2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ത്യ സഊദി സാമ്പത്തിക വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കും

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഊദിയിലെ വിവിധ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി.

റിയാദില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഇന്ത്യ- സഊദി പന്ത്രണ്ടാമത് ജോയിന്റ് കൗണ്‍സില്‍ യോഗത്തിനായുള്ള പ്രതിനിധി സംഘത്തെ നയിച്ചു സഊദിയിലെത്തിയ ധനമന്ത്രി ജെയ്റ്റ്‌ലി മുതിര്‍ന്ന സഊദി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള കാര്യം ചര്‍ച്ചയായത്. ഇന്തോ- സഊദി ജോയന്റ് കൗന്‍സിലില്‍ മുഖ്യപ്രഭാഷണവും അരുണ്‍ ജെയ്റ്റ്‌ലി നടത്തി. വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യയുടെ നാലാമത്തെ വാണിജ്യ പങ്കാളിയാണ് സഊദിയെന്നും സാമ്പത്തിക വാണിജ്യ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും ഇതിന് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. സഊദി നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും മികച്ച അവസരമാണുള്ളതെന്നും ഇതുപയോഗപ്പെടുത്തതാന്‍ സഊദി നിക്ഷേകര്‍ രംഗത്ത് വരണമെന്നും അദ്ദേഹം ഉണര്‍ത്തി. സഊദി ഇന്ത്യ വനിതാ വേദി രൂപീകരിക്കുന്നതടക്കം നിര്‍ണ്ണായക തീരുമാനങ്ങളും യോഗത്തില്‍ കൈകൊണ്ടു.

റിയാദിലെത്തിയ ജയ്റ്റ്‌ലി നേരത്തെ അല്‍ യമാമ രാജ കൊട്ടാരത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശവും ജയ്റ്റ്‌ലി സല്‍മാന്‍ രാജാവിന് കൈമാറി.

കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളടക്കം വിവിധ അന്താരാഷ്ട്ര വിഷയങ്ങള്‍ ഇരുവരും അവലോകനം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിമാരായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍, ഡോ: മുസാഇദ് ബിന്‍ മുഹമ്മദ് , വാണിജ്യ മന്ത്രി ഡോ: മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി, ധനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദ്ആന്‍, വിദേശകാര്യ സഹമന്ത്രി നിസാര്‍ ഉബൈദ് മദനി, ഇന്ത്യയിലെ സഊദി അംബാസിഡര്‍ ഡോ: സഊദ് ബിന്‍ മുഹമ്മദ് അല്‍ സാതി, സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.