2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശക്തമായ പ്രതിഷേധത്തിനിടെ ഇ മൈഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നീട്ടിവച്ചു

റിയാദ്: പ്രവാസികളുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം തല്‍ക്കാലം നീട്ടിവച്ചു. 18 രാജ്യങ്ങളിലെ ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ടില്‍ തൊഴില്‍ വിസകളില്‍ നിലവില്‍ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കും പുതുതായി പോകുന്നവര്‍ക്കുമായി അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധമാക്കിയ രജിസ്‌ട്രേഷന്‍ സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം ഉപേക്ഷിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. എങ്കിലും ഇത് തത്കാലമായാണ് നിര്‍ത്തി വെക്കുന്നതെന്നും പദ്ധതി തുടരുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് സഊദി,യു.എ.ഇ എന്നിവിടങ്ങളിലെ എംബസികളും ട്വിറ്ററില്‍ പങ്കുവച്ചു.

ഇക്കഴിഞ്ഞ പതിനാലിനാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശത്ത് ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എന്‍.ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇമിഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഉത്തരവ്. പുതിയ തൊഴില്‍ വിസയില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും റീ എന്‍ട്രിയില്‍ പോയി മടങ്ങുന്നവര്‍ക്കും ഇത് ബാധകമായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ആര്‍ക്കും ഇതില്‍നിന്ന് ഒഴിവില്ല. നേരത്തെ ഇ.സി.എന്‍.ആര്‍ (എമിഗ്രെഷന്‍ ചെക് ആവശ്യമില്ല) പാസ്‌പോര്‍ട്ടുകള്‍ക്ക് നിര്‍ബന്ധമായിരുന്നില്ലെങ്കിലും അടുത്ത വര്‍ഷം ജനുവരി ആദ്യം മുതല്‍ ഇത്തരം പാസ്‌പോര്‍ട്ടുകള്‍ക്കും നാട്ടില്‍ നിന്നും പോരുന്ന സമയത്ത് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥക്കെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എമിഗ്രേഷന്റെ 24 മണിക്കൂര്‍ മുന്‍പെങ്കിലും ഇ മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ യാത്ര തന്നെ മുടങ്ങുമെന്നും മുന്നറിയിപ്പുമുണ്ടായിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രവാസികള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധവുമായി രംഗത്തെത്തുകയും ട്രാവല്‍ ഉടമകള്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനായി ഒരുങ്ങുന്നതിനിടെയാണ് താത്കാലികമായി മരവിപ്പിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.

സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, ലിബിയ, മലേഷ്യ, ലബനോന്‍, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, ദക്ഷിണ സുഡാന്‍, സിറിയ, തായ്‌ലന്റ്, യെമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നത്. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി തേടി യാത്ര ചെയ്യാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇ.സി.എന്‍.ആര്‍) നേരത്തെതന്നെ ബാധകമാക്കിയിരുന്നു. എന്നാല്‍, മറ്റു രാജ്യങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താത്തതും നിശ്ചിത രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതും ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് നീട്ടി വെച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.