2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മധ്യപ്രദേശില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കിയില്ല; കോണ്‍ഗ്രസില്‍ ചേര്‍ന്നു

 

ഭോപ്പാല്‍: മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ സര്‍താജ് സിങാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് അഞ്ചാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുകയും ചെയ്തു.

ബി.ജെ.പി വിട്ടെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, ഹൊഷന്‍ഗാബാദില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി സര്‍താജ് സിങിനെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. മധ്യപ്രദേശ് അസംബ്ലി സ്പീക്കര്‍ സീതാശരണ്‍ ശര്‍മ്മയാണ് ബി.ജെ.പിയില്‍ നിന്നുള്ള എതിരാളി.

സിയോണി- മാല്‍വയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായിരുന്നു 71 കാരനായ സര്‍താജ് സിങ്.

230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 225 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ഇനി അഞ്ചെണ്ണം പ്രഖ്യാപിക്കാനിരിക്കുകയാണ്.

മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ശിവരാജ് സിങ് ചൗഹാന്‍ മത്സരിക്കുന്ന ബുധ്‌നിയാണ് പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള ഒരു മണ്ഡലം. കനത്ത ഒരു പോരാളിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഊഴം കാത്തുനില്‍ക്കുന്നത്.

ഇത് മൂന്നാമത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. നേരത്തെ, സഞ്ജയ് ശര്‍മ, പത്മ ശുക്ല എന്നിവര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.