനിയും പൂര്‍ണ്ണമായും ആസ്വദിച്ച് തുടങ്ങിയിട്ടില്ല. എന്നാല്‍, ജോഖായുടെ ഈ പുരസ്‌കാര ലബ്ധി, എഴുത്തിനെ സ്വകാര്യമായി താലോലിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News