
മൈസൂരു: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി ഒറ്റ സ്ലാബിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ച് സ്ലാബുകള്‍ക്ക് പകരം ഒറ്റ സ്ലാബ് കൊണ്ടുവരികയും 28 ശതമാനം നികുതി ഇല്ലാതാക്കുകയും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കവേയാണ് ജി.എസ്.ടി പരാമര്‍ശം നടത്തിയത്. ഏഴു ശതമാനമെന്ന ഒറ്റ ജി.എസ്.ടി സിംഗപ്പൂരില്‍ നടപ്പിലാക്കിയപ്പോള്‍ ഇന്ത്യയില്‍ എന്തുകൊണ്ട് 28 ശതമാനം വരെയെത്തി എന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയാണ് ഇക്കാര്യത്തില്‍ മറുപടി പറയാന്‍ നല്ലതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വ്യത്യസ്ത സ്ലാബുകളിലുള്ള ജി.എസ്.ടി അഴിമതിക്ക് കാരണമാവുമെന്നും രാഹുല്‍ പറഞ്ഞു.
”അടിസ്ഥാനപരമായി ജി.എസ്.ടി കോണ്‍ഗ്രസിന്റെ ആശയമാണ്. സിംഗപ്പൂരിലുള്ളതു പോലെ ഒരു സ്ലാബിലായിരുന്നു അത്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അതു കൊണ്ടുവന്നപ്പോള്‍ അഞ്ച് വ്യത്യസ്ത സ്ലാബുകളിലായി. അതില്‍ 28 ശതമാനം നികുതിയുമുണ്ട്”- രാഹുല്‍ പറഞ്ഞു.