2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

പാക്കേജുകള്‍കൊണ്ടു മാത്രം ദുരിതമൊഴിയില്ല


കുട്ടനാട് പാക്കേജ് പൂര്‍ണമായി നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കമടക്കമുള്ള മഴക്കെടുതികളില്‍ കുട്ടനാട് മേഖല കടുത്ത ദുരിതത്തിന്റെ പിടിയിലമര്‍ന്ന സാഹചര്യത്തിലാണു തീരുമാനം. ജലസ്രോതസുകള്‍ ആഴംകൂട്ടല്‍, പഞ്ചായത്തുകളില്‍ സംരക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കിയായിരിക്കും കേന്ദ്രത്തെ സമീപിക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടനാടിന്റെ ദുരിതമവസാനിപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കേണ്ട സന്ദര്‍ഭമാണിതെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല തര്‍ക്കം. എന്നാല്‍, പരിഹാരമാര്‍ഗം കുട്ടനാട് പാക്കേജിന്റെ പൂര്‍ണതയാണോയെന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. പാക്കേജിന്റെ ഭാഗമായി ഇതുവരെ നടപ്പാക്കിയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ കിട്ടുന്ന ഉത്തരം ഒട്ടും ആശാവഹമല്ല. അതിന്റെ ആവര്‍ത്തനമോ അതേ ശൈലിയിലുള്ള തുടര്‍ച്ചയോ ആണുണ്ടാകുന്നതെങ്കില്‍ പൊതുഖജനാവിലെ പണം വെള്ളത്തിലൊഴുക്കുക എന്നതിലപ്പുറം കാര്യമായ പ്രയോജനമുണ്ടാകുമെന്നു പ്രതീക്ഷിക്കാനാവില്ല.

കുട്ടനാടിന്റെ സമഗ്ര കൃഷിവികസനം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച കുട്ടനാട് പാക്കേജിനു 2008ല്‍ യു.പി.എ സര്‍ക്കാരാണ് അംഗീകാരം നല്‍കിയത്. കുട്ടനാട്ടുകാരന്‍ തന്നെയായ പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാഥന്‍ പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തത്. വലിയ പ്രതീക്ഷയോടെ നടപ്പാക്കിത്തുടങ്ങിയ പാക്കേജ് ഫലം കണ്ടില്ലെന്നു മാത്രമല്ല, അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിരവധി കഥകള്‍ പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ടു പുറത്തുവരികയുമുണ്ടായി.

2010ല്‍ 900 കോടി രൂപയുടെ മതിപ്പു ചെലവുമായി നടപ്പാക്കിത്തുടങ്ങിയ പാക്കേജ് മുന്നോട്ടുപോയപ്പോള്‍ 1840 കോടി രൂപയായി. എന്നാല്‍, 2014 ല്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ അനുവദിച്ച പണത്തിന്റെ പകുതി പോലും ചെലവഴിക്കാനായില്ലെന്നു മാത്രമല്ല ലക്ഷ്യമിട്ട പ്രവൃത്തികളുടെ പകുതി പോലും പൂര്‍ത്തിയാക്കാനായതുമില്ല. പൂര്‍ത്തിയാക്കിയതാവട്ടെ ഫലപ്രദമായതുമില്ല.

പാടശേഖരങ്ങളില്‍ നടന്ന ബണ്ട് നിര്‍മാണമാണ് ഇതിനു മികച്ച ഉദാഹരണം. എസ്റ്റിമേറ്റിലും കൂടിയ തുകയ്ക്കു നിര്‍മിച്ച ബണ്ടുകള്‍ക്കു വെള്ളക്കയറ്റത്തെ അതിജീവിക്കാനായില്ല. പുറം ബണ്ട് ബലപ്പെടുത്തല്‍, ചാലുകള്‍ നവീകരണം തുടങ്ങിയ പ്രവൃത്തികളും ലക്ഷ്യം നേടിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ പാക്കേജിനായി പൊതുഖജനാവില്‍ നിന്നു ചെലവഴിച്ച ശതകോടിക്കണക്കിനു രൂപ അക്ഷരാര്‍ഥത്തില്‍ തന്നെ വെള്ളത്തിലാകുകയായിരുന്നു.

