2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

തേയിലത്തോട്ടത്തിലെ ആധുനിക അടിമകള്‍

ഷഫീഖ് മുണ്ടക്കൈ 9947315613

”5394.. പ്ലക്കിങ്..” 

എസ്റ്റേറ്റ് മസ്റ്റര്‍ ഓഫിസിലിരുന്നു പുറത്തുനില്‍ക്കുന്ന തൊഴിലാളിയെ നോക്കി റൈറ്റര്‍ പറഞ്ഞു.
തേയില പറിക്കാന്‍ പോകണമെന്നാണു പറഞ്ഞതിനര്‍ഥം.
തൊഴിലാളിക്ക് ഒരു പേരുണ്ടെങ്കിലും അതു വിളിക്കില്ല. ബ്രിട്ടീഷ് അധിനിവേശകാലത്തെ ഹാങ്ങോവര്‍ ഇനിയും വിടാത്ത സംസ്ഥാനത്തെ തോട്ടം മേഖലയിലെ ലക്ഷത്തിലധികം തൊഴിലാളികളാണ് ഇന്നും ജയില്‍പുള്ളികളെ പോലെ നമ്പറുകളില്‍ അറിയപ്പെടുന്നത്. ഉടയോനായി നാടു ഭരിച്ചിരുന്ന കാലത്തു തങ്ങളുടെ കീഴിലുള്ളവരിലേക്കും സംസ്‌കാരവും രീതികളും പകര്‍ന്നാണു ബ്രിട്ടീഷുകാര്‍ നാടു നീങ്ങിയത്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിമ, ഉടമ രീതിയില്‍ തന്നെയാണു തോട്ടം മേഖലയുടെ പോക്ക്. മറ്റു മേഖലകളില്‍ ഉടമയും തൊഴിലാളിയും തമ്മിലുള്ള അന്തരം കുറഞ്ഞെങ്കിലും തോട്ടംമേഖലയില്‍ ഉടമ പോയിട്ട്, എസ്‌റ്റേറ്റ് മാനേജരും തൊഴിലാളിയും തമ്മിലുള്ള അന്തരം പോലും ബ്രിട്ടീഷ് കാലത്തിനു സമാനമാണ്. ഇവര്‍ക്കിടയിലെ ‘പുണ്യാളന്മാരായ’ ഇടനിലക്കാരുമുണ്ട്, തൊഴിലാളി യൂനിയന്‍ നേതാക്കള്‍.

ചുരുക്കത്തില്‍, വെയിലും മഴയുമേറ്റ് അധ്വാനിച്ച് ഏറ്റവും കുറവു വേതനം കൈപ്പറ്റി ലയങ്ങളിലെ കുടുസ്സു മുറികളില്‍ ദുരിതംതിന്നു കഴിയുന്ന സാംസ്‌കാരികകേരളത്തിലെ ആധുനിക അടിമകളാണിപ്പോഴും തോട്ടം തൊഴിലാളികള്‍.

തെരഞ്ഞെടുപ്പുകളില്‍ ചില മേഖലകളില്‍ നിര്‍ണായക സ്വാധീനമാണെങ്കിലും യൂനിയനുകള്‍ വരച്ച വരക്കപ്പുറം കടക്കാന്‍ തുറന്ന ജയിലുകളിലെ അന്തേവാസികളായ തോട്ടം തൊഴിലാളികള്‍ക്കു കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സമ്മേളനങ്ങള്‍ വിജയിപ്പിക്കാനും ഇടയ്ക്കിടെ തങ്ങള്‍ രംഗത്തുണ്ടെന്നു വിളിച്ചറിയിക്കാന്‍ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് ആള്‍ക്കൂട്ടമാവാനും മാത്രമാണു തോട്ടം തൊഴിലാളികള്‍.

