2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

വായ്പയെടുത്ത് വഴുതന കൃഷിചെയ്തു; കിട്ടിയത് കിലോയ്ക്ക് 20 പൈസ മാത്രം, വേരോടെ പിഴുതെറിഞ്ഞ് നശിപ്പിച്ചു

 

മുംബൈ: ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കഷ്ടപ്പെട്ട് കൃഷിയിറക്കിയ വഴുതന കര്‍ഷകന് ഒടുവില്‍ ലഭിച്ചത് കിലോയ്ക്ക് വെറും 20 പൈസ മാത്രം! ഇതില്‍ ദേഷ്യപ്പെട്ട കര്‍ഷകര്‍ ഇനിയും നഷ്ടം വരേണ്ടെന്നു കരുതി കൃഷി മുഴുവന്‍ നശിപ്പിച്ചു.

ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള സുക്രി ഗ്രാമത്തില്‍ നിന്നാണ് കരളലിയിപ്പിക്കുന്ന കാഴ്ച. രണ്ടു ലക്ഷം രൂപ വായ്പയെടുത്ത് കൃഷിയിറക്കിയ രാജേന്ദ്ര ബാവക്ക് എന്ന കര്‍ഷകന് ലഭിച്ചത് വെറും 65,000 രൂപ. കൂടെ, നടുവൊടിഞ്ഞ് എടുത്ത പണിയും.

രണ്ടേക്കര്‍ സ്ഥലത്താണ് വഴുതന കൃഷിക്കായി നിലമൊരുക്കിയത്. വെള്ളമെത്തിക്കാന്‍ പൈപ്പും ഡ്രിപ്പും സംവിധാനിച്ചു. ഉല്‍പാദനം കൂട്ടാന്‍ വേണ്ടി നല്ല വളങ്ങളും ഉപയോഗിച്ചുവെന്നും കര്‍ഷകന്‍ പറഞ്ഞു.

വളത്തിന്റെ 35,000 രൂപ വിതരണക്കാര്‍ക്ക് നല്‍കാനുണ്ട്. ഇത് എങ്ങനെ കണ്ടെത്തുമെന്ന് പിടിയില്ലെന്നും രാജേന്ദ്ര പറഞ്ഞു. നാസിക്, സൂറത്ത് തുടങ്ങിയ നഗരങ്ങളിലെ മൊത്തവ്യാപാരികള്‍ക്ക് വഴുതന വില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ 20 പൈസ മാത്രമാണ് അവര്‍ കിലോയ്ക്ക് വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നാല് മാസമായി ഇത് തന്നെയാണ് സ്ഥിതിയെന്ന് രാജേന്ദ്ര പറയുന്നു. വീട്ടില്‍ വളര്‍ത്തുന്ന പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങാന്‍ പോലും പണമില്ല. കൃഷി തുടര്‍ന്നാല്‍ ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാകുമെന്നാണ് രാജേന്ദ്ര പറയുന്നത്.

മഹാരാഷ്ട്രയില്‍ ഉളളി കര്‍ഷകരുടെ സ്ഥിതിയും ഇതിന് സമാനമാണ്. 750 കിലോ ഉളളി വിറ്റ നാസിക്കില്‍ നിന്നുളള കര്‍ഷകന് ആകെ ലഭിച്ചത് 1064 രൂപയാണ്. ഈ തുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാണ് സഞ്ജയ് സേത് എന്ന കര്‍ഷകന്‍ പ്രതിഷേധിച്ചത്.

രാജ്യത്താകമാനം കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. നിരവധി പ്രതിഷേധങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം വേദിയായത്. രാജ്യതലസ്ഥാനത്ത് കാല്‍നടയായെത്തിയ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ തങ്ങളുടെ വിഷമത്തിന് പരിഹാരം തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.