2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

വീണ്ടും പണത്തിനായി നെട്ടോട്ടമോടേണ്ടി വരും: രാജ്യത്തെ പകുതി എ.ടി.എമ്മുകളും 2019 മാര്‍ച്ചോടെ അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇന്‍ഡസ്ട്രി ബോഡി

മുംബൈ: രാജ്യത്തെ പകുതി എ.ടി.എമ്മുകളും 2019 മാര്‍ച്ചോടെ അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി. നിരന്തരമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കാരണമാണ് മറ്റൊരു നോട്ട് ദുരന്തത്തിലേക്ക് നീങ്ങുന്നത്.

നോട്ട് നിരോധത്തിനു സമാനമായ ദുരിതം വീണ്ടും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പു നല്‍കുന്നത്. ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. സബ്‌സിഡി അടക്കം സര്‍ക്കാര്‍ സഹായവിതരണത്തെയും ഇതു ബാധിക്കും.

രാജ്യത്താകമാനം 2.38 ലക്ഷം എ.ടി.എമ്മുകളാണുള്ളത്. ഇതില്‍ 1.13 ലക്ഷം എ.ടി.എമ്മുകളും പൂട്ടേണ്ടി വരും. ഇതില്‍ ഒരു ലക്ഷത്തിനടുത്തും ഓഫ്- സൈറ്റ് എ.ടി.എമ്മുകളാണ്. അതായത്, ബാങ്ക് ബ്രാഞ്ചിനോട് ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍. വന്‍ ദുരിതമാണ് ഇതുകാരണമുണ്ടാവുക.

നഗരത്തിനു പുറത്തുള്ള എ.ടി.എമ്മുകളായിരിക്കും പൂട്ടുന്നവയില്‍ അധികവും. ഇത് സര്‍ക്കാര്‍ സബ്‌സിഡി, ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതിന് വലിയ തടസ്സമുണ്ടാക്കും.

ഈയിടെ കൊണ്ടുവന്ന ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ വലിയ സാമ്പത്തിക ബാധ്യത എ.ടി.എം വ്യവസായത്തിന് ഉണ്ടാക്കും. എ.ടി.എമ്മുകളില്‍ പണം എത്തിക്കുന്നതിന് അവതരിപ്പിച്ച പുതിയ സംവിധാനമായ കാസറ്റ് സ്വാപിന് വേണ്ടി മാത്രം 3000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും.

വൈറ്റ് ലേബല്‍, ബ്രൗണ്‍ ലേബല്‍ തുടങ്ങിയ എ.ടി.എം ഓപ്പറേറ്റര്‍മാര്‍ ഇപ്പോഴും നോട്ട്‌നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.