ഇതിനൊരു നേരിയ മാറ്റം 2015 സെപ്റ്റംബറില്‍ ഇടുക്കിയിലെ മൂന്നാറില്‍ ഉണ്ടായെങ്കിലും അങ്ങനെ സംഭവിച്ചാല്‍ നിലനില്‍പ്പ് അപകടത്തിലാകുമെന്നു ഭയന്ന അവിശുദ്ധകൂട്ടുകെട്ടുകള്‍ (ഇവരെ വേണമെങ്കില്‍ വിവിധ രാഷ്ട്രീയങ്ങളുള്ള സംയുക്ത ട്രേഡ് യൂനിയന്‍ എന്നു വിളിക്കാം) ഈ ഒരുമ തകര്‍ത്തു. മൂന്നാറില്‍ താല്‍ക്കാലികവിജയം നേടിയെങ്കിലും ഇതിനുശേഷവും തൊഴിലാളികളുടെ അവസ്ഥയ്ക്കു കാര്യമായ മാറ്റമുണ്ടായില്ല.
ചെയ്ത ജോലിക്കു കൃത്യമായി വേതനം ലഭിക്കണമെങ്കില്‍പ്പോലും സമരം നടത്തേണ്ട ഗതികേടാണിപ്പോഴും തൊഴിലാളികള്‍ക്ക്. ചന്നംപിന്നം പെയ്യുന്ന മഴക്കിടയില്‍ ഹോട്ടലിലിരുന്നു തോട്ടമുടമയെ വിളിച്ചു ‘ഒരു മാസത്തെ ശമ്പളം കൊടുക്ക്, ബാക്കി നമുക്കു പിടിച്ചുനിര്‍ത്താം’ എന്നു പറയുന്ന തൊഴിലാളി നേതാക്കളാണു സമരം നയിക്കുന്നതെന്ന വിരോധാഭാസവും നിലനില്‍ക്കുന്നു.

സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വീണ്ടും സമരകാഹളം മുഴങ്ങുകയാണ്. ശമ്പളം പുതുക്കി നിശ്ചയിക്കണം, ദിവസവേതനം 600 രൂപയാക്കണം, ലയങ്ങള്‍ നന്നാക്കണം, മറ്റു ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം, ശമ്പളം കൃത്യ സമയത്തു വിതരണം ചെയ്യണം. ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം…ആവശ്യങ്ങള്‍ നിരവധിയുണ്ട്. അല്ല, അവകാശങ്ങളാണവയിലധികവും. കാലങ്ങളായുള്ള തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍. ഭൂരിഭാഗവും തോട്ടം മേഖലയായ വയനാട്ടിലുള്‍പ്പെടെ സമരങ്ങള്‍ക്ക് തിരി കൊളുത്തി തുടങ്ങിയിട്ടുണ്ട്.

സംയുക്ത ട്രേഡ് യൂനിയന്‍ എന്ന ലേബലിന് പകരം വിവിധ ട്രേഡ് യൂനിയനുകള്‍ ഒറ്റക്കൊറ്റക്കാണ് സമരം (ആള്‍ബലം തെളിയാക്കാനാകും ഈ നീക്കം). സമരം ഭരണകൂടത്തിന് എതിരാകാതിരിക്കാന്‍ വേണ്ടപ്പെട്ടവര്‍ നേരത്തെ തന്നെ സമരം തുടങ്ങിയിട്ടുണ്ട്. ഒന്നുമറിയാതെ യൂനിയനുകള്‍ക്കൊപ്പം തൊഴിലാളികളും രംഗത്തിറങ്ങുകയാണ്.

സേവന വേതന വ്യവസ്ഥ പുതുക്കി നിശ്ചയിക്കേണ്ട കാലാവധി 2017 ഡിസംബര്‍ 31നാണ് അവസാനിച്ചത്. ജനുവരി മുതല്‍ പുതുക്കിയ ശമ്പളമാണ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ കാലാവധി കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും ശമ്പള പരിഷ്‌കരണം ഇതുവരെ നടന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി എട്ടു യോഗങ്ങള്‍ ആഘോഷപൂര്‍വം ചേര്‍ന്നു. ഇതില്‍ ആറു യോഗങ്ങള്‍ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്തു. രണ്ടു യോഗങ്ങള്‍ ശമ്പള പരിഷ്‌കരണ കാലാവധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ളതായിരുന്നു.

അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ പരമാവധി അഞ്ചു രൂപ വര്‍ധിപ്പാക്കാമെന്ന നിലപാട് മാനേജ്മന്റുകള്‍ ആവര്‍ത്തിച്ച് കൊണ്ടിരുന്നു. സംസ്ഥാനത്തെ തൊഴില്‍ വകുപ്പ് മന്ത്രിയെ യോഗത്തില്‍ പങ്കെടുപ്പിക്കാനോ, ഒന്നിച്ച് നിന്ന് മാനേജ്‌മെന്റിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്താനോ ട്രേഡ് യൂനിയനുകളും മെനക്കെട്ടില്ല.

യൂനിയനുകള്‍ സംയുക്തമായി ഒരു നിവേദനം മന്ത്രിക്ക് നല്‍കി എന്നു മാത്രമാണ് അറിയുന്നത്. ഇതിന്റെ തുടര്‍ നടപടികളെന്താണെന്നുള്ളതും അജ്ഞാതം.

