2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വിഖായക്ക് അഭിമാന നേട്ടം; ഹജ്ജ് സേവനത്തിനു ഈ വര്‍ഷം ലഭിച്ചത് മൂന്നു അംഗീകാര പത്രങ്ങള്‍

മയ്യിത്തുകള്‍ കൈകാര്യം ചെയ്തതിന് അംഗത്തിന് പ്രത്യേക അംഗീകാരം

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: മക്കയില്‍ ഹാജിമാരെ സേവിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച വിഖായ സന്നദ്ധ സേവക സംഘത്തിന് ഈ വര്‍ഷം ലഭിച്ചത് നിരവധി അംഗീകാരങ്ങള്‍. ഹാജിമാര്‍ മക്കയില്‍ എത്തിയത് മുതല്‍ കര്‍മ്മ നിരതരായ വിഖായ സംഘം അവസാന ഹാജിയും മക്കയില്‍ നിന്നു വിടപറയുന്നത് വരെ സേവനം ഉണ്ടാകും.

മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് സമയത്ത് സേവന രംഗത്തുണ്ടായിരുന്ന സന്നദ്ധ സേവകസംഘടനകള്‍ക്ക് അധികൃതര്‍ ഇത്തരത്തിലുള്ള അംഗീകാര പത്രം നല്‍കിയിരുന്നുവെങ്കിലും കൂടുതല്‍ അംഗീകാരം ഒരേവര്‍ഷം ലഭിക്കുകയെന്ന പ്രശസ്തിയും വിഖായ സ്വന്തമാക്കി. തികച്ചും ആത്മാര്‍ഥതതയിലൂന്നിയ പ്രവര്‍ത്തനം കാഴ്ചവച്ചതാണ് അംഗീകാരം വിഖായയെ തേടിയെത്തിയത്.

മക്കയില്‍ ആദ്യ ഹജ്ജ് സംഘമെത്തിയത് മുതല്‍ മക്ക വിഖായ കര്‍മ്മ രംഗത്തിറങ്ങിയിരുന്നു. പിന്നീട് ഹജ്ജ് ആരംഭിച്ച ദിവസം മുതല്‍ മിനയിലും അറഫയിലും സജീവ സാന്നിധ്യമുണ്ടായിരുന്നു. അറഫക്ക് ശേഷം സഊദിയുടെ മറ്റു പ്രവിശ്യകളില്‍ നിന്നുള്ള വിഖായ ഹജ്ജ് സേവക സംഘങ്ങള്‍ എത്തിയത് മുതല്‍ മിന, മുസ്ദലിഫ, ജംറകളിലെ കല്ലേറ് നിര്‍വ്വഹിക്കുന്ന സ്ഥലങ്ങള്‍, മക്ക തുടങ്ങിയ സ്ഥലങ്ങളില്‍ സമസ്തയുടെ കീഴിലെ വിഖായ പ്രവര്‍ത്തകര്‍ സ്ത്യുത്യര്‍ഹമായ സേവനങ്ങളാണ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ മക്കയില്‍ മാത്രം മക്ക വിഖായയുടെ കീഴില്‍ ഇരുന്നൂറോളം അംഗങ്ങളും ഹജ്ജ് സമയത് പുണ്യ സ്ഥലങ്ങളില്‍ ആയിരത്തോളം അംഗങ്ങളും ഹാജിമാരുടെ സേവനത്തിനു കര്‍മ്മ നിരതരായിരുന്നു.

നേരത്തെ, മിനായിലെ ആശുപത്രിയില്‍ നടത്തിയ സേവനം മുന്‍നിര്‍ത്തി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു. ഇതിനു പുറമെയാണ് മക്കയിലെ മയ്യത്തുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നടത്തിയ സേവനം മുന്‍നിര്‍ത്തി മഅസിലതു അംവാതില്‍ ഖൈരിയ്യയുടെ രണ്ടു അംഗീകാര പത്രങ്ങള്‍ വിഖായയെ തേടിയെത്തിയത്. ഹജ്ജിനെത്തിയ ഹാജിമാരില്‍ മക്കയിലും പുണ്യ സ്ഥലങ്ങളിലും മരണപ്പെട്ടവരുടെ മയ്യത്തുകള്‍ കൈകാര്യം ചെയ്യുന്നതിലും ഖബറടക്കുന്നതിലും ചെയ്ത സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് രണ്ടു അംഗീകാരങ്ങള്‍. മലയാളികള്‍ കൂടാതെ, ഇന്ത്യക്കാരും വിവിധ രാജ്യക്കാരുടെയും മയ്യത്തുകള്‍ പരിപാലന കബറടക്ക കര്‍മ്മങ്ങള്‍ക്ക് വിഖായ മുന്നില്‍ തന്നെയായിരുന്നു. മയ്യത് കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രയത്‌നിക്കുകയും അവസാനം വരെ കര്‍മ്മ രംഗത്തുണ്ടാകുകയും ചെയ്തതിനാണ് വിഖായ അംഗമായ കബീര്‍ കാസഗോഡിന് അംഗീകാര പത്രം നല്‍കിയത്.

മക്കയിലെ മയ്യത്തു പരിപാലന രംഗത്തെ ചാരിറ്റി സെന്റര്‍ നല്‍കിയ രണ്ടു അംഗീകാര പത്രങ്ങളും സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കൈമാറി. മക്കയിലെ മലപ്പുറം ജില്ലാ എസ് വൈ എസ് ഹജ്ജ് ക്യാമ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിഖായ കോര്‍ഡിനേറ്റര്‍ മുനീര്‍ ഫൈസി മാമ്പുഴ, പ്രസിഡന്റ് സ്വലാഹുദ്ധീന്‍ വാഫി, ജനറല്‍ സിക്രട്ടറി ഫരീദ് ഐക്കരപ്പടി എന്നിവര്‍ വിഖായക്കുള്ള അംഗീകാര പത്രവും മയ്യത് പരിപാലനത്തിന് ലഭിച്ച പ്രത്യേക അംഗീകാര പത്രം കബീര്‍ കാസര്‍ഗോഡും ഏറ്റുവാങ്ങി.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനക്കു നേതൃത്വം നല്‍കുകയും ഉപദേശം നല്‍കുകയും ചെയ്തു. കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, സി എം കുട്ടി സഖാഫി, ഉസ്മാന്‍ ഫൈസി, എസ് കെസി ഐ സി മക്ക പ്രൊവിന്‍സ് പ്രസിഡന്റ് റഫീഖ് ഫൈസി മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് കെ ഐ സി സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.