2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഹജ്ജ്: വിമാനത്താവളങ്ങളില്‍ ശക്തമായ തിരക്ക്, എമിഗ്രേഷന്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി

പ്രവേശന കവാടങ്ങളില്‍ ആരോഗ്യ കണ്‍ട്രോള്‍ സെന്ററുകള്‍ തുടങ്ങി

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഹജ്ജിനെത്തുന്ന വിദേശികളുടെ വരവ് ശക്തമായതോടെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ വിദേശ ഹാജിമാര്‍ വന്നിറങ്ങുന്ന ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവിടെ നിലവിലുള്ള കൗണ്ടറുകള്‍ കൂടാതെ നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകളില്‍ കൂടി ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നുണ്ടെന്ന് ജിദ്ദ എയര്‍പോര്‍ട്ട് ജവാസാത്ത് ഹജ് ഫോഴ്‌സ് കമാണ്ടര്‍ കേണല്‍ സുലൈമാന്‍ അല്‍യൂസുഫ് പറഞ്ഞു.

ഹാജിമാരുടെ വരവ് ശക്തമായതിനെ തുടര്‍ന്നു സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നിദേശ പ്രകാരമാണ് പുതിയ നടപടി. അമേരിക്ക, യൂറോപ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങളാണ് നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകള്‍ വഴി പൂര്‍ത്തിയാക്കുന്നത്. ഹാജിമാരുടെ നടപടിക്രമങ്ങള്‍ക്ക് ജിദ്ദ എയര്‍പോര്‍ട്ടിലെ ഹജ് ടെര്‍മിനലില്‍ ഈ വര്‍ഷം 200 കൗണ്ടറുകള്‍ ജവാസാത്ത് സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം 140 കൗണ്ടറുകളാണുണ്ടായിരുന്നത്. ഇവക്കു പുറമെ നോര്‍ത്ത് ടെര്‍മിനലില്‍ 50 ഉം സൗത്ത് ടെര്‍മിനലില്‍ 40 ഉം ജവാസാത്ത് കൗണ്ടറുകളാണുള്ളത്.

സഊദിയിലേക് തിരിക്കുന്നതിനു മുമ്പു തന്നെ തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകളും വിസകളും വിമാന കമ്പനികള്‍ പരിശോധിച്ച് കൃത്രിമങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. വ്യാജ പാസ്‌പോര്‍ട്ടുകളും വിസകകളും കണ്ടെത്തിയാല്‍ വിമാന കമ്പനികള്‍ അടക്കം ഹജ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമാനുസൃത നടപടികളെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, തിരക്ക് വര്‍ധിച്ചതോടെ ആരോഗ്യ മേഖലയിലും പരിശോധന ശക്തമാക്കി. രാജ്യത്തേക്ക് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന കര, വ്യോമ, ജല അതിര്‍ത്തികളില്‍ ഇതിനായി 12 ആരോഗ്യ കണ്‍ട്രോള്‍ സെന്ററുകള്‍ തുറന്നതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന 19 ക്ലിനിക്കുകളും രണ്ടായിരത്തോളം ആരോഗ്യ മേഖല ജീവനക്കാരും സദാ സമയവും ഇവിടെ ജാഗ രൂഗരാണെന്നും മന്ത്രാലയനം അറിയിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യ പരിശോധനക്ക് പുറമെ മറ്റു സര്‍വ്വ വിധ മെഡിക്കല്‍ സന്നാഹങ്ങളുമായാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.