2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റൂമിയുടെ നഗരത്തില്‍

''നിങ്ങള്‍ ആരായാലും വരൂ. അവിശ്വാസിയോ പ്രാകൃതമതക്കാരനോ അഗ്നിയാരാധകനോ ആരായാലും നിങ്ങള്‍ വരൂ. നമ്മുടേത് നൈരാശ്യത്തിന്റെ സഹോദരസംഘമല്ല. നിങ്ങളൊരുപക്ഷെ, ആയിരം തവണ പശ്ചാത്താപ ഉടമ്പടികള്‍ ലംഘിച്ചിട്ടുണ്ടാവാം. എങ്കിലും വരൂ.''
റൂമി ഇങ്ങനെ വിളിക്കുമ്പോള്‍ പോകാതിരിക്കുവതെങ്ങനെ! എട്ടുനൂറ്റാണ്ടുകള്‍ക്കുമുന്‍പ് പേര്‍ഷ്യന്‍ സൂഫി കവി ജലാലുദ്ദീന്‍ റൂമി കൊളുത്തിവച്ച പ്രണയദീപം ഇന്നും അണഞ്ഞിട്ടില്ല. എന്നല്ല, അതൊരു തീജ്വാലയായി പ്രണയികളുടെ ദേഹങ്ങളിലൂടെ
പടര്‍ന്നുകൊണ്ടിരിക്കുകയാണ്. റൂമിയെ അറിഞ്ഞവരാരും ആ വെളിച്ചത്തില്‍ ഉരുകിച്ചേരാന്‍ കൊതിക്കാത്തവരുണ്ടാകില്ല. ആ കൊതിയില്‍ റൂമി ജീവിച്ച, അന്തിയുറങ്ങുന്ന നാടുകാണാന്‍ പോയതിന്റെ അനുഭവം പങ്കുവയ്ക്കുകയാണു ലേഖകന്‍

ഫാസില്‍ ഫിറോസ് ഫോട്ടോ: മുഫീദ് തയ്യിലത്തൊടി

ഇസ്താംബൂളില്‍നിന്ന് 716 കിലോമീറ്ററകലെ തുര്‍ക്കിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറുനഗരമാണ് കൊനിയ. വിശ്രുത സൂഫി ഗുരുവും പേര്‍ഷ്യന്‍ കവിയുമായ റൂമിയും ‘സമ’യുമാണ് എന്നെ ഈ നഗരത്തിലെത്തിച്ചത്. മറ്റൊരു നിലക്കു പറഞ്ഞാല്‍ സിയാവുദ്ദീന്‍ സര്‍ദാറിന്റെ ‘സ്വര്‍ഗം തേടി നിരാശയോടെ’ എന്ന ആത്മകഥാ പുസ്തകത്തിലെ ചില താളുകളും എലിഫ് ഷെഫക്കിന്റെ The Forty Rules of Love എന്ന നോവലിന്റെ പ്രതലങ്ങളുമാണ് എന്നില്‍ ഈ നഗരത്തെ നിറച്ചത്.
പതിനൊന്ന് മണിക്കൂര്‍ യാത്ര ചെയ്ത് കൊനിയയില്‍ വണ്ടിയിറങ്ങുമ്പോള്‍ ആദ്യം തന്നെ കേട്ടത് സമാ സംഗീതമായിരുന്നു. കൊനിയ ബസ് സ്റ്റാന്‍ഡിലെത്തുന്ന ഏതൊരാളെയും സ്വീകരിക്കുന്നത് സമയുടെ മൃദുലമായ സിംഫണികളാണ്. ടര്‍ക്കിഷ് സംവിധാകന്‍ ഫാതിഹ് അക്കിന്റെ Crossing the Bridge: The Sound of Istanbul എന്ന ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ പറയുന്ന പോലെ If you want to know a civilization you should listen to its music, music can reveal you everything about a place(ഒരു നാഗരികതയെക്കുറിച്ച് അറിയണമെങ്കില്‍ അതിന്റെ സംഗീതം ശ്രവിക്കുക! സംഗീതം ഒരു സ്ഥലത്തെപ്പറ്റി സകലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരും!).

എന്നെ സ്വീകരിക്കാനെത്തിയ സുഹൃത്ത് മുഹമ്മദലിയെ തിരയുന്നതിനിടയിലാണ് Koniya: the city of hearts എന്ന ബോര്‍ഡ് കാണുന്നത്. ഇസ്താംബൂളിലെ ബഹളമയമായ നഗരത്തിരക്കുകളില്‍നിന്ന് കൊനിയയിലെത്തുമ്പോള്‍ ശാന്തസുന്ദരമായ, മൗനത്തിലാണ്ടുപോയ ഒരു നഗരത്തെയാണ് അനുഭവപ്പെടുക. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന നിശബ്ദമായ നഗരം. റൂമിയുടെ ആത്മാവുണ്ടായതുകൊണ്ടാകാം നഗരം ശാന്തവും സുന്ദരവും പ്രണയാര്‍ദ്രവുമാണ്.

