2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

1200 കോടി രൂപ ചെലവില്‍ കാവേരി മാതാവിന്റെ പ്രതിമ നിര്‍മിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഗുജറാത്തില്‍ കേന്ദ്രസര്‍ക്കാര്‍ 3000 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പട്ടേല്‍ പ്രതിമയുടെ വിവാദം തീരും മുന്‍പേ, 1200 കോടി രൂപയുടെ പ്രതിമ നിര്‍മിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍.

125 മീറ്റര്‍ ഉയരത്തിലുള്ള കാവേരി മാതാ പ്രതിമയാണ് സര്‍ക്കാര്‍ നിര്‍മിക്കുന്നത്. മാണ്ഡ്യ ജില്ലയില്‍ കാവേരി പുഴയുടെ തീരത്തായി കൃഷ്ണരാജസാഗര അണക്കെട്ടിനു സമീപത്താണ് പ്രതിമ നിര്‍മിക്കുക. ഇതിനായി 400 ഏക്കര്‍ സ്ഥലം കണ്ടെത്തും.

ജലവിഭവ, ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതിക്കായി ടെണ്ടര്‍ ക്ഷണിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ”ഡിസ്‌നിലാന്റ് പോലെ നമ്മള്‍ വെറും അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. മൈസൂരു വിനോദസഞ്ചാര കേന്ദ്രമാണ്. അവിടെ വിഖ്യാതമായ ബ്രിന്ദാവന്‍ പൂന്തോട്ടമുണ്ട്. പക്ഷെ, നമുക്ക് ഒന്നുകൂടി മെച്ചപ്പെടുത്തി ലോകശ്രദ്ധയാകര്‍ഷിക്കണം”- ജലവിഭവ വകുപ്പു മന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍, ഇതൊരു ആശയമാണെന്നും സര്‍ക്കാര്‍ പണമായിരിക്കില്ല പ്രതിമയുടെ നിര്‍മാണത്തിനായി വിനിയോഗിക്കുകയെന്നും ശിവകുമാര്‍ പറഞ്ഞു. നിക്ഷേപകരെ ഇതിനായി സര്‍ക്കാര്‍ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിനദോസഞ്ചാരം പരിപോഷിപ്പിക്കുകയും അതിലൂടെ സര്‍ക്കാരിന് കൂടുതല്‍ പണമുണ്ടാക്കുകയും തൊഴില്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്നും ശിവകുമാര്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.