2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അറബിഭാഷാസമരം: മരിക്കാത്ത ഓര്‍മകള്‍

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

അറബിഭാഷാസമരം: മരിക്കാത്ത ഓര്‍മകള്‍
അന്നൊരിക്കല്‍, റമദാന്‍ പതിനേഴിനു ഞങ്ങളുടെ വാര്‍ഡില്‍നിന്നു മലപ്പുറത്തേയ്ക്കു ലോറി പോകുന്നു. അക്കാലത്ത് അങ്ങനെയായിരുന്നു. സമ്മേളനങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊക്കെ അധികവും യാത്ര ലോറിയിലാണ്. പിടിച്ചുനില്‍ക്കാന്‍ ലോറിയില്‍ വിലങ്ങനെ കയറുകെട്ടിയിട്ടുണ്ടാകും. കുറച്ചുകാശുള്ളവര്‍ ജീപ്പുവിളിച്ചുപോകും. കാര്‍ അപൂര്‍വം പണക്കാര്‍ക്കു മാത്രമാണുണ്ടായിരുന്നത്.
കാളികാവ് പഞ്ചായത്തിലെ ഏഴാംവാര്‍ഡാണു ഞങ്ങളുടേത്. അമ്പലക്കടവ്, കാളികാവ്, ചാഴിയോട് പ്രദേശങ്ങളാണ് ഈ വാര്‍ഡിനു പരിധിയിലുള്ളത്. അമ്പലക്കടവ് ലീഗ് കോട്ടയാണ്. അതുകൊണ്ടുതന്നെ ലോറി അമ്പലക്കടവില്‍നിന്നാണ് ആദ്യം ആളെയെടുത്തത്. അവിടെനിന്നു ഞങ്ങള്‍ കാളികാവ് ടൗണിലെത്തി. ചാഴിയോട്ടുകാര്‍ കാളികാവില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഈ സമരത്തില്‍ രക്തസാക്ഷിയായ കുഞ്ഞിപ്പ കാളികാവില്‍നിന്നാണ് ഞങ്ങളോടൊപ്പം കയറിയത്.
പഞ്ചായത്തില്‍നിന്നുള്ള വാഹനങ്ങള്‍ ഒരുമിച്ചാണു പുറപ്പെട്ടത്. ആവേശത്തോടെ മുദ്രാവാക്യംവിളിക്കുന്ന ഞങ്ങളെയുംകൊണ്ടു ലോറി മലപ്പുറത്തേയ്ക്കു കുതിച്ചു. എല്ലാവരും നോമ്പുകാര്‍. ഖുര്‍ആനിന്റെ ഭാഷ സംരക്ഷിക്കാനുള്ള ആവേശം അലതല്ലുന്നു. ബദര്‍ദിനസ്മരണകള്‍ ഞങ്ങളെ ആവേശോജ്ജ്വലരാക്കി. എന്തുവിലകൊടുത്തും അറബിഭാഷ സംരക്ഷിക്കണം. ആ ഒരേയൊരു ചിന്തയായിരുന്നു ഞങ്ങള്‍ക്ക്.
മുപ്പത്തിയാറു വര്‍ഷംമുമ്പാണിതെന്നോര്‍ക്കണം. 1980 ജൂലൈ 30 ന്. ഈ വിനീതന് അന്നു പതിനേഴുവയസ്. വരിവരിയായി നീങ്ങുന്ന സമരനിരയുടെ പിന്‍ഭാഗത്തു ഞങ്ങള്‍ അണിചേര്‍ന്നു. ഭാഷ പഠിപ്പിക്കുന്നതിനുമാത്രം പ്രത്യേകനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഇടതുപക്ഷസര്‍ക്കാറിനെതിരേയായിരുന്നു സമരം. മലപ്പുറം ജില്ലാ കലക്ടറേറ്റ് പിക്കറ്റിങ് നടന്നുകൊണ്ടിരിക്കുന്നു.
ആയിരക്കണക്കിനു മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ഒഴുകിയെത്തുന്നത്. എങ്കിലും സമരം തീര്‍ത്തും ശാന്തം. വരിവരിയായി നീങ്ങുന്ന മാര്‍ച്ച് കലക്ടറേറ്റിന്റെ മെയിന്‍ ഗെയ്റ്റിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഗെയ്റ്റിനു മുന്‍വശത്തെത്തി പിക്കറ്റിങ് നടത്തുന്നവരെ അറസ്റ്റുചെയ്തു പൊലിസ് ബസില്‍ക്കൊണ്ടുപോയി മലപ്പുറം എം.എസ്.പി ഗ്രൗണ്ടിനടുത്ത കൗണ്ടറില്‍ വച്ച രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവയ്പ്പിച്ചു വിട്ടയക്കുന്നു.
കുഞ്ഞിപ്പയും ഞങ്ങളും ഗെയ്റ്റിനടുത്ത് എത്തിക്കഴിഞ്ഞു. അടുത്തത് ഞങ്ങളുടെ ഊഴമാണ്. മുന്‍ഭാഗത്തുള്ളവരെ അറസ്റ്റുചെയ്തു നീക്കിയപ്പോള്‍ ഞങ്ങളായി പിക്കറ്റിങ്ങുകാര്‍. കുഞ്ഞിപ്പയുള്‍പ്പെടെയുള്ള കുറേപേര്‍ ഞങ്ങളുടെ പുറകിലാണ്. വൈകാതെ ഞങ്ങളെ അറസ്റ്റുചെയ്തു. കുഞ്ഞിപ്പ ആ അറസ്റ്റില്‍ പെട്ടില്ല. ഞങ്ങളെ അറസ്റ്റുചെയ്തു നീക്കിയശേഷം അവര്‍ മുന്‍ഭാഗത്തേയ്ക്കു നീങ്ങി പിക്കറ്റിങ് ഏറ്റെടുത്തിരിക്കണം.