സ്വര്‍ഗം തേടിയുള്ള യാത്രകളില്‍ സര്‍ദാറിന്റെ ‘സ്വര്‍ഗം തേടി നിരാശയോടെ’ ഞാന്‍ പലതവണ വായിച്ചിരുന്നു. റംസീസ് രണ്ടാമന്‍ തന്റെ പെണ്‍മക്കളിലൊരാളെ ഇവിടെവച്ചാണു വിവാഹം കഴിച്ചതെന്നും, ബര്‍ണബാസ് അപ്പോസ്തലനും അദ്ദേഹത്തിന്റെ ശിഷ്യന്‍ തിമോത്തിയും സുവിശേഷം പഠിപ്പിച്ചത് ഇവിടെയായിരുന്നുവെന്നും, ആദ്യ ക്രിസ്തീയ സമൂഹങ്ങളുടെ ജനനവും ആദ്യ ദൈവികസഭായോഗങ്ങളും നടന്നത് ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണെന്നുമുള്ള ചരിത്രം സര്‍ദാര്‍ കുറിച്ചിരുന്നു.

റംസീസ് രണ്ടാമന്‍ മുതല്‍ സല്‍ജൂക്ക് ഭരണകൂടംവരെയുള്ള കാലം പ്രതാപവും പ്രൗഢിയും ജീനിലുണ്ടെങ്കിലും റൂമിയുടെ കാലത്തായിരുന്നു കൊനിയ ജീവസുറ്റതായത്. മസ്‌നവിയുടെ കര്‍ത്താവ് എഴുതിയതായി കാണാം. ‘കൊനിയയില്‍ നേതാക്കള്‍ക്കും പ്രഭുക്കള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ആയിരക്കണക്കിനു വീടുകളും കോട്ടകളും കൊട്ടാരങ്ങളും ഉണ്ടായിരുന്നു. കൈത്തൊഴിലെടുക്കുന്നവരുടേതിനെക്കാള്‍ എത്രയോ പ്രൗഢിയുള്ളതായിരുന്നു വ്യാപാരികളുടെയും പണക്കാരുടെയും രമ്യഹര്‍മങ്ങള്‍. കച്ചവടക്കാരുടേതിനെക്കാള്‍ പ്രതാപം വിളിച്ചോതുന്നതായിരുന്നു അമീറുമാരുടെ കൊട്ടാരങ്ങള്‍. മറ്റെല്ലാറ്റിനെക്കാളും പ്രൗഢിയുള്ളതായിരുന്നു സുല്‍ത്താന്മാരുടെ കൊട്ടാരങ്ങളും അതിന്റെ കുംഭഗോപുരങ്ങളും.’

കൊനിയയില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന കാര്‍ഡ് എടുത്ത് ഫ്രഷ് ആകാന്‍ സുഹൃത്തുക്കള്‍ പഠിക്കുന്ന നജ്മുദ്ദീന്‍ അര്‍ബകാന്‍ യൂനിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് ട്രാം കയറി. അവിടെയെത്തി കുളിച്ച് ഫ്രഷായി ഇളം തണുപ്പില്‍ ജുമുഅ നിസ്‌കരിക്കാനായി ഹുദവി സുഹൃത്തുക്കളായ ഉമര്‍ ടി.എന്‍ പുരം, മുഹമ്മദലി, ശഫീഖ് എന്നിവര്‍ക്കൊപ്പം മൗലാനാ സിറ്റിയിലേക്ക് യാത്രയാരംഭിച്ചു. മൗനമായിരുന്നു യാത്രയ്ക്കു കൂട്ട്. കൊനിയക്കാര്‍ പൊതുവെ യാത്രയില്‍ സംസാരിക്കാറില്ലെന്നാണ് അവിടെ മൂന്നു വര്‍ഷമായി ജീവിക്കുന്ന മുഹമ്മദലി പറഞ്ഞത്. കൈയിലുള്ള ഇയര്‍ ഫോണെടുത്ത് ആബിദാ പര്‍വീന്‍ പാടിയ ആഖാ എന്നാ പാട്ട് കേട്ടു. ‘യേ സബ് തുമാരാ കറം ഹെ മൗല’ എന്ന വരികള്‍ ആബിദാജി പാടുമ്പോള്‍ കണ്ണില്‍ ഈറനണിഞ്ഞു.

നഗരത്തിന്റെ മധ്യത്തിലിറങ്ങിയപ്പോള്‍ കുടെയുള്ള സുഹൃത്തുക്കള്‍ കൊനിയയുടെ കഥ പറഞ്ഞുതന്നു. ചുറ്റുമുള്ള ഓരോ പ്രതിരൂപങ്ങള്‍ക്കും പള്ളികള്‍ക്കും പറയാനുള്ള കഥകള്‍ എന്നെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചു. ഭക്ഷണം കഴിക്കാനായി ഹോട്ടലുകള്‍ തപ്പിനടന്നപ്പോള്‍ കണ്ടത് അവയുടെ പേരുകളൊക്കെയും സൂഫിസം കൊണ്ട് അത്തര്‍ പുരട്ടിയതായിരുന്നു. ഉദാഹരണമായി സൂഫി കബാബ്, സൂഫി റെസ്റ്റൊറന്റ്, മത്അമ് മെവ്‌ലാന, സമാ റെസ്റ്റൊറന്റ്, ദര്‍വേഷ് ഹോട്ടല്‍ തുടങ്ങിയവ. കൊനിയന്‍ ജനതയുടെ ദൈനംദിന സംസ്‌കാരവും ജീവിതശൈലിയും ഈ ഹോട്ടല്‍ ബോര്‍ഡുകളിലും കടകളിലും പ്രകടമായിരുന്നു. അവസാനം സമാ റെസ്റ്റൊറന്റില്‍നിന്ന് കൊനിയന്‍ സ്‌പെഷല്‍ ടിഷ് ബൊറാക് കഴിച്ച് ജുമുഅ നിസ്‌കാരത്തിനായി ഞങ്ങള്‍ റൂമിയുടെ പള്ളിയിലേക്കു നടന്നു.

