
ക്വാലലംപുര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ 25 അഴിമതിക്കേസുകള്‍ കൂടി. മലേഷ്യന്‍ കമ്പനിയായ 1എം.ഡി.ബി അഴിമതിയുമായി ബന്ധപ്പെട്ടതാണ് കേസുകള്‍.
അധികാരം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് നാലു കേസുകളും സാമ്പത്തിക തട്ടിപ്പിന് 21 കേസുകളുമാണ് ചാര്‍ത്തിയിരിക്കുന്നത്.
തന്റെ പേഴ്സണല്‍ ബാങ്ക് അക്കൗണ്ടിലേക്ക് 681 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നാരോപിച്ച് നജീബ് റസാഖിനെ ബുധനാഴ്ച അഴിമതി വിരുദ്ധ ഏജന്‍സി തടവില്‍ വച്ചിരിക്കുകയാണ്.
പൊലിസ് ചോദ്യംചെയ്ത ശേഷം ക്വാലലംപൂര് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. താന്‍ കുറ്റക്കാരനല്ലെന്ന് നജീബ് റസാഖ് കോടതിയില്‍ പറഞ്ഞു.
നേരത്തെയുള്ളതും കൂടി ഇപ്പോള്‍ മൊത്തം 32 അഴിമതിക്കേസുകളാണ് നജീബ് റസാഖിനു മേലുള്ളത്.
1എം.ഡി.ബിയുടെ കീഴിലുള്ള എസ്.ആര്.സി ഇന്റര്‍നാഷണലില്‍ നിന്ന് 10 മില്യണ്‍ ഡോളര്‍ കൈപ്പറ്റിയെന്നതാണ് നേരത്തെയുള്ള കേസ്.
2015 ലാണ് പ്രധാനമന്ത്രി പദത്തിലിരിക്കേ നജീബ് റസാഖിനെതിരെ അഴിമതി ആരോപണം വരുന്നത്. തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യത്തോടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ രാജിവച്ചില്ല. ഇക്കൊല്ലം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കടുത്ത തകര്‍ച്ച നേരിട്ടു. അഴിമതി ആരോപണങ്ങളായിരുന്നു അദ്ദേഹത്തിന്റെ തോല്‍വിക്കു കാരണം.
ജൂലൈയില്‍ അറസ്റ്റിലായ അദ്ദേഹം 25,000 ഡോളര്‍ കെട്ടിവച്ച് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.