ഞങ്ങള്‍ പൊലിസ് വാഹനത്തില്‍ നിന്നിറങ്ങി രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവച്ചു പുറത്തിറങ്ങി. വീണ്ടും സമരസ്ഥലത്തേയ്ക്കു പുറപ്പെട്ടു. ഇന്നത്തെ മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനില്‍ എത്തിക്കാണും. വാഹനങ്ങള്‍ ലൈറ്റിട്ടു ചീറിപ്പാഞ്ഞുവരുന്നു. ആളുകള്‍ കൂട്ടമായി ഓടുന്നു. രക്തം ഇറ്റിവീഴുന്ന ആളുകളുമായാണു വാഹനങ്ങള്‍ ചീറിപ്പായുന്നത്. മുറിവേറ്റ കാലുകള്‍ പുറത്തേക്കിട്ടവരേയുംകൊണ്ടു പോകുന്ന ജീപ്പുകള്‍ ഇപ്പോഴും കണ്‍മുന്നില്‍ കാണുന്നു.
എന്താണ് സംഭവം? ഞങ്ങള്‍ അന്വേഷിച്ചു. പലര്‍ക്കുമറിയില്ല. ചിലര്‍ പറഞ്ഞു സമരസ്ഥലത്തു വെടിവയ്പ്പു നടന്നിട്ടുണ്ടെന്ന്. കാര്യം പിടികിട്ടിയപ്പോള്‍ ഞങ്ങളും തിരികെയോടി. ലോറി കണ്ടുപിടിക്കണം. ലോറിയില്‍വന്ന എല്ലാവരെയും കണ്ടെത്തണം. എങ്ങനെ കണ്ടെത്തും. ഒരു മാര്‍ഗവുമില്ല. പരമാവധി കിട്ടിയവരെയുംകൊണ്ടു മറ്റൊരു വഴിയിലൂടെ ഞങ്ങള്‍ നാട്ടിലേയ്ക്കു കുതിച്ചു. ആരൊക്കെയുണ്ട് കൂടെയെന്നു ഞങ്ങള്‍ നോക്കി. കുഞ്ഞിപ്പയുള്‍പ്പെടെ പല കൂട്ടുകാരും ഞങ്ങളുടെ ലോറിയിലില്ല. അവരെവിടെയാണെന്ന് അറിയാന്‍ ഒരു വഴിയുമില്ല. അന്വേഷിക്കാന്‍ ഫോണോ വിവരമറിയാന്‍ ചാനലോ നെറ്റോ ഒന്നുമില്ലാത്ത കാലമാണല്ലോ. ഉള്ളതു റേഡിയോ മാത്രം. വിവരമറിയാന്‍ ഞങ്ങള്‍ റേഡിയോ വാര്‍ത്തയ്ക്കായി കാത്തിരുന്നു.
വൈകുന്നേരം 6.15 ന്റെ പ്രാദേശികവാര്‍ത്തയില്‍ ഞെട്ടിക്കുന്ന ആ വിവരം ഞങ്ങള്‍ കേട്ടു. വെടിവയ്പ്പില്‍ മൂന്നുപേര്‍ മരണപ്പെട്ടിരിക്കുന്നു. അതിലൊരാള്‍ ഞങ്ങളുടെ ലോറിയില്‍ വന്ന നമ്മുടെ കാളികാവിലെ കുഞ്ഞിപ്പ! ഞങ്ങളുടെ സ്വന്തം കൂട്ടുകാരനായ കുഞ്ഞിപ്പ. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു തിക്കിയും തിരക്കിയും മുട്ടിയുരുമ്മിയും ഞങ്ങളോടൊപ്പം ലോറിയില്‍വന്ന കുഞ്ഞിപ്പയോ. വിശ്വസിക്കാന്‍ കഴിയുന്നില്ല. പക്ഷേ, അതു സംഭവിച്ചിരിക്കുന്നു. കാണുന്നവര്‍ കാണുന്നവര്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നു. മുതിര്‍ന്നവര്‍ കരച്ചിലൊതുക്കാനാവാതെ വിതുമ്പുന്നു.
ചോരയില്‍ കുതിര്‍ന്ന ആ സമരം ലക്ഷ്യം കണ്ടു. ഭാഷാപഠനത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയ ഉത്തരവു പിന്‍വലിച്ചു. മുസ്‌ലിം ന്യൂനപക്ഷപിന്നോക്കവിഭാഗത്തിനുവേണ്ടി നടത്തിയ മുസ്‌ലിംലീഗിന്റെ സമരചരിത്രത്തില്‍ പുതിയൊരു ഏട്. മജീദ്, റഹ്മാന്‍, കുഞ്ഞിപ്പമാര്‍ക്കും സമുദായനവോത്ഥാനസംരംഭങ്ങള്‍ക്കു നേതൃത്വംനല്‍കി കടന്നുപോയ സകലര്‍ക്കും ദയാനിധിയായ നാഥന്‍ കരുണ ചൊരിയട്ടെ, ആമീന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.