301 രൂപയാണ് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ തേയിലത്തോട്ടത്തില്‍ വെയിലും മഴയുമേറ്റും അട്ടയുടേയും പുഴുവിന്റെയും കടി കൊണ്ടും കഷ്ടപ്പെടുന്ന തോട്ടം തൊഴിലാളിക്ക് ലഭിക്കുന്നത് (അതു തന്നെ കൃത്യമായി ലഭിക്കണമെങ്കില്‍ സമരവും നടത്തണം). ഇപ്പോള്‍ തുടങ്ങിയ സമരം ശക്തമായാല്‍ തന്നെ തൊഴിലാളിക്ക് കൂടുതലായി ലഭിക്കുക അഞ്ചോ, ഏറിയാല്‍ പത്തോ രൂപയാകും.

600 രൂപയാക്കണമെന്ന ഒന്നാമത്തെ ആവശ്യം ട്രേഡ് യൂനിയനുകള്‍ വിഴുങ്ങുകയും ചെയ്യും. 2015 സെപ്റ്റംബറിലെ മൂന്നാറിലെ പെണ്‍പിളൈ ഒരുമൈ സമരഘട്ടത്തില്‍ 500 രൂപ പ്രതിദിന വേതനമാക്കണമെന്ന ആവശ്യം 301ല്‍ അവസാനിച്ചത് പോലെ ഈ സമരവും അവസാനിക്കുമെന്നത് വരാനിരിക്കുന്ന യാഥാര്‍ഥ്യമാണ്.

ഇതിലപ്പുറം നേട്ടം തൊഴിലാളിക്ക് നേടിക്കൊടുക്കാന്‍ മാത്രം രാഷ്ട്രീയ വിശുദ്ധിയുള്ളവര്‍ പിന്നാമ്പുറത്തില്ലെന്ന സത്യം ചേര്‍ത്തുവായിക്കുമ്പോഴാണ് തൊഴിലാളിയുടെ വേതനം 350 പോലും കടക്കില്ലെന്നത് ഉറപ്പിച്ച് പറയാനാകുന്നത്.
നിയമപരമായി എസ്റ്റേറ്റ് മാനേജ്‌മെന്റുകള്‍ ഒരുക്കി നല്‍കേണ്ട തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ സംസ്ഥാനത്തെ തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് അന്യമായിട്ട് കാലങ്ങള്‍ ഏറെയായി.

തോട്ടം തൊഴിലാളികള്‍ക്കുള്ളത് എസ്‌റ്റേറ്റ് ഉടമകളാണ് നല്‍കേണ്ടതെന്ന പ്രാകൃത ചിന്താഗതിയാണിപ്പോഴും ഭരണകൂടങ്ങള്‍ക്കുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടേതുള്‍പെടെയുള്ള പല പദ്ധതികളിലും തോട്ടം തൊഴിലാളികള്‍ എന്നും പുറത്താണ്. സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്ത തോട്ടംതൊഴിലാളി സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതി ലിസ്റ്റിലും കാര്യമായി ഉള്‍പ്പെട്ടിട്ടില്ല.

തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച ഒരു സമര വിജയവും ഇതുവരെയുണ്ടായിട്ടില്ല.
തോട്ടമുടകളുടെ പ്രതിസന്ധിയും പരിഗണിച്ചായിരുന്നു എല്ലാ സമയത്തും ട്രേഡ് യൂനിയനുകള്‍ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇതേ ആശയങ്ങളുള്ള യൂനിയനുകള്‍ സര്‍ക്കാര്‍, പെതുമേഖലാ സമരങ്ങളില്‍ സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനത്തിന്റെയോ നഷ്ടങ്ങള്‍ പരിഗണിക്കാതെയാണ് ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നത്. അടിമകളായ തോട്ടം തൊഴിലാളികളുടെ കാര്യത്തിലാകുമ്പോള്‍ മാത്രമാണ് ഉടമകളുടെ നഷ്ടം കണക്കാക്കപ്പെടുന്നത്.

ഇതിനെതിരേ മൂന്നാറില്‍ കണ്ട മാറ്റത്തിന്റെ സൂചന അടിച്ചമര്‍ത്തിയെങ്കിലും വിദൂരത്തല്ലാതെ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ കൈകോര്‍ക്കുന്ന ‘അടിമകളുടെ വിപ്ലവത്തിന്’ സാധ്യതയേറെയാണ്.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.