2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഹജ്ജ് 2018: ബലിമാംസ വിതരണം വിപുലപ്പെടുത്തുന്നു; ഇന്ത്യയടക്കം കൂടുതല്‍ ഹജ്ജ് മിഷനുകള്‍ സഹകരിക്കും

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഹജ്ജിനൊടനുബന്ധിച്ചുള്ള ബലിയറുക്കുന്നതിന്റെ മാംസം വിതരണത്തിന് ഈ വര്ഷം കൂടുതല്‍ രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ സഹകരിക്കും. ബലിമാംസ വിതരണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇതുമായി സഹകരിക്കുന്നത്. ലോകത്തെ ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിലെ പാവങ്ങള്‍ക്ക് എത്തിക്കുന്ന ബലിമാംസ വിതരണ പദ്ധതിയില്‍ സഹകരിക്കാന്‍ വിവിധ ഹജ്ജ് മിഷനുകള്‍ ധാരണയിലെത്തിയിട്ടുണ്ട്. സഹകരണം നല്‍കാമെന്നേറ്റ് കൂടുതല്‍ രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ ധാരണയായതായി പദ്ധതി ജനറല്‍ സൂപ്പര്‍ വൈസര്‍ റഹീമി അഹമ്മദ് റഹീമി പറഞ്ഞു.

ലോകത്തെ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന രാജ്യങ്ങളിലേക്കാണ് ബലിമാംസം കയറ്റി അയക്കുന്നത്. ഇത്തരം രാജ്യങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ബലിമാംസം കയറ്റി അയക്കാന്‍ പദ്ധതി. ഹജ്ജ് വേളയില്‍ ബലിയറുക്കുന്ന മൃങ്ങളുടെ ഇറച്ചി മക്കയില്‍ അല്പമാണ് വിതരണം ചെയ്യാറുള്ളത്. ബാക്കി മുഴുവനും ഇത്തരം രാജ്യങ്ങളിലെക്ക് കയറ്റി അയക്കുകയാണ് ചെയ്യുക. ഇങ്ങനെ വിതരണം ചെയ്യുന്നതിനാണ് വിവിധ ഹജ്ജ് മിഷനുകള്‍ ധാരണയിലെത്തിയത്.

ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കി, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിലുള്‍പ്പെടും. കഴിഞ്ഞ വര്‍ഷം 4,20,000 ബലിമൃഗങ്ങളെയാണ് ഇത്തരത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറുത്തത്. ശാസ്ത്രീയമായി ബലി നടത്തി ഇറച്ചിയും മറ്റും വേര്‍തിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വിപുലമാണ് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി, ആരോഗ്യ മേഖലയില്‍ ഒരു പ്രയാസവുമുണ്ടാക്കാതെ നടത്തുന്ന പദ്ധതി ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ക്ക് നേരിട്ട് വന്നു കാണാനും അവസരമൊരുക്കുമെന്നു അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മൂന്നു കോടി ദരിദ്രര്‍ക്ക് ബലിമാംസം വിതരണം ചെയ്തിരുന്നു. അഭയാര്‍ത്ഥികളടക്കം ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 27 രാജ്യങ്ങളിലെ ദരിദ്രര്‍ക്കായിരുന്നു പ്രധാനമായും വിതരണം ചെയ്തിരുന്നത്. ബലിമാംസ പദ്ധതിക്കായുള്ള ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ ‘അദാഹി’ പദ്ധതി പ്രകാരമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ബലിമാംസ വിതരണം നടത്തിയത്. ആദ്യകാലങ്ങളില്‍ ഹജ്ജിനെത്തുന്നവരില്‍ ബലിയറുക്കുന്നവര്‍ തന്നെ മാംസം കൊണ്ട് പോകാറായിരുന്നു പതിവ്. എന്നാല്‍ ബാക്കി വരുന്ന മാംസം ഇവിടെ തന്നെ അവശേഷിക്കുന്നത് വര്‍ധിച്ചതോടെയാണ് പുതിയ പദ്ധതിയുമായി സഊദി ഭരണകൂടം 2000 ത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദരിദ്രര്‍ക്ക് ബലിമാംസം കയറ്ററി അയക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.