കൊനിയക്കാര്‍ റൂമിയെ മെവ്‌ലാന എന്നാണു വിളിക്കാറ്. ഇവിടത്തുകാരോട് റൂമിയുടെ പള്ളി എവിടെയെന്നു ചോദിച്ചാല്‍ അവരൊന്ന് ആലോചിക്കും. റൂമി എന്ന പദം പോലും നിങ്ങള്‍ക്ക് കൊനിയയിലെവിടെയും കാണാനാകില്ല. അവര്‍ക്ക് ‘ഉസ്താദ് ‘ എന്നര്‍ഥം വരുന്ന മെവ്‌ലാനയാണ് നമ്മുടെ റൂമി.

റൂമിയുടെ പള്ളിയില്‍നിന്ന് ജുമുഅ നിസ്‌കരിച്ചിറങ്ങിയപ്പോള്‍ കൂടെയുള്ള സുഹൃത്താണു പറഞ്ഞത് റൂമിയുടെ മഖ്ബറയുടെ പിന്‍വശത്ത് വിശ്രുത ഉറുദു കവി ഇഖ്ബാലിന്റെ പ്രതീകാത്മകമായ ഒരു ഖബറുണ്ടെന്നും അവിടെ ഒന്നുപോകാമെന്നും..! കേട്ടപ്പോള്‍ കൗതുകവും ആഹ്ലാദവും ആശ്ചര്യവുമെല്ലാം ഒരുമിച്ചനുഭവപ്പെട്ടു. ഒരു നിമിഷത്തേക്ക് എന്നില്‍നിന്ന് റൂമി ഇറങ്ങിപ്പോയി, മനസ് മുഴുവനും ഇഖ്ബാല്‍ നിറഞ്ഞുനിന്നു. പണ്ട് ഉസ്താദുമാര്‍ ചൊല്ലിപ്പഠിപ്പിച്ച കൂട്ടത്തില്‍ ഇഖ്ബാലിന്റെയും റൂമിയുടെയുമെല്ലാം കവിതകളുമുണ്ടായിരുന്നു. ഇഖ്ബാലിലാവട്ടെ റൂമി നിറച്ചും ഉണ്ടായിരുന്നു! ആ കവിതകളിലൂടെയായിരിക്കും റൂമിയെ ആദ്യമായി കേട്ടതും അറിഞ്ഞതും. അതുകൊണ്ടു തന്നെ ഈ അപ്രതീക്ഷിത കാഴ്ചയ്ക്ക് കൗതുകമേറെയായിരുന്നു.

ഇഖ്ബാലിന്റെ കവിതകള്‍ക്ക് മധുരം നല്‍കിയതൊക്കെയും റൂമിയുടെ ആത്മാവായിരുന്നു. ഇഖ്ബാല്‍ തന്റെ പുസ്തകങ്ങളിലെല്ലാം റൂമിയെ മനോഹരമായി ചിത്രീകരിച്ചു. റൂമിയാണു തന്നെ ഏറ്റവും സ്വാധീനിച്ച കവിയെന്ന് ഇഖ്ബാലിനെ പറയിപ്പിച്ചത് റൂമിയുടെ പ്രവാചകസ്‌നേഹവും മസ്‌നവിയിലെ ഖുര്‍ആന്‍ വ്യാഖ്യാന രീതിയുമായിരുന്നു. അതാണ് ഇഖ്ബാല്‍ പറഞ്ഞത്; The light of the Quran is hidden in his (Rumi’s) breast, the cup of Jam fades in the presence of his mirror.
റൂമിയുടെ ചാരത്ത്, ഇഖ്ബാലിനു പ്രതീകാത്മകമായി നിര്‍മിച്ച ഖബറിനടുത്ത് ഇങ്ങനെ എഴുതിവച്ചതായി കാണാം: This position was given to Muhammad Iqbal, a national poet and philosopher of Pakistan, in the spiritual presence of his beloved mentor Mavlana. 1965.

 

