
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ പരാതിയും പ്രശ്നങ്ങളും കേള്‍ക്കാന്‍ മെസേജിങ് ആപ്പായ വാട്സആപ്പ് ഇന്ത്യയില്‍ പരാതി ഓഫിസറെ നിയമിച്ചു. വ്യാജ വാര്‍ത്താ പ്രശ്നത്തില്‍ സുപ്രിംകോടതി ഇടപെട്ട് വിമര്‍ശനമുന്നയിച്ചതോടെയാണ് വാട്സ്ആപ്പ് ഇന്ത്യയില്‍ പ്രതിനിധിയെ നിയമിച്ചത്.
കൊമാല്‍ ലാഹിരിയെ ആണ് വാട്സ്ആപ്പ് ഇന്ത്യയ്ക്കു വേണ്ടി നിയമിച്ചത്. വാട്സ്ആപ്പില്‍ ഗ്ലോബല്‍ കസ്റ്റമര്‍ ഓപ്പറേഷന് ഡയരക്ടറാണ് ഇവര്‍.
കമ്പനിയുടെ സഹായസംഘത്തെ ആപ്പ് സെറ്റിങ്സില്‍ പോയി നേരിട്ട് ബന്ധപ്പെടാം. പരാതി നല്കാനുദ്ദേശിക്കുന്നുണ്ടെങ്കില് പരാതി ഓഫിസറെ ബന്ധപ്പെടുകയുമാവാം.
വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയും അതുമൂലം നിരവധി ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെയാണ് വാട്സ്ആപ്പിനെതിരെ സുരക്ഷിത പ്രശ്നം ഉയര്‍ന്നത്. വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണ ക്യാംപയിനും വാട്സ്ആപ്പ് തുടങ്ങിയിട്ടുണ്ട്.
200 മില്യണില്‍ അധികം ഉപയോക്താക്കളും, വാട്സ്ആപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. വ്യാജ വാര്‍ത്താ നിയന്ത്രണത്തിന്റെ ഭാഗമായി ‘ഫോര്‍വാര്‍ഡ്സ്’ ഒപ്ഷന്‍ അഞ്ചു പേര്‍ക്കു മാത്രമായി ചുരുക്കിയിരുന്നു. കൂടാതെ, ഫോര്‍വാര്‍ഡഡ് എന്ന് എഴുതിക്കാണിക്കാനും തുടങ്ങി.
ഇന്ത്യയുടെ നിയമങ്ങള്‍ പാലിച്ചല്ല വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നതെന്ന ഒരുകൂട്ടം ഹരജികള്‍ സുപ്രിംകോടതിയിലുണ്ട്. ഇവ പരിഗണിക്കുന്നതിനിടെ, എന്തുകൊണ്ട് ഇന്ത്യയില്‍ വാട്സ്ആപ്പിന് ഒരു ഉദ്യോഗസ്ഥന് ഇല്ലാത്തതെന്നും കോടതി ചോദിച്ചിരുന്നു.