2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഭാരത് ബന്ദ് LIVE: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാംലീല മൈതാനിയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പ്രതിഷേധം കത്തുന്നു. ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ മറ്റു പ്രതിപക്ഷ കക്ഷികളും അണിചേര്‍ന്നു. മോദിക്കെതിരെ ശക്തമായ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.

ഇന്ധനവില കുതിച്ചുയരുമ്പോള്‍ മോദി മൗനിയാവുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 400 രൂപ വിലമതിക്കുന്ന ഗ്യാസ് സിലിണ്ടറിന് ഇന്ന് 800 രൂപയാണ് വില. 70 വര്‍ഷം കൊണ്ട് സംഭവിക്കാത്തത് വെറും നാലു വര്‍ഷം കൊണ്ട് ചെയ്യുമെന്ന് മോദി പറഞ്ഞു. എന്നാല്‍ അദ്ദേഹം പോകുന്നിടത്തൊക്കെ ഭിന്നത വിതയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

 

രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ കൈലാസ മാനസരോവരത്തു നിന്നു കൊണ്ടുവന്ന വെള്ളം തളിച്ചാണ് രാഹുല്‍ ഗാന്ധി സമര പന്തലിലേക്കു നീങ്ങിയത്. യുവാക്കളെ സംബന്ധിക്കുന്ന കാര്യത്തില്‍ മോദി മൗനിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ മോദി വഴികാട്ടിക്കൊടുത്തു, എന്നാല്‍ യുവാക്കളെയും കര്‍ഷകരെയും സ്ത്രീകളെയും ഇരുട്ടിലേക്ക് തള്ളുകയാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഭാരത് ബന്ദിന്റെ ഭാഗമായി പ്രവര്‍ത്തകരോടൊപ്പം പ്രതിഷേധം നടത്തുന്നു

 

  • ഉഡുപ്പിയിലും ദക്ഷിണ കന്നഡ ജില്ലകളിലും ഭാരത് ബന്ദ് അക്രമാസക്തമായി. ബി.ജെ.പി എം.എല്‍.എ രാജേഷ് നായിക്കിന്റെ വാഹനത്തിനു നേരെ കല്ലേറ്.
  • പൂനെയില്‍ രാജ് താക്കറെയുടെ എം.എന്‍.എസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബസുകള്‍ തകര്‍ത്തു. ബന്ദിന്റെ ഭാഗമായി മുംബൈയിലെ പല ഭാഗങ്ങളിലും പ്രതിഷേധം നടത്തി.
  • ശിവസേനയുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കുന്നുണ്ട്. പ്രധാന പ്രശ്‌നങ്ങളില്‍ പ്രതിപക്ഷം ഒന്നിക്കണമമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മോദിക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
  • ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നു. എന്നാല്‍ ബി.എസ്.പി പ്രതിഷേധത്തിന് ഇറങ്ങിയിട്ടില്ല.
  • എന്‍.സി.പി നേതാവ് ശരദ് പവാര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തി.
  • രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടി ദിവ്യ സ്പന്ദനയുടെ ട്വീറ്റ് വൈറലാവുകയാണ്. ആമിര്‍ ഖാന്റെ ചിത്രത്തോടൊപ്പം, യു.പി.എ കാലത്തെ പെട്രോള്‍ വില, എന്‍.ഡി.എ കാലത്തെ പെട്രോള്‍ വില എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.