2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സിറിയ: ഒരു പൊതി ഭക്ഷണത്തിന് പകരം പെണ്ണുടല്‍

പിണങ്ങോട് അബൂബക്കര്‍

കേള്‍ക്കാനറക്കുന്ന വാര്‍ത്തകളാണ് സിറിയയില്‍ നിന്നും കേള്‍ക്കുന്നത്. ഒരു ജനതയെ കുറെ രാഷ്ട്രങ്ങള്‍ ചേര്‍ന്നു കൊന്നുതീര്‍ക്കുന്ന അപമാനകരമായ വാര്‍ത്തകള്‍.

വരണ്ട ഭൂപ്രദേശമാണ് സിറിയയുടെത്. കാര്‍ഷിക രാഷ്ട്രമായ സിറിയന്‍ അറബ് റിപബ്ലിക്കിന് നല്ലതാണധികവും പറയാനുണ്ടായി വന്നത്. ബാര്‍ലി, ഗോതമ്പ്, പരുത്തിയും പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍. ക്രൂഡ് ഓയില്‍, ഫോസ്‌ഫേറ്റ്, മാംഗനീസ് അയിര്‍, മാര്‍ബിള്‍ ഇവയാണ് പ്രകൃതി സിറിയക്ക് വേണ്ടി കരുതുവെച്ച കരുതലുകള്‍. ഭക്ഷണ നിര്‍മ്മാണം പുകയില, പെട്രോളിയം വ്യവസായ അടിത്തറയുമാണ്.

1,85,180 ച.കിലോ മീറ്റര്‍ വിസ്തൃതിയും 2008 ലെ കണക്ക് പ്രകാരം 19 മില്യണ്‍ ജനങ്ങളും ഇവിടെ അധിവസിക്കുന്നു. തുര്‍ക്കി, ജോര്‍ഡാന്‍, ഇറാഖ് , ലബനാന്‍ അതിര്‍ത്തിപങ്കിടുന്നു. 90 ശതമാനം മുസ്‌ലിംകളും, 10 ശതമാനം ക്രിസ്ത്യാനികളും ജൂതരും ഈ നാടിന്റെ മക്കളാണ്. അറബി, ഫ്രഞ്ച് , ഇംഗ്ലീഷ് , ഖുര്‍ദിഷ് ഭാഷകള്‍ സംസാരിക്കാനും മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ഹനഫീ മുസ്‌ലിംകളും കുറച്ച് ഭാഗം ശീഈകളുമാണ്. ഭരണം ശീഈ വിഭാഗമാണ് കയ്യാളിവരൂന്നത്. രണ്ടാം ഖലീഫ ഉമര്‍(റ) ന്റെ ഭരണകാലത്ത് (എ.ഡി.635-645) സിറിയയില്‍ ഇസ്‌ലാമിക് വേരോട്ടം ഉണ്ടായി. ഉമവികളാണ് ദമസ്‌കസ് (ദിമഷ്‌ക്) തലസ്ഥാനമായി പ്രഖ്യാപിച്ചത്.

തുര്‍ക്കിയുടെ അധീനതയില്‍ ഉണ്ടായിരുന്ന സിറിയ ഒന്നാം ലോക മഹായുദ്ധത്തില്‍ ഫ്രഞ്ച് കൈവശപ്പെടുത്തി. 1920 ല്‍ ഫ്രഞ്ച് കൈവശപ്പെടുത്തി. 1920 ല്‍ ഫ്രഞ്ചിന്റെ മാല്‍ഡേറ്റായി പ്രഖ്യാപിക്കപ്പെട്ടു. സ്വതന്ത്രസമരം തുല്യമായതിനെ തുടര്‍ന്ന് സിറിയയില്‍ നിന്നും ലബനോന്‍ എന്ന മറ്റൊരു രാഷ്ട്രം രൂപീകരിച്ചു, ഭിന്നിപ്പിച്ചു ഭരിക്കാന്‍ ഫ്രാന്‍സ് നടത്തിയ നീക്കം വിജയം കണ്ടില്ല.

രണ്ടാം ലോകമഹായുദ്ധാനന്തരം 1946 ല്‍ സിറിയ പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി. 1947 ല്‍ ഇസ്‌റാഈലുമായി ഉണ്ടായ യുദ്ധാനന്തരം 1946 ല്‍ സിറിയ ക്കേറ്റ പരാജയം പ്രഥമ പ്രസിഡന്റ് ശുക്‌രീ അല്‍ ഖുത്തീയുടെ രാജിയില്‍ കലാശിച്ചു. തുടര്‍ന്ന് പട്ടാള അട്ടിമറിയും, രാഷ്്ട്രീയ-ഭരണാസ്ഥിരതയും സിറിയയുടെ വളര്‍ച്ചയെ ബാധിച്ച ഘടകങ്ങളായിരുന്നു.

