
സാന്‍ഫ്രാന്‍സിസ്കോ: ഗൂഗിളിന്റെ സഹസ്ഥാപനമായ ഗൂഗിള്‍ ക്ലൗഡ് സി.ഇ.ഒ ആയി മലയാളിയായ തോമസ് കുര്യന് നിയമിതനായി. ഡയാന ഗ്രീനി രാജിവച്ചൊഴിയുന്നതോടെയാണ് തോമസ് കുര്യന് ഈ സ്ഥാനത്തെത്തിയത്.
ആമസോണ്‍, മൈക്രോസോഫ്റ്റ് കമ്പനികള്‍ക്കു മുന്നില്‍ ഗൂഗിള്‍ ക്ലൗഡിനെ വളര്‍ത്തിക്കൊണ്ടുവരികയെന്ന വലിയ ദൗത്യമാണ് 51 കാരനായ തോമസ് കുര്യനു മുമ്പിലുള്ളത്. ഈ രണ്ട് കമ്പനികളോടും സമീപകാലത്ത് അതിജയിക്കാനായില്ലെന്ന കാരണം കൊണ്ടാണ് ഗ്രീനിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റുന്നതും.
ദീര്‍ഘകാലം ഒറാക്കിള്‍ കോര്‍പ്പറേഷനില്‍ ഉന്നത സ്ഥാനത്തായിരുന്നു തോമസ് കുര്യന്. ഒറാക്കിള്‍ സഹസ്ഥാപകനും സി.ടി.ഒയുമായ ലാറി എലിസണുമായി തെറ്റി അദ്ദേഹം അവിടെനിന്ന് പിരിഞ്ഞിരുന്നു.
ജനുവരി 26 നാണ് തോമസ് കുര്യന് സ്ഥാനമേല്‍ക്കുക. അതുവരെ ഗ്രീനി തന്നെ തുടരും. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റില്‍ ഡയരക്ടറായും ഗ്രീനി തുടരും.
ലോകത്തിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയര് കമ്പനിയായ ഒറാക്കിളില്‍ ക്ലൗഡ് ഡെവലപ്മെന്റ് തലവനായിരുന്നു തോമസ് കുര്യന്. കോട്ടയം പാമ്പാടി സ്വദേശിയായ ഇദ്ദേഹം സഹോദരന് ജോര്‍ജ്ജ് കുര്യനോടൊപ്പം 1986 ല്‍ പ്രിന്‍സ്ടണില്‍ വിദ്യാര്‍ഥികളായാണ് അമേരിക്കയില്‍ എത്തുന്നത്.
ഐ.ഐ.ടി മദ്രാസ്, പ്രിന്‍സ്ടണ്‍, സ്റ്റാന്‍ഫഡ് എന്നിവിടങ്ങളിലായിരുന്നു തോമസ് കുര്യന്റെ പഠനം. 22 വര്‍ഷക്കാലം ഒറാക്കിളില്‍ സേവനംചെയ്തു.