2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

തട്ടിപ്പിനും പൂഴ്ത്തിവെപ്പിനും ഉപയോഗിക്കുന്നു; 2000 രൂപയുടെ നോട്ട് അച്ചടി നിര്‍ത്തി

 

ന്യൂഡല്‍ഹി: വലിയ കോലാഹലത്തോടെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ട് മോദി സര്‍ക്കാരിനെ തിരിഞ്ഞുകുത്തുന്നു. വ്യാപകമായി തട്ടിപ്പിനും പൂഴ്ത്തിവെപ്പിനും നാട്ട് ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് 2000 രൂപയുടെ നോട്ട് അച്ചടി നിര്‍ത്തിവച്ചു.

പ്രിന്റിങ് നിര്‍ത്തിവച്ചു എന്നതു കൊണ്ട് നോട്ടിന് വിലയില്ലാതാവില്ല. പകരം, സാവധാനത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍ നിന്ന് പുറത്താവാനാണ് സാധ്യത.

വലിയ നോട്ടുകള്‍ കള്ളപ്പണത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. പകരം ഇറക്കിയത് അതിലും വലിയ നോട്ട്, 2000 രൂപയുടേത്. ആളുകള്‍ നോട്ടിനു വേണ്ടി നെട്ടോട്ടം ഓടാന്‍ തുടങ്ങി വലിയ പ്രതിസന്ധിയുണ്ടായതോടെയാണ് 2000 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചത്. പിന്നീട് അതു പിന്‍വലിക്കാമെന്നു ധരിച്ചായിരുന്നു ഈ നീക്കമെങ്കിലും നോട്ട് നിരോധനം അമ്പേ പരാജയമായതിനാല്‍ ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയുകയായിരുന്നു.

ദ പ്രിന്റ് വാര്‍ത്താ മാധ്യമമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ ആര്‍.ബി.ഐ പ്രതികരണം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം 18.03 ലക്ഷം കോടി രൂപയുടെ കറന്‍സികളാണ് സര്‍ക്കുലേഷനിലുള്ളത്. ഇതില്‍ 6.73 ലക്ഷം കോടി രൂപയുടെ (37 ശതമാനം) 2000 രൂപാ നോട്ടുകളും 7.73 ലക്ഷം കോടി രൂപയുടെ 500 രൂപാ നോട്ടുകളുമാണ് ഇതിലുള്ളത്. ബാക്കിയുള്ള ചെറിയ നോട്ടുകളാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.