2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഹജ്ജിന് പരിസമാപ്തി: അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ അടുത്തയാഴ്ച മുതല്‍; മക്ക അമീര്‍

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ സമാധാനപരമായി പര്യാവസാനിച്ചെന്നും യാതൊരുവിധ പ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഉണ്ടായിട്ടില്ലെന്നും മക്ക ഗവര്‍ണറും സഊദി ഹജ്ജ് സെന്‍ട്രല്‍ കമ്മിറ്റി അധ്യക്ഷനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഹജ്ജ് സമാപനം പങ്കുവയ്ക്കാന്‍ മക്കയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രണ്ടര ലക്ഷം സുരക്ഷാ സേനാംഗങ്ങളെയാണ് മക്കയിലും പുണ്യ നഗരികളിലുമായി നിയോഗിച്ചിരുന്നത്. വിവിധ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലുമായി 32,000 ഡോക്റ്റര്‍മാരും സേവന രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇരു ഹറമുകളുടെയും വികസന പദ്ധതികളുമായി ബന്ധപ്പെട്ടു ‘സ്മാര്‍ട്ട് ഹജ്ജ്’ എന്ന പദ്ധതി ഒരുക്കുകയാണ് സഊദി ഭരണകൂടം. മുഴുവന്‍ സൗകര്യങ്ങളോടെ അഞ്ചു മില്യണ്‍ ഹാജിമാരെ ഉള്‍കൊള്ളുകയാണ് ലക്ഷ്യം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ തുടക്കം അടുത്ത വര്‍ഷം ആരംഭിക്കും. അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ അടുത്തായാഴ്ച മുതല്‍ സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ ഹജ്ജ് സുഖകരമായി പര്യവസാനിച്ചതില്‍ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിയമ ലംഘനം തടയുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഖത്തര്‍ പൗരന്മാരെ സഊദി തടയുന്നുവെന്ന വാദം തെറ്റാണെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു ഖത്തരികളുടെ സാന്നിധ്യം. ഖത്തര്‍ അനുവദിച്ചിരുന്നെങ്കില്‍ സഊദി വിമാനം അവരെ സ്വീകരിക്കുമായിരുന്നു. എന്നാല്‍, എല്ലാ മേഖലകളിലും ഖത്തര്‍ ഭരണകൂടം പൗരന്മാരെ ഹജ്ജിനെത്തുന്നത് തടയാനാണ് ശ്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.