2018 April 14 Saturday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

‘ഞങ്ങളുടെ പൊന്നുമോനു സംഭവിച്ച ഈ ദുര്‍ഗതി മറ്റാര്‍ക്കും സംഭവിക്കരുത്’- മടവൂരില്‍ കൊല്ലപ്പെട്ട വിദ്യാർഥിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോഴിക്കോട്: മടവൂര്‍ സി.എം സെന്ററില്‍ കൊല്ലപ്പെട്ട വയനാട് മാനന്തവാടി സ്വദേശി അബ്ദുല്‍ മാജിദ് എന്ന വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും കോഴിക്കോട് പൊലിസ് കമ്മീഷണര്‍ക്കും നല്‍കിയതായി പിതാവ് മമ്മൂട്ടി സഖാഫിയും ബന്ധുക്കളും കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുട്ടിയുടെ മരണത്തിലും തുടര്‍നടപടികളിലും ദുരൂഹതയുണ്ടെന്നും നിലവിലെ അന്വേഷണത്തില്‍ സംതൃപതിയില്ലെന്നും ഡി.വൈ.എസ്.പി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും പിതാവ് പൊലിസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്്. സ്ഥാപനത്തിലുള്ള ജീവനക്കാരോ മറ്റോ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്നും ഇതു പുറത്തു പറയുമെന്ന് ഭയന്ന ആരോ തന്റെ മകനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നുവെന്നും ഇതു ആന്വേഷിക്കണമന്നും പരാതിയില്‍ പറയുന്നു.

കൊല്ലപ്പെട്ട ദിവസവും തലേദിവസവും നടന്ന സംഭവങ്ങളില്‍ ദൂരൂഹതയുണ്ട്. മകന്റെ പെരുമാറ്റത്തിലും സംസാരത്തിലും അവന്‍ പഠിക്കുന്ന മടവൂരിലെ സി.എം സെന്ററില്‍ തുടര്‍ന്നു പഠിക്കാന്‍ താത്പര്യമില്ലെന്നു മനസ്സിലായിരുന്നു. കൊല്ലപ്പെടുന്നതിന്റെ തലേദിവസം മകന്‍ എന്നേയും ഭാര്യയേയും വിളിച്ചിരുന്നു. എനിക്കു ഇവിടെ തുടരാനാവുന്നില്ലെന്നും ബക്കറ്റുമായി വീണ് നെഞ്ചില്‍ മുറിവ് പറ്റിയെന്നും എത്രയും പെട്ടെന്ന് കൂട്ടികൊണ്ടു പോവണമെന്നും അല്ലെങ്കില്‍ അവന്‍ ബസ് കയറി വരുമെന്നും ഫോണില്‍ പറഞ്ഞിരുന്നു.

ഇതുപ്രകാരം അടുത്ത ദിവസം അവനെ കൂണ്ടികൊണ്ടു വരാനായി തീരുമാനിച്ചപ്പോഴാണ് രാവിലെ ഒമ്പതര മണിക്ക് മകന്റെ ക്ലാസ് അധ്യാപകന്‍ വിളിച്ചത്. മകനു ചെറിയ പരുക്കു പറ്റിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളജില്‍ എത്തണമെന്നും അറിയിച്ചു. ഇതുപ്രകാരം ഞാന്‍ മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും എന്റെ മകന്‍ മരിച്ചിരുന്നുവെന്നും സഖാഫി പരാതിയില്‍ പറയുന്നു. ഞങ്ങള്‍ പൊന്നുപോലെ സംരക്ഷിച്ച മകനു സംഭവിച്ച ദുര്‍ഗതി മറ്റൊരു വിദ്യാര്‍ഥിക്കും വരരുതെന്നും അതിനാല്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

ദുരൂഹതകള്‍ അവശേഷിക്കുന്നു

പ്രതിയായി പൊലിസും സ്ഥാപന അധികാരികളും പറയുന്ന ശംസുദ്ദീന്‍ എന്ന വ്യക്തിയുടെ നടപടികളിലും അധികൃതരുടെ നിലപാടുകളിലും വൈരുദ്ധ്യങ്ങള്‍ ധാരാളമുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രതിയെന്നു പറയുന്ന വ്യക്തി സ്ഥാപനത്തിലെ നിത്യസന്ദര്‍ശകനായിരുന്നു. ഒരു മാസത്തോളമായി ഇയാള്‍ ഇവിടെയാണ് താമസിക്കുന്നത്.

സ്ഥാപന അധികൃതര്‍ ഇയാള്‍ക്കു മാനസിക രോഗമുണ്ടെന്ന് പറയുന്നുമുണ്ട്. കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തും ശുചിമുറിയിലും പ്രതി എത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും പൊലിസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യുടെ ഞെരമ്പ് മുറിച്ച് മരിക്കുമെന്നും വാഹനത്തിനു മുമ്പില്‍ ചാടി ജീവനൊടുക്കുമെന്നും അല്ലെങ്കില്‍ ഇവിടെ നിന്ന് രക്ഷിക്കണമെന്നും സ്ഥാപനത്തില്‍ മകന്റെ കൂടെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ പറഞ്ഞതായി ഒരിക്കല്‍ മകന്‍ അബ്ദുല്‍ മാജിദ് വിളിച്ചു പറഞ്ഞിരുന്നുവെന്നും ഈ കാര്യവും അന്വേഷണത്തിന്റെ പരിതിയില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ പറയുന്നുണ്ട്.

മകന്റെ കഴുത്തിന് താഴെ പഞ്ഞിവെച്ചതായി കണ്ടിരുന്നു. അവന്റെ ചൂണ്ട് വെളുത്ത് വിളറിയ നിലയിലാണ് കാണപ്പെട്ടിരുന്നത്. ഇതു മരിച്ച ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് മയ്യിത്ത് ആശുപ്രതിയിലേക്ക് കൊണ്ടു പോയതെന്നതിന്റെ തെളിവാണെന്നും ഇവര്‍ ആരോപിക്കുന്നു. പിതാവിനൊപ്പം ബന്ധുക്കളായ വി മുജീബ്, മൊയ്തു മലബാരി, ഇബ്രാഹീം എന്നിവരും പരാതി നല്‍കാന്‍ എത്തിയിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.