2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഈ വര്‍ഷം ഹജ്ജിനെത്തുക 20 ലക്ഷം തീര്‍ത്ഥാടകര്‍; സജ്ജീകരണങ്ങള്‍ വിലയിരുത്തി

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനായി എത്തുന്നത് ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരായിരിക്കുമെന്നു സഊദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ വ്യക്തമാക്കി.

പതിനേഴു ലക്ഷം തീര്‍ത്ഥാടകര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ ആഭ്യന്തര തീര്‍ത്ഥാടകരുമായിരിക്കും. പുണ്യ നഗരികളില്‍ ഹജ്ജിനെത്തുന്ന ഇവര്‍ക്കു വേണ്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഹജ്ജ് സേവനത്തിനായി സഊദി ഹജ്ജ്- ഉംറ മന്ത്രാലയം വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.

വിവിധ വകുപ്പുകളിലായി ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ സേവന നിരതരാകും. ഹജ്ജ് മന്ത്രാലയത്തിന് കീഴില്‍ മാത്രം 95,000 പേര്‍ സേവനനിരതരാകും. ഇവരോടൊപ്പം നിരവധി വോളന്റിയര്‍മാരും സ്‌കൗട്ടുകളും അണിചേരും.

മക്ക ഗവര്‍ണറും ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹാജിമാര്‍ക്ക് സേവനമൊരുക്കുന്നതും സുഗമമായ ഹജ്ജ് നടത്തിപ്പും സംബന്ധിച്ച് നടന്ന ചര്‍ച്ചക്ക് ശേഷം മന്ത്രി അറിയിച്ചതാണിത്. മക്ക, മദീന ഹറം പള്ളികളില്‍ സുരക്ഷിത പ്രാര്‍ത്ഥനാ സൗകര്യം ഒരുക്കുന്നതിന് പതിനായിരം ജീവനക്കാരെ വിന്യസിക്കും. സുരക്ഷാ വിഭാഗത്തിനെ മേല്‍നോട്ടത്തിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം.

കൂടാതെ തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കാനായി പണ്ഡിതരുടെ സാന്നിധ്യം, ലഘുലേഖ വിതരണം, പുസ്തക വിതരണം, പുണ്യ നഗരികളിലെ ഭക്ഷണ ഗുണ നിലവാരം, പൊതു ശുചിത്വം എന്നിവക്കായി 23000 ജീവനക്കാര്‍, മെട്രോ സര്‍വീസില്‍ സേവനത്തിനായി 9000 സൈനികര്‍, അത്യാവശ്യ ഘട്ടങ്ങള്‍ക്കായി മക്കയില്‍ 4000 കിടക്കകളുള്ള ആശുപത്രികള്‍, 128 താല്‍ക്കാലിക ആരോഗ്യ കേന്ദ്രങ്ങള്‍, 39 ഫീല്‍ഡ് മെഡിക്കല്‍ സംഘം, 100 ആംബുലന്‍സുകള്‍, എയര്‍ ആംബുലന്‍സുകള്‍, മദീനയില്‍ നിന്നും അവശരായ ഹാജിമാരെ പുണ്യ നഗരികളില്‍ എത്തിക്കാനായി 45 ആംബുലന്‍സുകള്‍, സഊദി റെഡ് ക്രസന്റിന്റെ കീഴില്‍ 1245 താല്‍കാലിക കേന്ദ്രങ്ങളും 10000 സ്ത്രീ പുരുഷ ജീവനക്കാര്‍, ജല വിതരണ സംവിധാനം എന്നിവ സജ്ജമായതായി മന്ത്രി അറിയിച്ചു. പുണ്യ സ്ഥലങ്ങളില്‍ ജല വിതരണത്തിനായി നാഷണല്‍ ജല കമ്പനിയുടെ നേത്യത്വത്തില്‍ 18.15 മില്യണ്‍ ക്യൂബിക് വെള്ളമാണ് തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.