2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

55 കിലോമീറ്റര്‍ ദൈര്‍ഘ്യം, ഡ്രൈവര്‍ കോട്ടുവാ ഇട്ടാല്‍ പോലും അറിയും; അല്‍ഭുതങ്ങള്‍ ഒളിപ്പിച്ചുള്ള ചൈനീസ് കടല്‍പ്പാലം തുറന്നു- 10 വിചിത്ര പ്രത്യേകതകള്‍

ലോകത്തെ ഏറ്റവും വലിയ കടല്‍പ്പാലം ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് തുറന്നു. ഴുഹായിയില്‍ നടന്ന ചടങ്ങിലാണ് പാലം ഉദ്ഘാടനം ചെയ്തത്. ഹോങ്കോങ്, മക്കാവു എന്നീ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിക്കുന്നതാണ് പാലം.

ബുധനാഴ്ച മുതല്‍ പാലത്തില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങും. 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന് ചെലവായത് 20 ബില്യണ്‍ ഡോളറാണ്.

അത്യപൂര്‍വ്വ സവിശേഷതകളുള്ള പാലമാണിത്. ഡ്രൈവര്‍മാര്‍ കോട്ടുവാ ഇട്ടാല്‍ പോലും കണ്ടെത്താന്‍ സംവിധാനമുണ്ട്. ഡ്രൈവര്‍മാര്‍ ഹൃദയനിരീക്ഷണ സംവിധാനം ധരിക്കണം, രാഷ്ട്രീയ പ്രമുഖര്‍ക്കും കാരുണപ്രവര്‍ത്തകര്‍ക്കും മാത്രമാണ് പാലം ഉപയോഗിക്കാനാവുക. പാലവുമായി ചുറ്റിപ്പറ്റി നില്‍കുന്ന അഞ്ച് കാര്യങ്ങളിവിടെ:

  • കോട്ടുവാ ക്യാമറയും രക്തസമ്മര്‍ദം പരിശോധനയും

പാലം കടക്കുന്ന ഡ്രൈവര്‍മാരുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും പരിശോധിച്ചുകൊണ്ടേയിരിക്കും. ഈ വിവരങ്ങള്‍ പാലത്തിന്റെ കണ്‍ട്രോള്‍ സെന്ററില്‍ എത്തും. 20 സെക്കന്റില്‍ മൂന്നു തവണയില്‍ അധികം കോട്ടുവായിട്ടാല്‍ പാലത്തിലെ ക്യാമറ ജാഗ്രതാസന്ദേശമയക്കും.

  • പ്രത്യേക പെര്‍മിറ്റ്

സ്വയംഭരണ പ്രദേശങ്ങളായ ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളുമായി ചൈനയെ ബന്ധിപ്പിക്കാനാണ് പാലം.

ഹോങ്കോങില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പെര്‍മിറ്റ് ആവശ്യമാണ്. കര്‍ശനമായ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് ദീര്‍ഘകാല പെര്‍മിറ്റ് നല്‍കും. ചൈനയ്ക്ക് കൃത്യമായി നികുതി നല്‍കുന്നവര്‍ക്കും ഈ പെര്‍മിറ്റുണ്ടാവും. കൂടാതെ, ദക്ഷിണ ചൈനീസ് പ്രവിശ്യയാ ഗ്വാങ്‌ഡോങില്‍ കാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ചില രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാര്‍ക്കും ദീര്‍ഘകാല പെര്‍മിറ്റ് നല്‍കും. മറ്റുള്ളവര്‍ക്ക് സ്വകാര്യ ബസില്‍ കയറി യാത്രചെയ്യാം. പാലത്തില്‍ പൊതുവാഹനങ്ങള്‍ ഓടില്ല.

  • വിവാദങ്ങള്‍

പാലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഹോങ്കോങില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തങ്ങളുടെ നികുതി ഉപയോഗിച്ച് പണിത പാലത്തില്‍ എല്ലാവര്‍ക്കും യാത്ര ചെയ്യാന്‍ അനുമതി നല്‍കാത്തത് നീതിനിഷേധമാണെന്നാണ് ഇവരുടെ പ്രതികരണം.

