
ലോക ദേശീയഗാനങ്ങള്ക്കിടയില് യൂട്യൂബില്‍ ഒന്നാം നമ്പറായി ഇന്ത്യയുടെ ‘ജന ഗണ മന’. ഈ ജൂലൈ 29ന് ഷായന് ഇറ്റാലിയ എന്ന സംഗീതജ്ഞന് പോസ്റ്റ് ചെയ്ത വീഡിയോയാണ് സര്‍വ്വ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുന്നത്. 43 മില്യണ്‍ തവണകളാണ് ഇതിനകം വീഡിയോ കണ്ടത്. നേരത്തെ 36 മില്യണ്‍ വ്യൂ ഉണ്ടായിരുന്ന ഫ്രഞ്ച് ദേശീയഗാനത്തിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്.
അനിയന്ത്രിതമായി കമന്റ് വര്‍ഷവും ഉണ്ടായതോടെ, കമന്റ് ബോക്സ് ഡിസേബിള്‍ ചെയ്തിരിക്കുകയാണിപ്പോള്‍. കാന്‍സര്‍ രോഗത്തിന് കീഴടങ്ങി തന്റെ കുട്ടിക്കാലത്ത് വിട്ടുപോയ അമ്മയ്ക്കും മാതൃരാജ്യത്തിനും വേണ്ടി വീഡിയോ സമര്‍പ്പിക്കുന്നുവെന്നും #IWouldStandForThis എന്ന ഹാഷ്ടാഗോടു കൂടിയുള്ള വീഡിയോയില്‍ ഷായന് പറയുന്നു.
മരിക്കുന്നതിനു മുന്‍പ് തനിക്ക് അമ്മ സമ്മാനിച്ച പിയാനോയുടെ ഓര്‍മ്മകള്‍ കൂടി നിറഞ്ഞുനില്‍ക്കുന്നതാണ് വീഡിയോ. 1998 ല്‍ അമ്മ മകന് ‘ഗുഡ്ബൈ’ സമ്മാനമായി പിയാനോ വാങ്ങി നല്കി. എന്നാല്‍ മകന്റെ പിയാനോ വായനക്ക് അമ്മ കാത്തുനിന്നില്ല, കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച് മരണംവരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച പിയാനോ എന്നറിയപ്പെടുന്ന ‘സ്റ്റൈന്‍വേ ആന്റ് സണ്‍സ് കണ്‍സേര്‍ട്ട് പിയാനോ’യിലാണ് ഷായന് സംഗീതം ചെയ്ത് വീഡിയോ ചിത്രീകരിച്ചത്. പണ്ട് അമ്മ ഷായന് പിയാനോ വിറ്റതും ഇതേ പിയാനോയുടെ ഉടമ ആന്റണി ഗോമസ് ആയിരുന്നു.