2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കലന്ദറുകളുടെ കാവല്‍

എം. നൗഷാദ്

ഏറെയൊന്നും സാഹിത്യഭംഗി അവകാശപ്പെടാനില്ലെങ്കിലും ദക്ഷിണേഷ്യന്‍ ഖവാലി പാരമ്പര്യത്തില്‍ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ കലാം ആണ് ‘ലാല്‍ മേരി പത്’ എന്ന് തുടങ്ങുന്ന ഗാനം. പാടിപ്പാടിയും ഇടക്ക് പറഞ്ഞും നിമിഷകവനങ്ങളിലൂടെ പുരോഗമിക്കുകയും മറ്റേതോ ലോകത്തിന്റെ സ്വരവിന്യാസങ്ങളിലൂടെ ദിവ്യാനുരാഗവിവശമായ ആനന്ദാതിരേകം സ്വയം അനുഭവിക്കുകയും കേള്‍വിക്കാരെ അതില്‍ ലയിപ്പിക്കുകയും ചെയ്യുന്ന മായാജാലം ഏറ്റവും പ്രകടമാകുന്ന ഒരു ഖവാലി കൂടിയാണിത്. ഇതിഹാസഗായകരുടേതുള്‍പ്പെടെ എണ്ണമറ്റ ഭാഷ്യങ്ങളും ശൈലികളും വരിവ്യത്യാസങ്ങളും ഇതിനുണ്ട്. ഖവാലിയുടെ പൊതുചരിത്രം വച്ചുനോക്കുമ്പോള്‍ പതിമൂന്നാം നൂറ്റാണ്ടു മുതലേ പാടിപ്പോരുന്ന ഒരു നാടന്‍ മിസ്റ്റിക് കവിതയെ സംബന്ധിച്ച് അതിസ്വാഭാവികമാണാ വൈവിധ്യം.

പതിമൂന്നാം നൂറ്റാണ്ടിലെ സിന്ധില്‍ ജീവിച്ചിരുന്ന സൂഫീവര്യനായിരുന്നു ഷഹബാസ് കലന്ദര്‍. ഏകാകികളായി അലഞ്ഞുതിരിയുന്ന സൂഫികളെ ദക്ഷിണേഷ്യയില്‍ പൊതുവെ വിശേഷിപ്പിക്കുന്ന പേരാണ് കലന്ദറുകള്‍ എന്നത്. മൗലികമായി ആന്തലൂസിലെ കലന്ദര്‍ യൂസുഫ് അല്‍ അന്തലൂസിയയില്‍ നിന്നുതുടങ്ങുന്നു അവരുടെ സില്‍സില. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഖുറാസാനിലും മറ്റുദേശങ്ങളിലും ജനകീയമായിരുന്ന കലന്ദരികളെ മുസ്ലിം ആത്മീയമണ്ഡലം സമാദരിക്കുകയും പലപ്പോഴും വലിയ്യുകള്‍ക്കും മീതെയുളള പദവി നല്‍കിപ്പോരുകയും ചെയ്തു. ദിവ്യാനുരാഗസീമയില്‍ മതിഭ്രമത്തിലെന്നു തോന്നിക്കുന്ന അവസ്ഥകളിലൂടെ കടന്നുപോകുന്ന കലന്ദറുകള്‍ എണ്ണമററ മനുഷ്യര്‍ക്ക് ശമനവും വെളിച്ചവും നല്‍കുന്നു. ഇമാം ഹുസൈന്റെ പിന്തുടര്‍ച്ചക്കാരനായി ഗണിക്കപ്പെടുന്ന ഷഹബാസ് കലന്ദര്‍ പലപേരുകളില്‍ അറിയപ്പെട്ടിരുന്നു. മുസ്ലിംകള്‍ക്കു പുറമെ സിന്ധിലെ ഹൈന്ദവസമുദായവും അദ്ദേഹത്തെ ആദരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തുപോന്നു. ത്സൂലേലാല്‍ എന്ന തങ്ങളുടെ ദൈവത്തിന്റെ അവതാരമായിപ്പോലും ഷഹബാസ് കലന്ദറിനെ സിന്ധിഹൈന്ദവര്‍ കരുതിപ്പോന്നു. സദാ ചെമന്നവേഷമണിഞ്ഞു നടന്നിരുന്ന ഷഹബാസ് കലന്ദറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ അനുയായികളും ചെമപ്പമണിഞ്ഞു ജീവിക്കുന്നു, വിശിഷ്യാ കലന്ദറിന്റെ മഖ്ബറ നിലകൊളളുന്ന സെഹ്‌വാനിലും സമീപദേശങ്ങളിലും. മഹാന്മാരുടെ ശവകുടീരത്തില്‍ വിളക്ക് തെളിയിക്കുക എന്നത് ആഗ്രഹനിവൃത്തിക്കുള്ള ഒരു സ്‌നേഹോപഹാരമായി കരുതപ്പെടുന്നുണ്ട് ചില ദര്‍ഗ്ഗകളില്‍. അതേപ്പററിയുളള പരാമര്‍ശം കവിതയില്‍ വരുന്നുണ്ട്.

