2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ദിവസങ്ങള്‍ക്കു മുന്‍പ് ബഹ്‌റൈനിലെത്തിയ മലയാളി ജോലിയില്‍ പ്രവേശിക്കാനിരിക്കെ നിര്യാതനായി

വ്യാഴാഴ്ച ബഹ്‌റൈനിലെത്തിയ  കുഞ്ഞബ്ദുള്ള ചൊവ്വാഴ്ച മരണപ്പെട്ടത്

 

 

ഉബൈദുല്ല റഹ്മാനി

മനാമ: ദിവസങ്ങള്‍ക്കു മുന്‍പ് ബഹ്‌റൈനിലെത്തിയ മലയാളി ജോലിയില്‍ പ്രവേശിക്കാനിരിക്കെ മരണപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച ബഹ്‌റൈനില്‍ ആദ്യമായി ജോലി തേടിയെത്തിയ കുറ്റ്യാടി സ്വദേശി മണ്ണില്‍ പൊയില്‍ കുഞ്ഞബ്ദുള്ള(53)യാണ് മനാമയിലെ താമസസ്ഥലത്ത് വച്ച് ചൊവ്വാഴ്ച മരണപ്പെട്ടത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
നേരത്തെ സഊൗദി പ്രവാസിയായിരുന്നു കുഞ്ഞബ്ദുല്ല. സഊദി വിസ കാന്‍സല്‍ ചെയ്ത് നാട്ടിലെത്തിയ ശേഷമാണിപ്പോള്‍ ബഹ്‌റൈനില്‍ പുതിയ ജോലി തേടിയെത്തിയത്.

അടുത്ത ദിവസം ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് മരണം സംഭവിച്ചതെന്ന് സുഹൃത്തുക്കള്‍ സുപ്രഭാതത്തോട് പറഞ്ഞു. സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായി കുഞ്ഞബ്ദുല്ലയെ ബഹ്‌റൈനിലെത്തിച്ച അഷ്‌റഫും സാമൂഹ്യപ്രവര്‍ത്തകരായ കെ.ടി സലീം, സുബൈര്‍ കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.സി.എഫ് പ്രവര്‍ത്തകരും പരിശ്രമിക്കുന്നുണ്ട്.

കുഞ്ഞബ്ദുല്ലയുടെ പേരില്‍ ബഹ്‌റൈനിലുള്ള മയ്യിത്ത് നിസ്‌കാരം പ്രാദേശിക സമയം 9.30ന് കുവൈത്തി മസ്ജിദില്‍ നടക്കും. തുടര്‍ന്ന് പ്രാദേശിക സമയം 1.10ന് പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം രാത്രി എട്ടു മണിയോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്. ഇവിടെ നിന്നും ബന്ധുക്കള്‍ ഏറ്റുവാങ്ങുന്ന മൃതദേഹം സ്വദേശത്തെ മഹല്ല് ഖബറിസ്ഥാനില്‍ ഖബറടക്കും. ഭാര്യയും മൂന്നു കുട്ടികളുമുള്‍പ്പെടുന്ന കുഞ്ഞബ്ദുല്ലയുടെ കുടുംബം നാട്ടിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.