പ്രണയികളുടെ കഅ്ബ

ഇഖ്ബാലിനോട് സലാം പറഞ്ഞ് റൂമിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മനസ് മുഴുവനും റൂമിയിലാണ്ടു പോയിരുന്നു. റൂമിയെക്കുറിച്ച് പണ്ടു വായിച്ച പുസ്തകങ്ങളിലെല്ലാം മനസിങ്ങനെ വട്ടം കറങ്ങുകയായിരുന്നു അപ്പോള്‍. മഖ്ബറയുടെ കവാടത്തിനരികില്‍ സന്ദര്‍ശകര്‍ തിങ്ങിക്കൂടിയിരുന്നു. കൂടുതലും വിദേശികള്‍! ചൈന, ജപ്പാന്‍ തുടങ്ങി വ്യത്യസ്ത മുഖങ്ങളുള്ള ഒരുപാടു മനുഷ്യര്‍. ഇറാനികളെന്നു തോന്നിപ്പിക്കുന്ന കുറേ സ്ത്രീകള്‍. അവരില്‍ മതചിഹ്നമുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്, വിശ്വാസികളുണ്ട്, അവിശ്വാസികളുണ്ട്. എല്ലാവരും റൂമിയുടെ വിളിയാളം കേട്ടെത്തിയവരാണ്. റൂമി പണ്ടുവിളിച്ചുപറഞ്ഞതിങ്ങനെയാണ്: ”നിങ്ങള്‍ ആരായാലും വരൂ. അവിശ്വാസിയോ പ്രാകൃതമതക്കാരനോ അഗ്‌നിയാരാധകനോ ആരായാലും നിങ്ങള്‍ വരൂ. നമ്മുടേത് നൈരാശ്യത്തിന്റെ സഹോദരസംഘമല്ല. നിങ്ങളൊരുപക്ഷെ, ആയിരം തവണ പശ്ചാത്താപ ഉടമ്പടികള്‍ ലംഘിച്ചിട്ടുണ്ടാവാം. എങ്കിലും വരൂ.”

യഥാര്‍ഥത്തില്‍ ശവകുടീരങ്ങളില്‍ അടച്ചിടുകയെന്ന ആശയത്തോട് റൂമിക്ക് യോജിപ്പുണ്ടായിരുന്നില്ല. അങ്ങയുടെ മാഹാത്മ്യത്തിന്റെ ഓര്‍മയ്ക്കായി നല്ലൊരു സൗധം പണികഴിപ്പിക്കട്ടെ എന്നു ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ റൂമി പറഞ്ഞുവത്രെ: ”ആകാശത്തെക്കാള്‍ വലിയൊരു സൗധം എവിടെയുണ്ടാവാനാണ് ”. പിന്നീട് റൂമിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകന്റെ അനുവാദത്തോടെ പേര്‍ഷ്യന്‍ വാസ്തുശില്‍പി ബദ്‌റുദ്ദീന്‍ ഒരു ചെറിയ സ്മാരകസൗധം ഇവിടെ പണിയുകയാണുണ്ടായത്. പിന്നീട് വന്ന ഭരണാധികാരികള്‍ റൂമിയുടെ സൗധം അതിമനോഹരമായി കെട്ടിപ്പടുത്തു.
ഞങ്ങള്‍ റൂമിയുടെ മഖ്ബറ വാതിലിലേക്കടുത്തു. അന്തരീക്ഷം പ്രണയാര്‍ദ്രമായിരുന്നു. മഖ്ബറയിലേക്കുള്ള സ്വാഗതവചനമായി വാതിലിന്റെ മുകളില്‍ ‘ദീവാനെ ശംസി’ല്‍ നിന്നുള്ള രണ്ടുവരികള്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. ‘ഈ സങ്കേതം പ്രണയിനികളുടെ കഅ്ബയാണ്. ഇവിടെ അപരിപൂര്‍ണരായി വരുന്നവരൊക്കെ പൂര്‍ണരായിട്ടേ മടങ്ങാറുള്ളൂ’ എന്ന അര്‍ഥത്തിലുള്ള രണ്ടുവരികള്‍.