ലാല്‍ മേരി പത്

ചെമപ്പണിഞ്ഞ എന്റെ വന്ദ്യഗുരോ,
സിന്ധിന്റെ തോഴനേ,
സെഹ്‌വാന്റെ യജമാനനേ
ഷഹബാസ് കലന്ദര്‍,
നിന്റെ കാവലെന്നുമെനിക്കുണ്ടാകണേ…

നിശ്വാസമോരോന്നിലും
ദിവ്യാനുരാഗലഹരി പിടിച്ചുഴലുന്നു കലന്ദര്‍
ഓരോ ശ്വാസത്തിലുമുള്ളില്‍ അലി,
അലിയെന്ന സ്‌നേഹം.

നിന്റെ മഖാമിലെപ്പോഴും കത്തുന്നു
നാല് ചെരാതുകള്‍,
അഞ്ചാമതൊരെണ്ണം തെളിയിക്കാനിതാ
ഞാന്‍ വരുന്നു.
അഞ്ചാമത്തേതു തെളിയിക്കണമെനിക്ക്.
സിന്ധിന്റെ തോഴനേ,
സെഹ്‌വാന്റെ യജമാനനേ
ഷഹബാസ് കലന്ദര്‍…
നിന്റെ കാവലെന്നുമെനിക്കുണ്ടാകണേ..

ഹിന്ദിലും സിന്ധിലുമെങ്ങും
മണികളായ് മുഴങ്ങട്ടെ നിന്റെ നാമം,
തിളങ്ങട്ടെ നിന്റെ നായകത്തം
മണിമുഴങ്ങട്ടെ രാവിലുടനീളം നിനക്കായ്.

ചെമപ്പണിഞ്ഞ എന്റെ വന്ദ്യഗുരോ,
സിന്ധിന്റെ തോഴനേ,
സെഹ്‌വാന്റെ യജമാനനേ
ഷഹബാസ് കലന്ദര്‍…
നിന്റെ കാവലെന്നുമെനിക്കുണ്ടാകണേ

നിനക്ക് ക്ഷേമമായിരിക്കട്ടെ, എങ്ങുമെപ്പോളും
നിന്റെ നന്മക്കായി തേടുന്നു ഞാന്‍
അലിയുടെ നാമത്തില്‍.
ചെമപ്പണിഞ്ഞ എന്റെ വന്ദ്യഗുരോ,
സിന്ധിന്റെ തോഴനേ,
സെഹ്‌വാന്റെ യജമാനനേ
ഷഹബാസ് കലന്ദര്‍…
നിന്റെ കാവലെന്നുമെനിക്കുണ്ടാകണേ…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News