
ബംഗളൂരു: കര്‍ണാടകയില്‍ ആരോഗ്യരംഗത്ത് വലിയ കോളിളമുണ്ടാക്കിയ സ്വകാര്യ ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും സമരം പിന്‍വലിച്ചു. ഇന്നു രാവിലെ തുടങ്ങിയ സമരം വൈകുന്നേരം തന്നെ പിന്‍വലിക്കുകയായിരുന്നു. അതേസമയം, ബല്‍ഗാവിയില്‍ സമരം തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ബംഗളൂരുവിലെ മാത്രം 22,000 ഡോക്ടര്‍മാരാണ് പണിമുടക്കി സമരം ചെയ്തത്. കര്‍ണാടക പ്രൈവറ്റ് മെഡിക്കര്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യുന്നതിനെതിരെയായിരുന്നു സമരം. ഭേദഗതി ബില്ലില്‍ നിര്‍ദേശിക്കുന്ന നാലു തര്‍ക്ക വിഷയങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം.
സുപ്രിം കോടതി മുന്‍ ജഡ്ജ് വിക്രംജിത് സെന്നിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു ഭേദഗതി. ചികിത്സാ ചെലവ് നിയന്ത്രണം അടക്കം സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ നീക്കമാണ് ഡോക്ടര്‍മാരെ സമരത്തിലേക്കു നയിച്ചത്.
ഒ.പി അടക്കം ആശുപത്രികളിലെ എല്ലാ സംവിധാനങ്ങളും അടച്ചിടുമെന്നും ഇന്നലെ സമരക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒ.പി സംവിധാനം ഇന്ന് പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അത്യാഹിത കേസുകള്‍ എടുത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധര്‍വാഡ് ജില്ലയില്‍ 24 വയസ്സുകാരന് ചികിത്സ കിട്ടാതെ മരിച്ചു. സ്കൂള്‍ ബസിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിക്ക് ചികിത്സ നിഷേധിച്ചുവെന്ന വാര്‍ത്തയുമുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവുമാണ് സമരം നിര്‍ത്തിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധരായത്.