2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

Editorial

ബാഹ്യസമ്മര്‍ദത്തിന് കീഴ്‌പ്പെടുന്ന ന്യായാധിപന്മാര്‍


മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്ന ന്യായാധിപനായിരുന്നുവെന്ന നടുക്കമുളവാക്കുന്ന വിവരമാണു കഴിഞ്ഞദിവസം ജസ്റ്റിസ് കുര്യന്‍ ജോസഫ് പുറത്തു വിട്ടത്. രണ്ടു ദിവസം മുന്‍പ് സുപ്രിം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പ്രവര്‍ത്തന പാരമ്പര്യം ശ്ലാഘനീയമായിരുന്നു.
ഹൈക്കോടതികളിലും സുപ്രിം കോടതിയിലുമായി 18 വര്‍ഷവും നാലര മാസവും നീണ്ട അദ്ദേഹത്തിന്റെ ന്യായാധിപ ജീവിതം കളങ്കരഹിതമായിരുന്നു. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കേണ്ടതാണ്.
ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്കു ദീപക് മിശ്രയ്ക്കു പകരം പരിഗണിക്കപ്പെടേണ്ടിയിരുന്ന കുര്യന്‍ ജോസഫിന് അതു നഷ്ടമായതു ന്യൂനപക്ഷ വിഭാഗക്കാരനായതിന്റെ പേരിലാണ്. എത്ര കഴിവുള്ളവനായാലും ഉന്നത സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെടുക മെറിറ്റിന്റെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
അധികാരമേറ്റ നാലു മാസത്തിനകം തന്നെ ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധവും നിഷ്പക്ഷവുമല്ലെന്നു ജസ്റ്റിസ് കുര്യന്‍ ജോസഫിനും മുതിര്‍ന്ന മറ്റു ജഡ്ജിമാര്‍ക്കും അനുഭവപ്പെട്ടിരുന്നു. അദ്ദേഹം ബാഹ്യസമ്മര്‍ദത്തിനു വഴങ്ങുന്നുണ്ടെന്ന സൂചനയും കിട്ടി. കേസുകള്‍ വീതിച്ചു നല്‍കുന്നതിലും ബെഞ്ചുകള്‍ രൂപീകരിക്കുന്നതിലും അദ്ദേഹം പക്ഷപാതം കാണിച്ചതു മുകളില്‍നിന്നുള്ള നിര്‍ദേശത്താലായിരുന്നത്രേ.
ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ചെലമേശ്വര്‍ എന്നിവരെപ്പോലുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ ദീപക് മിശ്രയുടെ നടപടികള്‍ക്കെതിരേ അദ്ദേഹത്തിന് കത്തെഴുതുകയും നേരില്‍ സംസാരിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തന്നിഷ്ടപ്രകാരം ഉന്നതനീതിപീഠത്തെ നിയന്ത്രിക്കുന്നത് ആശാസ്യമല്ലെന്ന ബോധ്യത്താലും ജനാധിപത്യത്തിന്റെ ഒന്നാം തൂണായ ജുഡീഷ്യറി തകരുമ്പോള്‍ രണ്ടാം തൂണായ മാധ്യമങ്ങളെ വിവരം അറിയിക്കേണ്ടതു ബാധ്യതയാണെന്നു കരുതിയുമാണ് ചരിത്രത്തിലാദ്യമായി പത്രസമ്മേളനം വിളിച്ചു പ്രതികരിച്ചത്.
ഭരണഘടനയുടെ സൂക്ഷിപ്പുകാരായ ജഡ്ജിമാര്‍ ബാഹ്യസമ്മര്‍ദത്തിനു വഴങ്ങുമ്പോള്‍ ഭരണഘടനാ ലംഘനമാണു നടത്തുന്നത്. ഇത്തരം ആളുകള്‍ ഒരിക്കലും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തു നില്‍ക്കില്ല. ജസ്റ്റിസ് ദീപക് മിശ്രയെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ ചരിത്രത്തിന്റെ മുന്‍പില്‍ തങ്ങളും കുറ്റവാളികളാകുമെന്നും അന്നത്തെ പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

