2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഹജ്ജ്: ജംറയിലെ കല്ലേറ് കര്‍മത്തിനുള്ള ചെറുകല്ലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്

കല്ലുകള്‍ അണുമുക്തമാക്കി പായ്ക്കു ചെയ്താണ് ഹാജിമാര്‍ക്ക് വിതരണം ചെയ്യുക

നിസാര്‍ കലയത്ത്

ജിദ്ദ: വിശുദ്ധ ഹജ്ജിന്റെ ഭാഗമായ ജംറയിലെ കല്ലേറ് കര്‍മത്തിനുള്ള ചെറുകല്ലുകള്‍ സഞ്ചികളിലാക്കി വില്‍ക്കുന്നവര്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആഭ്യന്തര ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്കും വിദേശ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കും കീഴിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചെറുകല്ലുകള്‍ ഒന്നിച്ച് വിതരണം ചെയ്യുമെന്ന് അവകാശപ്പെട്ട് ചിലര്‍ ഇതിനകം പരസ്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കല്ലേറ് കര്‍മത്തിനുള്ള കല്ലുകള്‍ വില്‍പ്പന നടത്തുന്നതിന് ഒരു സ്ഥാപനത്തിനും ഏജന്‍സിക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ കല്ലുകള്‍ വില്‍പ്പന നടത്തുന്നത് നിയമ ലംഘനമാണ്.

കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് ആവശ്യമായ ചെറുകല്ലുകള്‍ ശേഖരിച്ച് കഴുകി വൃത്തിയാക്കി മെഷിനിലിട്ടു അണുമുക്തമാക്കി പായ്ക്കു ചെയ്താണ് ഹാജിമാര്‍ക്ക് വിതരണം ചെയ്യുക. ഓരോ സഞ്ചിയിലും ദുല്‍ഹജ്ജ് 10, 11, 12, 13 ദിവസങ്ങളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് ആവശ്യമായ 70 ചെറുകല്ലുകളാണ് നിറക്കുന്നത്. നഷ്ടപ്പെടുന്ന കല്ലുകള്‍ക്കു പകരം ഉപയോഗിക്കുന്നതിന് ഓരോ സഞ്ചിയിലും രണ്ടു കല്ലുകള്‍ വീതം അധികം നിറക്കും.

കല്ലുകള്‍ നിറച്ച സഞ്ചികള്‍ക്ക് ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് വങ്ങാം. 800 സഞ്ചികള്‍ വാങ്ങുന്ന സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് സഞ്ചികളിലൊന്ന് മൂന്നു റിയാല്‍ നിരക്കിലാണ് നല്‍കുക. ഇതില്‍ കൂടുതല്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു റിയാല്‍ നിരക്കില്‍ നല്‍കും. മുസ്ദലിഫയില്‍ നിന്നും മിനായില്‍ നിന്നുമാണ് കല്ലുകള്‍ ശേഖരിക്കുന്നത്. വീണുപോകാതിരിക്കുന്നതിന് സഞ്ചികള്‍ കെട്ടിയാണ് വിതരണം ചെയ്യുക.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.