2018 December 18 Tuesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

നിലപാടില്‍ മാറ്റമില്ലാതെ പിണറായി: കോണ്‍ഗ്രസ് ബി.ജെ.പിയാകുന്ന കാലമെന്ന് ആരോപണം

കോഴിക്കോട്: ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യത്തിലാവാമോയെന്ന കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ബി.ജെ.പിയാകുന്ന കാലമാണിതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ത്രിപുരയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ പോയി. ബി.ജെ.പി അധികാരം പിടിച്ചത് അങ്ങനെയാണ്. ഇക്കാര്യം ജനങ്ങള്‍ ചിന്തിക്കണമെന്ന് സി.ഐ.ടി.യു ദേശീയ കൗണ്‍സിലിന് സമാപനം കുറിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന റാലി ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷത വെറുതെ പറഞ്ഞതുകൊണ്ട് കാര്യമായില്ല. പറച്ചില്‍ മാത്രമായാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വരും. മതനിരപേക്ഷതയുടെ ശരിയായ ഉരകല്ല് വര്‍ഗീയതയോടുളള സമീപനമാണ്. കോണ്‍ഗ്രസ് വര്‍ഗീയതയോട് എക്കാലത്തും വിട്ടുവീഴ്ചചെയ്തു.

സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള ബദല്‍ കണ്‍മുന്നിലുണ്ട്. തൊഴിലാളി പ്രക്ഷോഭത്തിലൂടെ വളര്‍ന്നുവരുന്ന മഹാഐക്യംതന്നെ പ്രധാന ബദല്‍. എല്ലാ ജനവിഭാഗങ്ങളും പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലാണ്. തൊഴിലാളികള്‍ മാത്രമല്ല സാംസ്‌കാരിക ലോകവും ക്യാമ്പസുകളും പ്രതിഷേധത്തിലാണ്. അവരുടെ പ്രക്ഷോഭങ്ങളും ബദലുകളാണ്.

പുര്‍ണമായും തൊഴിലാളിവിരുദ്ധമാണ് കേന്ദ്രസര്‍ക്കാര്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി തട്ടിപ്പറിക്കുന്നു. ഇപ്പോള്‍ തൊഴില്‍ സ്ഥിരതയില്ലാതായി. കുത്തകകള്‍ക്ക് സര്‍ക്കാരിന്റെ ഇളവുകള്‍ ധാരാളമുണ്ട്. നികുതി ആനുകൂല്യങ്ങളും നല്‍കുന്നു. അവരുടെ ബാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുന്നു. ബാങ്കിങ് രംഗത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. നിക്ഷേപങ്ങള്‍ തോന്നിയപോലെ ഉപയോഗിക്കാന്‍ പുതിയ പരിഷ്‌കാരം അനുമതി നല്‍കുന്നു. നിക്ഷേപം വകമാറ്റാനും ഓഹരിയാക്കാനും സാധിക്കും.

വഴിവിട്ടുപോകുന്ന സര്‍ക്കാരിനെ നിയന്ത്രിക്കാനും പിടിച്ചുകെട്ടാനും പ്രക്ഷോഭം ശക്തമാക്കണം. വലിയതോതിലുള്ള ജനകീയമുന്നേറ്റം ഇനിയും വളര്‍ന്നുവരണം. കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും സമരത്തിലാണ്. ഈ ഐക്യനിര കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുത്തുന്നു. ഈ ഐക്യം ഇല്ലാതാക്കാന്‍ വര്‍ഗീയവികാരം ആളിക്കത്തിക്കാനാണ് ശ്രമം. ബി.ജെ.പി അധികാരത്തിലുള്ളിടത്തെല്ലാം വര്‍ഗീയസംഘര്‍ഷം നടക്കുന്നു. അതുവഴി ജനങ്ങളെ ഭിന്നിപ്പിക്കലാണ് ലക്ഷ്യം. മതനിരപേക്ഷത സംരക്ഷിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂപിണറായി പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.