മഖ്ബറയുടെ വാതില്‍ കടന്നു മുന്നോട്ടുനോക്കുമ്പോള്‍ ചുറ്റും അറബിയിലും ഫാരിസിയിലുമായി സുന്ദരമായ നിരവധി കാലിഗ്രഫികള്‍ കാണാം. കൊത്തിവയ്ക്കപ്പെട്ടതും ശീലയില്‍ പതിപ്പിച്ചതുമായ നിരവധി കവിതകള്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍.. ഉസ്മാനിയ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ കാലത്താണ് ഇത്തരത്തിലുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ നെയ്ത തുണികളാല്‍ മഖ്ബറ അലങ്കൃതമാവുന്നത്. റൂമിക്കുചുറ്റും പിതാവ്, മകന്‍ സുല്‍ത്താന്‍ വലീദ് തുടങ്ങി നിരവധി കുടുംബാംഗങ്ങളുടെ ഖബറുകളുമുണ്ട്. എല്ലാത്തിന്റെയും തലഭാഗത്ത് മെവ്‌ലാന സൂഫികളുടെ കിരീടം പോലെ തലപ്പാവ് ചുറ്റിയ തൊപ്പിവച്ചിരിക്കുന്നതു കാണാം.
ചുറ്റും കട്ടിയുള്ള വെള്ളലോഹത്തില്‍ പണിത ഉയരം കുറഞ്ഞ അഴികള്‍. അതിനുള്ളില്‍ ഉയര്‍ന്നുകിടക്കുന്ന ഒരു തറയുടെ മുകളിലാണ് റൂമി കിടന്നുറങ്ങുന്നത്. മുകളിലാകട്ടെ പച്ച നിറത്തിലുള്ള ഓടുകള്‍ പാകിയ മച്ചുള്ള നീലനിറത്തിലുള്ള കുംഭഗോപുരം! സ്വര്‍ണനൂലുകളാല്‍ മനോഹരമായി നെയ്ത ഖുര്‍ആന്‍ സൂക്തങ്ങളുള്ള ഒരു പച്ചത്തുണികൊണ്ട് റൂമിയെ പുതച്ചുമൂടിയിട്ടുണ്ട്. മസ്‌നവിയില്‍നിന്നും ദീവാനെ കബീറില്‍നിന്നുമുള്ള ശകലങ്ങള്‍ ഖബ്‌റിനുചുറ്റും അദ്ദേഹത്തിന്റെ ആശയപ്രപഞ്ചങ്ങളിലേക്കു വിരല്‍ചൂണ്ടി നില്‍ക്കുന്നുണ്ട്. ഉള്ളിലേക്കു നീങ്ങുംതോറും കവാടത്തിലെഴുതിവച്ച രണ്ടുവരികളുടെ അര്‍ഥം നമ്മെ വിടാതെ പിന്തുടരും. ഇശ്ഖിന്റെ കല്ലുകളാല്‍ പടുത്ത പ്രണയികളുടെ കഅ്ബയാണ് ആ മഖ്ബറ. അതിനുചുറ്റും ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നുവന്ന ആശിഖുകള്‍ ത്വവാഫ് ചെയ്യുന്നു. ചിലര്‍ പ്രാര്‍ഥനയില്‍ ലയിച്ചു കണ്ണീര്‍വാര്‍ക്കുന്നു. പ്രണയവും ദുഃഖവും സന്തോഷവും വേദനയും അമ്പരപ്പും തുടങ്ങി സകലജാതി സംഗതികളുടെയും സംഗമസ്ഥലമായ അവിടെ റൂമി പുഞ്ചിരിതൂകി വിശ്രമം കൊള്ളുന്നു. റൂമിയുടെ അരികിലായി പ്രവാചകന്റെ താടിരോമം പ്രദര്‍ശിപ്പിച്ചതായി കാണാം. എല്ലാവരും നിറകണ്ണുകളോടെ അവയെ നോക്കുന്നു. ഇശ്ഖിന്നും സമാധാനത്തിനും മാത്രമായി ജീവിച്ച പ്രവാചകന്റെ തിരുശേഷിപ്പ് ഇശ്ഖിന്റെ അതുല്യരാജകുമാരന്റെ ചാരെത്തന്നെ ഇരിക്കുന്നത് റൂമി ചെയ്ത പുണ്യങ്ങളുടെ കര്‍മഫലമാകാം.

 

വെളിച്ചത്തിന്റെ വെളിച്ചത്തില്‍

റൂമിയെ കണ്ട് തൊട്ടുമുന്നിലുള്ള മ്യൂസിയത്തിലേക്കു നടന്നു. അവിടെ റൂമിയെ ചുറ്റിപ്പറ്റിയുള്ള ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കാണാം. സമാക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, മസ്‌നവിയുടെ കൈയെഴുത്ത് പ്രതി, റൂമിയുടെ വസ്ത്രങ്ങള്‍, ദര്‍വേഷുകള്‍ ഉപയോഗിച്ചിരുന്ന തൊപ്പി, തലപ്പാവ് തുടങ്ങി പലവിധ വസ്തുക്കള്‍ കാഴ്ചക്കാരനെയും കാത്ത് ചില്ലിന്‍കൂട്ടില്‍ കിടക്കുന്നുണ്ട്.
റൂമിയെ കണ്‍കുളിര്‍ക്കെ അനുഭവിച്ചശേഷം അദ്ദേഹത്തിന്റെ പ്രിയഗുരു ശംസ് തബ്‌രീസിയെ തേടിനടന്നു. റൂമിയിലൂടെയാണല്ലോ നമ്മള്‍ ശംസിനെ അറിയുന്നത്. തുര്‍ക്കിയിലേക്കുള്ള വിസ കിട്ടിയതിനുശേഷം ആവേശത്തോടെ വായിച്ച പുസ്തകമായിരുന്നു വില്ല്യം ചിറ്റിക്ക് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ Me & Rumi എന്ന ശംസ് തബ്‌രീസിയുടെ ആത്മകഥ. പുസ്തകത്തിന്റെ അവതാരികയില്‍ ആന്‍ മേരി ഷിമ്മല്‍ റൂമിയെയും തബ്‌രീസിയെയും കുറിച്ച് എഴുതിയ വരികളാകും ജീവിതത്തില്‍ റൂമിതബ്‌രീസി ബന്ധത്തെ കുറിച്ച് ഏറ്റവും സ്വാധീനിച്ച വരികള്‍!

