
ജലീല്‍ അരൂക്കുറ്റി#
കൊച്ചി: ആവേശത്തിന്റെ മഞ്ഞക്കടല്‍ തീര്‍ത്ത ആരാധകരെ വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തിക്കണം. തുടര്‍ച്ചയായ സമനിലയും തോല്‍വിയും വേട്ടയാടുന്ന ടീമിനെ പഴയ പ്രൗഢിയിലേക്ക് തിരികെ എത്തിക്കാന്‍ വിജയം കൊണ്ടു മാത്രമേ കഴിയൂ. പൂനെ സിറ്റി എഫ്.സിയെ സ്വന്തം തട്ടകത്തില്‍ നേരിടാന്‍ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് മുന്നില്‍ ഈ രണ്ട് വെല്ലുവിളികളാണുള്ളത്. സെമി സാധ്യത നിലനിര്‍ത്താനുള്ള അവസാന പോരാട്ടമാണിന്ന്. ഇന്ന് കാലിടറിയാല്‍ പിന്നെ കണക്കിലെ കളികള്‍ക്കു പോലും ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാനാവാതെ വരും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കിക്കോഫ്. ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്ന എട്ട് മത്സരങ്ങളിലും തുടര്‍ച്ചയായ വിജയം സെമിയിലേക്ക് കടക്കാന്‍ അനിവാര്യമാണ്. ഒരിക്കല്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് പൂനെയ്ക്ക് മുന്നില്‍ തലകുനിച്ചത്.
ആ പ്രതീക്ഷയിലാണ് ഇന്നു വിജയം തേടി പന്തുതട്ടാനിറങ്ങുന്നത്. എന്നാല്‍, വരാനിരിക്കുന്ന മറ്റു പോരാട്ടങ്ങള്‍ ലീഗിലെ അതിശക്തരോടാണ്. ഗോവയും ബംഗളൂരുവും പോയിന്റ് നിലയില്‍ മാത്രമല്ല കളിമികവിലും ഏറെ മുന്നിലാണ്.
ജിതിന് വന്നു, നിക്കോളയും കിസിറോണും കളിക്കില്ല
ആളൊഴിഞ്ഞ ഗാലറിക്ക് മുന്നില്‍ ജംഷഡ്പുരിനെ സമനിലയില്‍ തളച്ചതിനു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. രണ്ട് താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും. മധ്യനിരയില്‍ കളി മെനയുന്ന നിക്കോള ക്രമാരവിച്ചും കെസിറോണ്‍ കിസിറ്റോയും ഇന്ന് പ്ലേ ഇലവനില്‍ ഉണ്ടാവില്ല. ഇവരുടെ അഭാവത്തില്‍ കറേജ് പെക്കൂസണും വിനീതും ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.
ജംഷഡ്പുരിനെതിരായ കളികാണാന്‍ കഷ്ടിച്ച് എണ്ണായിരം പേരാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ടീമിന്റെ മോശം പ്രകടനത്തില്‍ അസന്തുഷ്ടരായാണ് മഞ്ഞപ്പട സ്റ്റേഡിയത്തിലെത്താതിരുന്നത്. ഇതിനെ ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ലോതര്‍ മാത്തേവൂസ് നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ഇനിയുള്ള കളികള്‍ക്ക് സ്റ്റേഡിയത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്നലെ ബ്ലാസ്റ്റേഴ്സിലേക്ക് മലയാളിയും സന്തോഷ് ട്രോഫി താരവുമായ മിഡ്ഫീല്‍ഡര്‍ എം.എസ് ജിതിന് തിരികെ എത്തി. ആദ്യ ഇലവനില്‍ ജിതിന് ഇടം കണ്ടെത്തുമോയെന്ന് ഉറപ്പില്ല. സ്റ്റൊയാനോവിച്ച്-പൊപ്ലാന്റിക് സഖ്യത്തെ സ്ട്രൈക്കര്‍മാരായി വിന്യസിച്ച് മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, സക്കീര്‍, കറേജ് പെക്കൂസണ്, സി.കെ വിനീത് എന്നിവരെ പരീക്ഷിക്കും. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കാനൊപ്പം അനസ്, പെസിച്ച്, സിറില്‍ കാലി എന്നിവരും. ഗോള്‍വലയ്ക്ക് മുന്നില്‍ ധീരജ് സിങിനുമാണ് സാധ്യത.
ആശ്വാസ ജയം തേടി പൂനെ
ഈ സീസണില്‍ 10 കളികളില്‍നിന്ന് അഞ്ച് പോയിന്റ് സമ്പാദ്യവുമായി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ് പൂനെ. ഒരു കളിയില്‍ ജയിച്ച അവര്‍ ഏഴ് എണ്ണത്തില്‍ തോറ്റു. സെമിയില്‍ കയറിയില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ആശ്വാസജയം മാത്രമാണ് പൂനെ സിറ്റി ലക്ഷ്യമിടുന്നത്.
മാഴ്സെലോക്കും ആഷിഖ് കുരുണിയനുമൊപ്പം ബ്ലാസ്റ്റേഴ്സ് മുന്‍ താരം ഇയാന്‍ ഹ്യൂം കളത്തിലിറങ്ങും. ഹ്യൂമിന് ഏറെ ആരാധകരുള്ള സ്ഥലമാണ് കൊച്ചി. അതിനാല്‍ ഹ്യൂമിനെ കാണാനായിട്ടെങ്കിലും സ്റ്റേഡിയത്തില്‍ കുറേ ആളുകളെത്തിയേക്കും.