2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്തിന് നിരോധിച്ചു..?

#യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: ആഗോളമാന്ദ്യത്തില്‍പോലും നെഞ്ചുവിരിച്ചുനിന്ന ഇന്ത്യയുടെ സാമ്പത്തികഭദ്രതയെ തകര്‍ക്കുന്നതിന് കാരണമായ നോട്ടുനിരോധനത്തിന് ഇന്നേക്കു രണ്ടുവര്‍ഷം. വിനിമയത്തിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ 84 ശതമാനവും നിരോധിച്ച ആഘാതത്തില്‍നിന്ന് കാര്‍ഷിക, ചെറുകിട, ഇടത്തരം വ്യവസായരംഗം ഇനിയും രക്ഷപ്പെട്ടിട്ടില്ല. കള്ളപ്പണം തടയുക, കള്ളനോട്ട് നിര്‍ത്തലാക്കുക, ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നീ മൂന്നുകാരണങ്ങള്‍ പറഞ്ഞാണ് 2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. എന്നാല്‍ ഈ മൂന്നുകാരണങ്ങളില്‍ ഒന്നുപോലും നടപ്പാവുകയോ പൂര്‍ത്തീകരിക്കുകയോ ചെയ്തില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നവംബര്‍ എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ 18 തവണയാണ് കള്ളപ്പണമെന്ന വാക്ക് ഉപയോഗിച്ചത്. എന്നാല്‍ ഒരുമണിക്കൂറോളം നീണ്ട പ്രസംഗത്തിനിടെ കറന്‍സി രഹിത ഇടപാട്, ആദായനികുതി, ഡിജിറ്റല്‍വല്‍ക്കരണം എന്നീ പദങ്ങള്‍ ഉപയോഗിച്ചതേയില്ല. പിന്നീടുള്ള ദിവസങ്ങളിലാണ് കറന്‍സി രഹിത ഇടപാടുകളെക്കുറിച്ച് സര്‍ക്കാര്‍ സംസാരിച്ചത്.
എന്നാല്‍ അക്കാര്യത്തിലും കാര്യമായ നേട്ടം കൈവരിച്ചില്ല. ലക്ഷക്കണക്കിന് പേരുടെ തൊഴില്‍നഷ്ടവും നൂറിലേറെ പേര്‍ വരിനിന്നു മരിച്ചതുമെല്ലാം നോട്ട് നിരോധനത്തിന്റെ മറ്റു അനന്തരഫലങ്ങളാണ്.

കള്ളപ്പണം

നിരോധിക്കപ്പെട്ട നോട്ടിന്റെ 25 ശതമാനത്തോളം, അതായത് 4.5 ലക്ഷം കോടി രൂപയോളം ബാങ്കുകളില്‍ തിരിച്ചെത്തില്ല എന്നായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നതെന്ന് അറ്റോര്‍ണി ജനറല്‍ 2016 നവംബറില്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. തിരിച്ചെത്താത്ത പണം കള്ളപ്പണം ആണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ ഈ അവകാശവാദം പൊളിഞ്ഞു. കള്ളപ്പണമായി 2012-13 കാലത്ത് 19,337 കോടി രൂപയും 2013- 14 കാലത്ത് 90,391 കോടിയും പുറത്തുവന്നെങ്കില്‍ നോട്ട് നിരോധനശേഷം 34,526 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് പുറത്തുവന്നത്. നോട്ട് നിരോധനത്തിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സര്‍വേയില്‍ കള്ളപ്പണം കൂടുകയാണെന്ന് അഭിപ്രായപ്പെട്ടത് 60 ശതമാനം പേരാണ്.
നോട്ട് നിരോധനത്തിന്റെ മറവില്‍ മൂന്നുമുതല്‍ നാലുലക്ഷം കോടി രൂപയുടെ വരെ കള്ളപ്പണം വെളിപ്പിച്ചെന്ന മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ആരോപണവും ഇതോടു ചേര്‍ത്തുവായിക്കണം.

കള്ളനോട്ട്

എക്കാലത്തെക്കാളും കള്ളനോട്ടിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായതാണ് റിപ്പോര്‍ട്ട്. ബാങ്കുകളില്‍ നിക്ഷേപിക്കാനെത്തുന്ന നോട്ടുകളില്‍ വ്യാജന്‍ ഉള്‍പ്പെടുന്ന കേസുകള്‍ 480 ശതമാനമായാണ് വര്‍ധിച്ചത്. ഇടപാടുകാര്‍ക്ക് പിരിചിതമല്ലാത്ത പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അടിച്ചിറക്കിയത് വ്യാജനോട്ട് അടിക്കുന്ന സംഘത്തിന് സഹായകരമായെന്നാണ് വിലയിരുത്തല്‍. കള്ളനോട്ട് പെരുകിയത് കാരണം 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുമെന്നുവരെ റിപ്പോര്‍ട്ട് ഉണ്ടായെങ്കിലും സര്‍ക്കാര്‍ അത് തള്ളുകയായിരുന്നു.

ഭീകരപ്രവര്‍ത്തനം

ഭീകരരുടെ പ്രധാന സാമ്പത്തിക ഉറവിടം കള്ളനോട്ടും കള്ളപ്പണവും ആയതിനാല്‍ അത് ഇല്ലാതാവുന്നതോടെ ഭീകരപ്രവര്‍ത്തനം പൂര്‍ണമായി നിലക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, ഈ വാദവും പൊള്ളയാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.