മുപ്പത്തി എട്ടാമത്തെ വയസിലാണ് റൂമിയുടെ ജീവിതത്തില്‍ ശംസ് കടന്നുവരുന്നത്. ശംസിന്റെ പ്രകാശമാണ് റൂമിയുടെ ചിന്തകള്‍ക്കു വെളിച്ചം നല്‍കിയത്. അരപ്പട്ടകള്‍ വില്‍പ്പന നടത്തി ഊരുചുറ്റിയ വരത്തനായ ദര്‍വേഷായിരുന്നു ശംസ് തബ്രീസി. ഇവരുടെ കൂടിക്കാഴ്ച്ചകളെക്കുറിച്ചു പല അതിശയകരമായ കഥകളും പ്രചാരത്തിലുണ്ട്. ഒരു ദിവസം റൂമി ക്ലാസ് എടുത്തുകൊണ്ടിരുന്ന സദസിലേക്ക് ശംസ് ഒരു വഴിപോക്കനെപ്പോലെ കടന്നുവന്നു. അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളെ ചൂണ്ടി ശംസ് ചോദിച്ചു; ഈ ഗ്രന്ഥങ്ങളിലൊക്കെ എന്താണുള്ളത്. റൂമി പറഞ്ഞു, അതൊന്നും നിങ്ങള്‍ക്കു മനസിലാവില്ല. ഉടനെ ശംസ് ആ ഗ്രന്ഥങ്ങളെല്ലാം സമീപത്തുള്ള കുളത്തിലേക്കെറിഞ്ഞു. ഒരു നിമിഷം അവിടെയാകെ നിശബ്ദത മൂടി. റൂമി ക്ഷുഭിതനായി. അന്നേരം ശംസ് കുളത്തില്‍നിന്നു ഗ്രന്ഥങ്ങളെല്ലാം എടുത്ത് റൂമിക്കു നല്‍കി. കുളത്തിലെറിഞ്ഞ ഗ്രന്ഥങ്ങള്‍ തീരെ നനഞ്ഞില്ലായിരുന്നു. റൂമി ചോദിച്ചു; എന്താണീ അത്ഭുതത്തിന്റെ രഹസ്യം. ശംസ് പ്രതിവചിച്ചു: ”അതു നിങ്ങള്‍ക്കു മനസിലാവില്ല.”

ഈ സംഭവത്തിനുശേഷം റൂമി ശംസിനെ തേടി നടന്നു. അദ്ദേഹത്തെ തേടിപ്പിടിച്ചു ഗുരുവായി സ്വീകരിച്ചു. വിജ്ഞാനത്തിന്റെ ഉറവയായ ശംസില്‍നിന്ന് റൂമി തെളിനീര്‍ കോരിക്കുടിച്ചു. അതോടെ റൂമിയുടെ ജീവിതം മാറിമറിഞ്ഞു. ആധ്യാത്മികമായ അഗാധസാരങ്ങള്‍ ഒളിപ്പിച്ചുവച്ച തന്റെ ചിന്തകളെ റൂമി ശംസുമൊത്ത് പങ്കുവച്ചു. പിന്നീടവ കഥകളായി, ഒരിക്കലും വായിച്ചുതീരാത്ത കവിതകളായി! ഏതാണ്ട് ആറുമാസക്കാലംവരെ ഇരുവരും ഒരുമുറിയില്‍ വാതിലുകള്‍ അടച്ചിരുന്ന് സംവാദത്തിലേര്‍പ്പെടുകയുണ്ടായി.

അധികം വൈകാതെയുണ്ടായ ശംസിന്റെ തിരോധാനം റൂമിയെ വേദനിപ്പിച്ചു. ആ വേദനകളുടെ മുറിവില്‍ റൂമി നാല്‍പതിനായിരം കാവ്യശകലങ്ങളുള്ള ‘ദീവാനെ ശംസെ തബ്‌രീസ് ‘ എന്ന കവിതാസമാഹാരത്തിനു ജന്മം നല്‍കി. ശംസിന്റെ തിരോധാനത്തില്‍ ഖിന്നനായി റൂമി പാടിക്കൊണ്ടേയിരുന്നു: ”വിറയ്ക്കുന്ന ഇലപോലെ സദാ വിങ്ങുകയാണെന്‍ ഹൃദയം. പാതിരാത്രി എന്റെ പ്രേമഭാജനം എങ്ങോട്ടുപോയി? എന്റെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീര്‍ ഒരു പുഴയായ് വളര്‍ന്നു. ഈ സമുദ്രത്തില്‍ എവിടെയാണോ!’

തബ്‌രീസിയുടെ മഖ്ബറ ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിലാണ് ഇല ആകൃതിയിലുള്ള ഒരു കറുത്ത രൂപം കണ്ടത്. അതിന്റെ പിന്‍വശത്ത് ചെറിയ ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്. ഈ സ്ഥലം ‘മജ്മഉല്‍ ബഹ്‌റൈന്‍'(രണ്ടുസമുദ്രങ്ങളുടെ സംഗമസ്ഥലം) എന്ന പേരിലറിയപ്പെടും. 1244 നവംബര്‍ 30ന് ഇവിടെവച്ചാണ് റൂമിയും ശംസ് തബ്‌രീസിയും കണ്ടുമുട്ടിയത്. അക്കാര്യം ആ ബോര്‍ഡില്‍ ഇംഗ്ലീഷിലും ടര്‍ക്കിഷിലുമായിട്ട് കുറിച്ചുവച്ചിട്ടുണ്ട്.

