2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

‘ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നു’; വിവാദ ഉത്തരവുമായി മേഘാലയ ഹൈക്കോടതി

 

ന്യൂഡല്‍ഹി: വിവാദ ഉത്തരവുമായി മേഘാലയ ഹൈക്കോടതി ജഡ്ജി. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അത് രാജ്യത്തെ വലിയ കുഴപ്പത്തില്‍ കൊണ്ടു ചെന്നെത്തിക്കുമെന്നും നരേന്ദ്രമോദിയെ പോലൊരു ഭരണാധികാരിക്കേ ഈ നീക്കത്തെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ആര്‍ സെന്‍ ഉത്തരവില്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യാ വിഭജനം മതാടിസ്ഥാനത്തില്‍ ആയതിനാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു. പക്ഷേ ഇന്ത്യ മതേതരരാജ്യമായി നിലനില്‍ക്കുകയാണ് ഉണ്ടായത്- ജസ്റ്റിസ് സെന്‍ പറഞ്ഞു. സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ സ്ഥിര താമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് നിരസിച്ചത് ചോദ്യംചെയ്യുന്ന ഹരജിയില്‍ വിധിപുറപ്പെടുവിക്കുന്നതിനിടെയാണ് ജഡ്ജി വിവാദ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തിയത്.

ഉത്തരവില്‍ വിവാദമായ വിവിധ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു വരുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍, ഗാരോസ് സമുദായങ്ങളോട് ഒരു ചോദ്യവും ഉന്നയിക്കാതെയും രേഖകള്‍ ആവശ്യപ്പെടാതെയും പൗരത്വം നല്‍കാന്‍ നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. (മുസ്്‌ലിംകള്‍ അല്ലാത്ത) ഈ സമുദായങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി നിയമ നിര്‍മാണം കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതിനായി തന്റെ ഉത്തരവിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എ. പോളിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. രാജ്യത്തെ നിയമവും ഭരണഘടനും അനുസരിച്ച് രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരു ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും കോടതി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയിലെ നിയമങ്ങളെ എതിര്‍ക്കുന്ന ഒരാളെ ഈ രാജ്യത്തെ പൗരനായി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയെ ആരും ഇസ്‌ലാമിക രാജ്യമാക്കിമാറ്റാന്‍ ശ്രമിക്കില്ല. അങ്ങനെ സംഭവിച്ചാല്‍, അതൊരു അന്ത്യദിനമായിരിക്കും. ഇതിന്റെ ഗൗരവം മനസ്സിലാക്കി അതിനനുസരിച്ചുള്ള നടപടികള്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കോടതിക്ക് ഉറപ്പുണ്ട്.

വിഭജന സമയത്ത് ലക്ഷക്കണക്കിന് സിഖുക്കാരും ഹിന്ദുക്കളും കൂട്ടക്കൊലക്കിരയാവുകയും ബലാല്‍സംഗത്തിനിരയാവുകയും സ്വത്തുവകകള്‍ നിര്‍ബന്ധിതമായി ഉപേക്ഷിക്കാനും ഇടയായിട്ടുണ്ട്. ഇവരുടെ ജീവിതവും അന്തസ്സും രക്ഷിക്കാന്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അവരെ നിര്‍ബന്ധിപ്പിക്കണം. വിഭജനത്തിന് ശേഷം പാക്കിസ്താന്‍ ഒരു ഇസ്‌ലാമിക രാജ്യമായി മാറി. എന്നാല്‍, മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട ഇന്ത്യ ഒരു ഹിന്ദു രാജ്യമായി പ്രഖ്യാപിക്കപ്പെടണമായിരുന്നു. പക്ഷേ, ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായി തുടരുകയാണുണ്ടായതെന്നും ഉത്തരവില്‍ ജഡ്ജി ചൂണ്ടിക്കാട്ടി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.