പദ്ധതി നടത്തിപ്പിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു നടത്തിയ അഴിമതികളെക്കുറിച്ചുള്ള നിരവധി ആരോപണങ്ങളും ഇക്കാലത്ത് ഉയര്‍ന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അകറ്റിനിര്‍ത്തിക്കൊണ്ട് നിര്‍മാണപ്രവൃത്തികള്‍ നടത്തിയത് അഴിമതി ലക്ഷ്യമിട്ടാണെന്ന ആരോപണവും ഉയര്‍ന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരുമുള്‍പെടുന്ന കൂട്ടുകെട്ടിനോടു സഹകരിക്കാന്‍ പാടശേഖര സമിതികള്‍ വിമുഖത കാട്ടിയത് പദ്ധതി നടത്തിപ്പിന് വലിയ തോതില്‍ തിരിച്ചടിയുമായി. ഒടുവില്‍ പാക്കേജ് പരാജയമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് അവസാനിപ്പിക്കുകയും ഇതിന്റെ ഭാഗമായുള്ള പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കില്ലെന്ന്് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയുമായിരുന്നു.

ഇത്തരമൊരു പശ്ചാത്തലത്തിലാണു പാക്കേജിന്റെ പൂര്‍ത്തീകരണം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നത്. ഇതുവരെയുള്ള നടത്തിപ്പിന്റെ ചരിത്രം കേന്ദ്രം ഗൗരവത്തോടെ പരിശോധിക്കുകയാണെങ്കില്‍ ഈ ആവശ്യം അംഗീകരിക്കാനുള്ള സാധ്യത ഏറെ അകലെയാണ്. അനുമതി ലഭിച്ചാല്‍ തന്നെ അതു നടപ്പാക്കാനുള്ള ചുമതല ഏല്‍പിക്കേണ്ടത് നേരത്തെ ഇതില്‍ പങ്കാളികളായവരോ അവരില്‍ നിന്ന് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ദുശ്ശീലങ്ങള്‍ പകര്‍ന്നുകിട്ടിയവരോ ഒക്കെയായ ഉദ്യോഗസ്ഥരെയാണ്. വിളവു തിന്നുന്ന വേലികളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം തന്നെയായിരിക്കും കരാറുകാരും സഞ്ചരിക്കുക. അങ്ങനെയൊക്കെ സംഭവിച്ചാല്‍ ഇനിയും കോടിക്കണക്കിനു രൂപ പാഴാകും. കുട്ടനാടന്‍ ജനതയുടെ ദുരിതങ്ങള്‍ തുടരുകയും ചെയ്യും.

പാക്കേജെന്നു പേരിട്ടു കുറേ പണം ചെലവഴിച്ചതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍. വലിയ തോതില്‍ മഴ പെയ്താല്‍ ജനങ്ങള്‍ ദുരിതക്കടലിലാകുന്ന അവസ്ഥയുടെ മൂലകാരണം ആദ്യം പരിശോധിക്കേണ്ടതുണ്ട്. അനധികൃതവും നിയമവിരുദ്ധവുമായ നിര്‍മാണപ്രവര്‍ത്തനങ്ങളും നിലം, കായല്‍ കൈയേറ്റവുമടക്കം പല കാരണങ്ങളും അതിനു പിന്നിലുണ്ടാകും. അതിനെതിരേയൊക്കെ ശക്തമായ നടപടികളുണ്ടാകേണ്ടതുണ്ട്. കൂടാതെ പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെടുന്നവരെ നിലയ്ക്കു നിര്‍ത്തുകയും കാര്യങ്ങള്‍ നേരായ വഴിയിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിനൊക്കെയുള്ള ഇച്ഛാശക്തി ഭരിക്കുന്നവര്‍ക്കില്ലെങ്കില്‍ എത്ര വലിയ പദ്ധതി കൊണ്ടുവന്നാലും കുട്ടനാടിന്റെ ദുരിതമൊഴിയില്ല.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.