മജ്മഉല്‍ ബഹ്‌റൈന്‍ കടന്ന് ഒരു ചെറിയ പോക്കറ്റ് റോഡിലേക്കു കടക്കുമ്പോള്‍ ഒരു മിനാരം ഉയര്‍ന്നുനില്‍ക്കുന്നതു കാണാം. അവിടെയാണു വിജ്ഞാനത്തിന്റെ കിരീടവും ചെങ്കോലുമണിഞ്ഞ രാജകുമാരന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. കൊനിയയില്‍ നിലകൊള്ളുന്ന ശംസിന്റെ മഖ്ബറയെ ചൊല്ലി ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലര്‍ പറയുന്നു ശംസിന്റെ മഖ്ബറ ഇറാനിലാണെന്ന്. ശംസിന്റേതെന്നു കരുതപ്പെടുന്ന രണ്ട് മഖ്ബറകള്‍ പാകിസ്താന്റെ വിവിധ സ്ഥലങ്ങളിലുമുണ്ട്. എന്നാല്‍, കൊനിയയിലെ ശംസ് തബ്‌രീസിയുടെ മഖ്ബറ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. ഇവിടെനിന്ന് പ്രാര്‍ഥന നടത്തിയാണ് റൂമിയുടെ ഉറൂസ് ആരംഭിക്കുന്നതും.

കൊനിയയുടെ ആത്മീയപൈതൃകം റൂമിയില്‍ മാത്രം ഒതുങ്ങുന്നില്ല. തത്വചിന്തകനും ഇബ്‌നു അറബി സൂഫിചിന്താധാരയുടെ വക്താവുമായിരുന്ന സദ്‌റുദ്ദീന്‍ കൂനവി കൊനിയദേശക്കാരനായിരുന്നു. റൂമി മരിക്കുന്നതിനുമുന്‍പ് തന്റെ മയ്യിത്ത് നിസ്‌കാരത്തിനുനേതൃത്വം നല്‍കാന്‍ ഒസ്യത്ത് ചെയ്തത് സദ്‌റുദ്ദീനോടായിരുന്നു. ഇളം തണുപ്പും ചാറ്റല്‍ മഴയുടെ സ്‌നേഹവും സംഭരിച്ച് ഞങ്ങള്‍ തിരിച്ചു റൂമിലേക്കു നടന്നു. മനസുമുഴുവനും ശനിയാഴ്ച അരങ്ങേറാനുള്ള സമയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. കൊനിയയില്‍ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും ടൂറിസ്റ്റുകള്‍ക്കുവേണ്ടി സമ പ്രദര്‍ശിപ്പിക്കാറുണ്ട്. ലോകത്തിന്റെ പലഭാഗത്തുനിന്നു വരുന്ന റൂമി, മെവ്‌ലാന ത്വരീഖത്ത് അനുയായികള്‍ക്ക് ഈ രണ്ടുദിവസം പെരുന്നാളാണ്.
സമയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി ചരിത്രങ്ങളുണ്ട്. അന്തിമൂക്കാത്തൊരു പകലില്‍ വഴിയരികിലൂടെ നടക്കവെ തട്ടാനായിരുന്ന സദ്‌റുദ്ദീന്‍ കൂനവിയുടെ ചുറ്റികയുടെ താളവും അല്ലാഹ് എന്ന വിളിയുടെ ഈണവുമൊരുമിച്ചുള്ള താളസ്വരലയത്തിന്റെ അനിര്‍വചനീയ നിമിഷത്തില്‍ ഒരു കൈ ആകാശത്തിലേക്കുയര്‍ത്തി മറുകൈ ഭൂമിയിലേക്കു താഴ്ത്തി റൂമി കറങ്ങി എന്നതാണ് ഒരു ചരിത്രം. എല്ലാം കഴിഞ്ഞ് രാത്രി റൂമിലെത്തിയപ്പോള്‍ സമയെക്കുറിച്ച് കൊനിയക്കാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അതിനെക്കുറിച്ച് വേറൊരു കുറിപ്പ് തന്നെ വേണ്ടി വരും.

 

മുല്ലാ നാസിറുദ്ദീന്റെ തട്ടകം

പിറ്റേന്ന് അതിരാവിലെ കൊനിയക്ക് 130 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന യെക്‌സെഹീറിലേക്കു യാത്രയാരംഭിച്ചു. കുട്ടിക്കാലത്തെ നുറുങ്ങുകഥകളിലെ കഥാപാത്രമായ മുല്ലാ നാസിറുദ്ദീന്‍ ഹോജയെ കാണാനായിരുന്നു യാത്ര. ഹോച്ച അല്ലെങ്കില്‍ ഹോജ എന്നാല്‍ അധ്യാപകന്‍ എന്നര്‍ഥം. ഹോജയുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായാന്തരങ്ങള്‍ ഏറെയുണ്ട്. അദ്ദേഹം പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചയാളാണെന്നാണു ചില ചരിത്രകാരന്മാര്‍ പറയുന്നത്. പതിനാലാം നൂറ്റാണ്ടിലാണെന്നും പതിനഞ്ചാം നൂറ്റാണ്ടിലാണെന്നും അഭിപ്രായവുമുണ്ട്.

