2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

കൊളീജിയം വീണ്ടും ചേര്‍ന്നു: ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: വീണ്ടും കൊളീജിയം യോഗം ചേര്‍ന്നിട്ടും ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഒരു പ്രാവശ്യം തള്ളിയ ശുപാര്‍ശ വീണ്ടും നല്‍കണമോയെന്ന കാര്യത്തിലാണ് തീരുമാനാവാത്തത്.

ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ ഈമാസം 11ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നെങ്കിലും ജോസഫിന്റെ പേരു മാത്രം നല്‍കിയാല്‍ മതിയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. മറ്റു ജഡ്ജിമാരുടെ പേരുകളുടെ കൂടെ ജോസഫിന്റെ പേരു നല്‍കിയാല്‍ മതിയോ എന്ന അഭിപ്രായവും ഉയര്‍ന്നതോടെയാണിത്.

അതേസമയം, വേനല്‍ അവധി കഴിയുന്നതു വരെ തീരുമാനം നീട്ടിക്കൊണ്ടുപോവാനാണ് തീരുമാനമെടുക്കാതെ പിരിയുന്നതെന്നും സൂചനയുണ്ട്. വേനല്‍ അവധിക്കായി കോടതി വെള്ളിയാഴ്ച അടയ്ക്കും. അതു കഴിഞ്ഞ് ജൂലൈ രണ്ടിനു ശേഷം മാത്രമാണ് ഇനി കൊളീജിയം ചേരാനാവുകയുള്ളൂ.

മുതിര്‍ന്ന ജഡ്ജിയും ജോസഫിന്റെ പേരിനായി വാദിക്കുകയും ചെയ്യുന്ന ജസ്റ്റിസ് ചെലമേശ്വര്‍ ഈമാസം 22ന് വിരമിക്കുകയും ചെയ്യും. ഇതോടെ ജോസഫിനെ ഒഴിവാക്കി മറ്റൊരു പേര് നിര്‍ദേശിക്കാനും സാധ്യത തെളിയും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.