1970 ല്‍ ബാത്ത് പാര്‍ട്ടിയുടെ ഹാഫിദ് അല്‍ ആസാദ് അധികാരത്തില്‍ വന്നു. അയല്‍പക്ക രാഷ്ട്രങ്ങളുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുകയും, മികച്ച നയതന്ത്ര നീക്കങ്ങളിലൂടെ രാഷ്ട്രീയ സുരക്ഷിതത്വം തിരിച്ചുകൊണ്ടുവന്നു. മൂന്ന് പതിറ്റാണ്ടു നീണ്ട അസാദിന്റെ ഭരണം സിറിയയെ സാമ്പത്തിക-സൈനിക ശക്തിയാക്കിയില്ലെങ്കിലും പിടിച്ചു നില്‍ക്കാന്‍ പ്രാപ്തമാക്കിയിരുന്നു.

ഏകാധിപത്യത്തിന്റെ സഹജഫലങ്ങളായ അഴിമതി, ഭരണ സംവിധാനങ്ങളുടെ ഷണ്ഡീകരണം വെള്ളാനകള്‍ ഇതൊക്കെ അസ്വസ്തതകള്‍ ഉണ്ടാക്കിയിരുന്നു. പൗരന്‍മാരുടെ അതൃപതിക്ക് പട്ടാളത്തിന്റെ തോക്കുകൊണ്ടും ജയിലുകള്‍ കൊണ്ടും മറുപടി നല്‍കുന്ന പതിവ് നിലപാടുകള്‍ സിറയയുടെ ആഭ്യന്തരഘടന ദുര്‍ബലമാക്കി.

2000 ത്തില്‍ അസാദ് അന്തരിച്ചു. മകന്‍ ഡോക്ടര്‍ ബശാര്‍ അല്‍-ആസാദ് അധികാരമേറ്റു. ഭരണപരമായ പരാജയക്കുറവ്, സാധാരണ പൗരന്മാരില്‍ നിന്നുള്ള അകല്‍ച്ച, സുഖലോലുപത, റഷ്യ ഉള്‍പ്പെടെയുള്ള നാടുകളുമായി വഴിവിട്ട അടുപ്പം, ഇറാന്റെ സ്വാധീനം ഇത്തരം ഘടകങ്ങള്‍ ഒത്തുവന്നപ്പോള്‍ സിറിയ ആഭ്യന്തര ഘടനയെ രാജകത്വത്തിലേക്ക് വഴുതിവീണു. ജനപക്ഷ ശബ്ദം പരിഗണിക്കാതെ അടിച്ചമര്‍ത്താനുള്ള ബാഹ്യശക്തികളുമായും ആയുധ വ്യാപാരികളുമായും ഉപദേശം ബശാറിനെ വീണ്ടും അപജയത്തിലേക്ക് തള്ളിയിട്ടു. മുല്ലപ്പൂവിപ്ലവം ഉയര്‍ത്തിയ തലമുറം മാറ്റം തീവ്രവാദികള്‍ വഴിതിരിച്ചു വിട്ടു. അമേരിക്ക, തുര്‍ക്കി, സഊദി അറേബ്യ, യു.എ.ഇ തുടങ്ങിയ ശക്തികളുടെ പിന്തുണയോടെ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്നു. 2011 ഓടെ സിറിയ കടുത്ത പോരാട്ട ഭൂമിയായി മാറി. സാമ്രാജ്യ ശക്തികളുടെ ആയുധ വിപണികളുടെ ഇരകളായി സിറിയക്കാര്‍ മാറുകയായിരുന്നു.

ഇതിനകം അഞ്ചുലക്ഷം പേര്‍ക്ക് ജീവഹാനി നേരിട്ടു. ഇതില്‍ ധാരാളം സ്ത്രീകളും കുട്ടികളും പെടും. ലബനോനിലെ ശീഈ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുല്ലയും സിറിയയില്‍ ബശാറിനൊപ്പം ചേര്‍ന്നു മനുഷ്യക്കുരുതിക്ക് പങ്കാളിത്തം വഹിച്ചുവരുന്നു. അമേരിക്ക, തുര്‍ക്കി ഉള്‍പ്പെടുന്ന വിമതപക്ഷ സഹായികള്‍ ഫലത്തില്‍ സിറിയയില്‍ അരാജകത്വവും മനുഷ്യനാശവും കൂട്ടുകയാണ്.