പത്രസമ്മേളനത്തിനു ശേഷം ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ കുറെയൊക്കെ മാറ്റം ദൃശ്യമായി.
ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ചുള്ള ഹരജിയില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് വഴിവിട്ട നിലയില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണു സുപ്രിം കോടതി ജഡ്ജിമാര്‍ക്കിടയില്‍ പൊട്ടിത്തെറിയുണ്ടായത്. ശൈഖ് സൊറാഹ്ബുദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച കേസില്‍ അമിത്ഷാ പ്രതിചേര്‍ക്കപ്പെട്ടതാണ്. അമിത്ഷായെ വിചാരണ നടത്താന്‍ തീരുമാനിച്ച സി.ബി.ഐ ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായോടു കോടതിയില്‍ ഹാജരാകാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ നിര്‍ദേശം നടപ്പിലാകുംമുന്‍പ് ദുരൂഹസാഹചര്യത്തില്‍ അദ്ദേഹം മരിച്ചു. ലോയയുടെ മരണം കൊലപാതകമാണെന്ന പരാതി കോടതിയിലെത്താതിരിക്കാന്‍ ബി.ജെ.പി ശ്രമിച്ചു. ദീപക് മിശ്ര പിന്തുണക്കുകയും ചെയ്തു. ആ മരണത്തെ സംബന്ധിച്ച ഹരജി കേള്‍ക്കുന്നതില്‍നിന്നു മുതിര്‍ന്ന ജഡ്ജിമാരെ മാറ്റി ദീപക് മിശ്ര സ്വയം കേസു കേള്‍ക്കുകയായിരുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണ്ടെന്നും മറ്റൊരു കോടതിയിലും ഇതു സംബന്ധിച്ച ഹരജി പാടില്ലെന്നുമുള്ള വിചിത്ര വിധിന്യായമാണു ദീപക് മിശ്ര പുറപ്പെടുവിച്ചത്.

കുറ്റ വിചാരണയുടെ അരികിലെത്തിയ ദീപക് മിശ്രയെ രക്ഷിച്ചത് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവായിരുന്നു.
ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യണമെന്നു രാജ്യസഭയില്‍ നോട്ടിസ് നല്‍കിയപ്പോള്‍ നോട്ടിസില്‍ നടപടിയെടുക്കുന്നതിനു പകരം നോട്ടിസ് തള്ളുകയായിരുന്നു വെങ്കയ്യ നായിഡു. നോട്ടിസ് തള്ളാനുള്ള അധികാരം അദ്ദേഹത്തിനില്ല. നോട്ടിസിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് കമ്മിറ്റി രൂപീകരിച്ചു നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ സത്യസന്ധമാണോയെന്ന് ഉത്തരവിടാന്‍ മാത്രമേ വെങ്കയ്യ നായിഡുവിന് അധികാരമുണ്ടായിരുന്നുള്ളൂ.
ദീപക് മിശ്രയെ രക്ഷിക്കുകയായിരുന്നു ബി.ജെ.പി അധിക്ഷേപകരവും ആക്ഷേപാര്‍ഹവുമായ പടവുകള്‍ ഇറങ്ങിയാണു ദീപക് മിശ്ര ന്യായാധിപ സ്ഥാനത്തുനിന്നു വിരമിച്ചത്. ജനാധിപത്യത്തെയും ഭരണഘടനയെയും ആരൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും സത്യസന്ധരും നീതിനടപ്പാക്കുന്നതില്‍ ദൃഢനിശ്ചയമുള്ളവരുമായ ന്യായാധിപന്മാര്‍ നമ്മുടെ കോടതികളില്‍ എന്നെന്നും ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസമാണു ജസ്റ്റിസ് കുര്യന്‍ ജോസഫിലൂടെ വ്യക്തമാകുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.