 

അത്യാവശമല്ലാതിരുന്നിട്ടും രാഷ്ട്രീയപ്രേരിതമായി പാലം പണിതുവെന്നാണ് മറ്റൊരു വിവാദം. 2030 ലെ ട്രാഫിക് പ്രവചനം വച്ചാണ് പാലം പണിതിരിക്കുന്നതെന്നും ചൈനീസ് വിരുദ്ധ കക്ഷിയിലെ സാമാജികനായ എഡി ചു പറഞ്ഞു.

  • ലെഫ്റ്റ്- റൈറ്റ്

ഹോങ്കോങിലും മക്കാവുവിലും യാത്ര ഇടതുവശം ചേര്‍ന്നാണ്. ചൈനയിലാവട്ടേ വലതുവശവും. ഇതാണ് പാലത്തിലെ ഗതാഗതത്തില്‍ ഏറെ കുഴക്കലുണ്ടാക്കുന്നത്.

ചൈനയുടെ അതിര്‍ത്തിയെത്തിയാല്‍ വലതുവശം ചേര്‍ന്നുപോവണമെന്നാണ് ഗതാഗത വകുപ്പിന്റെ നിര്‍ദേശം. ഹോങ്കോങിലെ ഡ്രൈവര്‍മാര്‍ ചൈനയുട നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചുവേണം യാത്ര തുടരാന്‍.

 

പകുതിയില്‍ വച്ച് വാഹനം നിര്‍ത്തി വശംമാറിപ്പോവേണ്ട അവസ്ഥയാണിപ്പോള്‍.

  • പാലത്തിന്റെ രാഷ്ട്രീയം

യു.എസിലെ സിലിക്കണ്‍ വാലിയെ വെല്ലാന്‍ ഹോങ്കോങ്, മക്കാവു എന്നീ പ്രദേശങ്ങളെ ചൈനയിലെ 11 നഗരങ്ങളുമായി ബന്ധിപ്പിച്ച് പുതിയ ഹൈടെക്ക് മേഖല രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം. ഹോങ്കോങുമായി ചൈനയെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ബിഗ് ബജറ്റ് പദ്ധതികൂടിയാണിത്. കഴിഞ്ഞമാസം ഹോങ്കോങിലേക്ക് ഹൈ സ്പീഡ് റെയില്‍ ലിങ്ക് തുടങ്ങിയിരുന്നു.

 

ഹോങ്കോങിനു മേല്‍ കൂടുതല്‍ നിയന്ത്രണം കൈവശപ്പെടുത്താനാണ് പദ്ധതികള്‍ കൊണ്ട് ചൈനയുടെ ലക്ഷ്യമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഹോങ്കോങും മക്കാവുവും ചൈനയുടെ ഭാഗമാണെങ്കിലും രണ്ടും സ്വയംഭരണ പ്രദേശങ്ങളാണ്. സ്വന്തമായ സര്‍ക്കാര്‍, നിയമസംവിധാനം, നയങ്ങള്‍ ഉള്ള പ്രദേശങ്ങളാണിവ.

 

  • ഒന്‍പതു വര്‍ഷമെടുത്ത് 4,20,000 ടണ്‍ ഇരുമ്പുപയോഗിച്ചാണ് പാലം നിര്‍മിച്ചത്.
  • 6.7 കിലോ മീറ്റര്‍ ടണല്‍ കൂടി ഉള്‍പ്പെട്ടതാണ് പാലം. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ വേണ്ടി കടലിനടിയില്‍ കൂടിയാണ് ടണല്‍ നിര്‍മിച്ചിരിക്കുന്നത്.
  • രണ്ട് ദ്വീപുകള്‍ കൃത്രിമമായി നിര്‍മിച്ചിട്ടുണ്ട്.
  • ഭൂകമ്പത്തെയും ചുഴലിക്കാറ്റിനെയും അതിജീവിക്കാന്‍ പാലത്തിനാവുമെന്നാണ് അവകാശവാദം.
  • ആറു വരിപ്പാതയാണ് പാലത്തിലുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് യാത്ര ചെയ്യേണ്ടത്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.