2016 ഫെബ്രുവരി ഏഴിന് മക്കയില്‍ നിന്നു മദീനയിലേക്കുള്ള യാത്രാമധ്യേ സിറിയക്കാരനായ ബസ് ഡ്രൈവര്‍ ആദില്‍ തന്റെ നാട്ടുകാരുടെ അവസ്ഥ രോഷത്തോടെ വിവരിച്ചത് ഇപ്രാകരമാണ്.

ബശാറും അമേരിക്കയും റഷ്യയും ഞങ്ങളെ അടിക്കുന്നു. മരണ ഭയമില്ലാത്ത കുട്ടികളോ, സ്ത്രീകളോ ഇല്ലാതായി. ഏതവസരത്തിലും പട്ടാളത്തിന്റെ തോക്ക് ശബ്ദിക്കും. വിമാനത്തില്‍ നിന്നും ബോംബ് വീഴും. തീവ്രവാദികള്‍ അല്‍പ്പവും ദയയില്ലാത്ത കഠിനഹൃദയരാണ്. അവരുടെ സംശയത്തില്‍ പെട്ടാല്‍ പോലും മരണം വിധിക്കും.

പുറംലോകത്തു പണിയെടുക്കുന്ന താനുള്‍പ്പെടെയുള്ളവര്‍ക്ക് മനസമാധാനത്തോടെ ഒരു രാത്രിയും ഉറങ്ങാനോ പകലില്‍ പണിയെടുക്കാനോ കഴിയില്ല. ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ അതാണ്. ഇസ്‌റാഈല്‍ ഉള്‍പ്പെടെയുള്ള ദ്രോഹ ശക്തികളെ സഹായിക്കാനാണ് ഫലത്തില്‍ ഇറാനും ഐ.എസും ഈ ഗൂഡാലോചന നടത്തുന്നത്. സിറിയയില്‍ അടുത്തെങ്ങാനും നീതി പുലരുമെന്നും കരുതുന്നില്ല.

സമാധാന ചര്‍ച്ചകള്‍ ഒരുവശത്ത് തുടങ്ങുമ്പോള്‍ കൊലയും തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലല്ലാതെ പ്രവര്‍ത്തിയിലില്ല. സിറിയയുടെ സാംസ്‌കാരിക ശേഷിപ്പുകള്‍ ഇതിനകം തകര്‍ത്തുതീര്‍ത്തു. പുരാതന നിര്‍മ്മിതികളും പള്ളികളും ബോംബുവര്‍ഷത്തില്‍ നാമാവശേഷമായി. ഐ.എസ് ഭീകരരും വിമതരും ബശാറും മത്സരിച്ചാണ് സിറിയ നിലംപരിശാക്കുന്നത്.

അങ്ങാടികള്‍ വിജനം, കലാലയങ്ങള്‍ നാശോന്മുഖം, ആരാധനാലയങ്ങളില്‍ ആര്‍ത്തനാദം. മരുന്നും ഭക്ഷണവും ഇല്ല. വെളിച്ചവും വെള്ളവും നിഷേധിക്കപ്പെട്ടിരിക്കുന്നു. താര്‍ത്താരികളും ചെങ്കിസ്ഖാനും മാനവീകത ബലാല്‍ക്കാരം ചെയ്തതിനേക്കാള്‍ ക്രൂരമാണ് ബശാറും സംഘവും ഇപ്പോള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍.

അന്താരാഷ്ട്ര റെഡ്‌ക്രോസ് സംഘം പൊതിച്ചോറിന് പകരം പെണ്ണുടല്‍ വിലപേശി സ്ത്രീത്വത്തെ അപമാനിക്കുന്നു. അഭയാര്‍ഥി ക്യാംപുകളിലും ഒറ്റപ്പെട്ട വീടുകൡും സ്ത്രീകള്‍ ഈ കശ്മലന്മാര്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഒരു പൊതി ആഹാരത്തിനു വേണ്ടി മാനം വില്‍ക്കേണ്ടിവരുന്ന അവസ്ഥ എട്ട് വര്‍ഷമായി തുടരുമ്പോഴും അന്താരാഷ്ട്ര സമൂഹം പക്ഷംപിടിച്ച് അധര്‍മ്മത്തിന് കൂട്ടുനില്‍ക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News