2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

വാക്കാല്‍ പറഞ്ഞാല്‍ പോര: വിധിയില്‍ വിമര്‍ശനമുണ്ടെങ്കില്‍ രാജിയെന്ന് തോമസ് ചാണ്ടി

മുഖ്യമന്ത്രി മാറ്റി നിർത്തിയാലും നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും

 

തിരുവനന്തപുരം: കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. വിധിയില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടെങ്കില്‍ ആ നിമിഷം രാജിവയ്ക്കും. വിധി പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചതിനു ശേഷം അതു പരിശോധിച്ച് തനിക്കെതിരെ വിമര്‍ശനമുണ്ടെങ്കില്‍ രാജിവയ്ക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

കൈയ്യേറ്റ വിഷയത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതിയുടെ പരാമര്‍ശമെല്ലാം വിധിന്യായമല്ല. കോടതി ഉത്തരവ് കിട്ടിയ ശേഷം ബുധനാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. മന്ത്രി രാജിവയ്ക്കുന്നതാണ് നല്ലതെന്നു വരെ കോടതി പരാമര്‍ശിച്ചു. ഇതോടെ, ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് തോമസ് ചാണ്ടി. ഇതിനിടെയാണ് രാജിക്കാര്യത്തില്‍ തോമസ് ചാണ്ടിയുടെ പുതിയ വിശദീകരണം.

അതേസമയം, നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിനു മുമ്പേ തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്. രാവിലെ എട്ടു മണിക്കാണ് മുഖ്യമന്ത്രിയെ കാണുക. കൂടിക്കാഴ്ചയില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഇതിനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ ചെയ്യുമെന്നും എല്ലാം തെളിഞ്ഞാല്‍ നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.