ക്രൂരനായ മംഗോള്‍ രാജാവ് തിമൂര്‍ അനറ്റോളിയ പിടിച്ചടക്കിയ കാലത്ത് ഹോജ ജീവിച്ചിട്ടുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. അധികാരത്തിന്റെ ശക്തികള്‍ക്കെതിരായിരുന്നു ഹോജാ കഥകളിലേറെയും. കാപട്യം, മതഭ്രാന്ത്, സ്വയംശരി വാദം തുടങ്ങിയ സ്വഭാവങ്ങളെ അദ്ദേഹം പരസ്യമായി എതിര്‍ത്തു. എല്ലാ കാര്യങ്ങളെയും അതിന്റെ യാഥാര്‍ഥ്യത്തിന്റെ വശങ്ങളിലൂടെ നോക്കി ചുട്ടമറുപടി കൊടുക്കുന്ന ചിന്തോദ്ദീപകമായ നിരവധി കഥകള്‍ അദ്ദേഹത്തിന്റേതായി നമുക്ക് കാണാനാകും. ഉദാഹരണമായി, എല്ലാ വാദങ്ങള്‍ക്കും ഒന്നിലധികം വശങ്ങളുണ്ടെന്ന് പറയുന്ന ഒരു കഥ ഇവിടെ വിവരിക്കാം.
തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടുപേര്‍ ഒരു ദിവസം ഹോജയോട് തങ്ങളുടെ തര്‍ക്കം പരിഹരിക്കാനവശ്യപ്പെട്ടു. ഹോജ സംഭവം വിശദീകരിക്കാന്‍ പറഞ്ഞു. ആദ്യത്തെയാള്‍ അയാളുടെ ഭാഗം വിശദീകരിച്ചപ്പോള്‍ ഹോജ പറഞ്ഞു; നിങ്ങള്‍ പറയുന്നതു ശരിയാണ്. ഇതുകേട്ട രണ്ടാമത്തെയാള്‍ എതിര്‍ത്ത് തന്റെ വശം പറഞ്ഞു. ഹോജ പറഞ്ഞു; നിങ്ങള്‍ പറയുന്നതും ശരിയാണ്. ഇതു കേട്ടുകൊണ്ടിരുന്ന ഹോജയുടെ ഭാര്യ ചോദിച്ചു: ”എങ്ങനെയാണ് മനുഷ്യാ രണ്ടുപേര്‍ പറയുന്നതും ശരിയാകുന്നത്?!” അപ്പോള്‍ ഹോജ പറഞ്ഞു: ”പെണ്ണേ, നീ പറയുന്നതും ശരിയാണ്.”
ഹോജയുടെ ഖബ്‌റിനരികിലേക്കു നടക്കുന്ന വഴികളിലെല്ലാം ഹോജാകഥകളിലെ കഥാപാത്രങ്ങളെയും കഥാശയങ്ങളും കൊത്തിവച്ചതായി കാണാം. ഓരോ നടപ്പാതകളിലും വ്യത്യസ്ത ഹോജാകഥകളുടെ വ്യത്യസ്തമായ രൂപങ്ങള്‍ ആശയങ്ങളുടെ പറുദീസയിലേക്കു നമ്മെ നയിക്കും. ഹോജയുടെ ഖബ്ര്! സ്ഥിതി ചെയ്യുന്ന ചെറുകവാടത്തിലേക്കെത്തിയപ്പോള്‍ സൈഡില്‍ ടര്‍ക്കിഷില്‍ സ്വാഗതവചനമായി ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്: ”ചിരിക്കുക! നിങ്ങള്‍ ലോകത്തിന്റെ നടുവിലാണ്.” ഹോജയുടെ പ്രസിദ്ധമായ ഒരു കഥയിലെ വാചകമാണത്. കവാടത്തില്‍നിന്ന് നോക്കിയാല്‍ തന്നെ ഒരു പൂന്തോട്ടത്തിന്റെ നടുവിലായി ഹോജയുടെ ഖബര്‍ കാണാം. ഇവിടെ നാസിറുദ്ദീന്‍ ഹോജ അന്ത്യവിശ്രമം കൊള്ളുന്നു എന്നെഴുതിവച്ച ശിലാഫലകം കവാടത്തില്‍നിന്നു തന്നെ ശ്രദ്ധയില്‍പെടും. ഹോജയുടെ ഖബറിനടുത്തെത്തിയപ്പോള്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയതൊക്കെയും ആവേശത്തോടെ കൂട്ടുകാര്‍ക്കു പറഞ്ഞുകൊടുത്തു. സര്‍ദാര്‍ തന്നെയാണ് ഹോജയുടെ ഖബറിടം യെക്‌സഹീറിലാണെന്ന് ആദ്യം പറഞ്ഞുതന്നത്.
ഹോജയുടെ ഖബറും കടന്ന് ഞങ്ങള്‍ ഒരു പാര്‍ക്കിലേക്കു നീങ്ങി. അവിടെ ഹോജയുടെ ഇരുപതിലധികം കഥാപാത്രങ്ങളെ കൊത്തിവച്ചിട്ടുണ്ടായിരുന്നു. ഓരോ രൂപത്തിനടിയിലും ടര്‍ക്കിഷിലും ഇംഗ്ലീഷിലുമായിട്ട് ആ കഥാപാത്രങ്ങള്‍ പറയുന്ന കഥകള്‍ എഴുതിവച്ചിട്ടുമുണ്ട്. ഹോജയുടെ കഥകളുടെ ആഴത്തിലേക്കുള്ള ഒരു എത്തിനോട്ടമായിരുന്നു ആ പാര്‍ക്ക്. ഹോജയെ കണ്ടും കഥകള്‍ വായിച്ചും ആ പാര്‍ക്ക് വിട്ടിറങ്ങുബോള്‍ സന്ധ്യ മയങ്ങിയിട്ടുണ്ടായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.