
ജിദ്ദ: പ്രായാധിക്യം ചെന്നവരും രോഗികളും ഭിന്നശേഷിക്കാരും അടക്കമുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിന് ഹറംകാര്യ വകുപ്പ് വിശുദ്ധ ഹറമില്‍ 12,000 വീല്‍ചെയറുകള്‍ ഒരുക്കി. നാലിനം വീല്‍ചെയറുകളാണ് ഹറമിലുള്ളത്. സൗജന്യ ഉപയോഗത്തിനുള്ള വീല്‍ ചെയറുകളും ഉടമകള്‍ കൂലിക്ക് തള്ളുന്ന സ്വകാര്യ വീല്‍ചെയറുകളും വാടകക്ക് നല്കുന്ന വീല്‍ചെയറുകളും ഇലക്ട്രിക് വീല്‍ ചെയറുകളുമുണ്ട്.
കൂലിക്ക് വീല്‍ചെയര്‍ തള്ളുന്നവര്‍ തീര്‍ഥാടകരെ ചൂഷണം ചെയ്ത് നിരക്കുകള്‍ ഉയര്‍ത്തുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ ഇവരുടെ പ്രവര്‍ത്തനം ഹറംകാര്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വീല്‍ചെയറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ കരാറേറ്റെടുത്ത കമ്പനിക്കു കീഴില്‍ സൂപ്പര്‍വൈസര്‍മാരും സാങ്കേതിക വിദഗ്ധരും എന്‍ജിനീയര്‍മാരും ഓഫീസ് ജീവനക്കാരും അടക്കം 168 ജീവനക്കാരുണ്ട്. ഇലക്ട്രിക് വീല്‍ചെയറുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ജീവനക്കാര്‍ 24 മണിക്കൂറും ആവശ്യമായ റിപ്പയറിംഗ് ജോലികളും നടത്തുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹറംകാര്യ വകുപ്പ് മേല്‍നോട്ടം വഹിക്കുന്നു.
700 ഇലക്ട്രിക് വീല്ചെയറുകളാണുള്ളത്. ഇലക്ട്രിക് വീല്‍ചെയറുകള്‍ ഉപയോഗിച്ച് ത്വവാഫ്, സഅ്യ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒന്നാം നിലയിലെ ഇടനിലയാണ് നീക്കിവെച്ചിരിക്കുന്നത്. അല്‍ശുബൈക പ്രവേശന കവാടം (ഗെയ്റ്റ് നമ്പര്‍ 64), കിംഗ് അബ്ദുല്‍ അസീസ് കവാടത്തിലെ അജ്യാദ് പാലം ഗെയ്റ്റ്, അല്‍അര്‍ഖം ഗോവണി കവാടം, അല്‍മര്‍വ ഗെയ്റ്റ് എന്നീ നാലു പ്രവേശന കവാടങ്ങള്‍ വഴി ഇടനിലയില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
തീര്‍ഥാടകരുടെ സൗജന്യ ഉപയോഗത്തിന് 8,700 വീല്‍ചെയറുകളാണ് ഹറമിലുള്ളത്. തെക്കു, പടിഞ്ഞാറു ഭാഗത്ത് കിംഗ് അബ്ദുല്‍ അസീസ് കവാടത്തിനു സമീപം കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് പദ്ധതിക്ക് താഴെയും വടക്കു മുറ്റത്ത് 64ാം നമ്പര്‍ ഗെയ്റ്റിലും കിഴക്കു മുറ്റത്ത് അല്‍സലാം ഗെയ്റ്റിനു മുന്നിലും സൗജന്യ വീല്‍ചെയര്‍ വിതരണ കേന്ദ്രങ്ങളുണ്ട്. അല്‍ശുബൈക ഏരിയയില്‍ നിന്ന് അല്‍ശുബൈക പാലം വഴി കിംഗ് ഫഹദ് വികസന ഭാഗത്തും ഇടനിലയിലും വൃദ്ധരെയും ഭിന്നശേഷിക്കാരെയും രോഗികളെയും എത്തിക്കുന്നതിന് ഗോള്‍ഫ് കാര്‍ട്ടുകള്‍ ഉപയോഗിച്ച് സൗജന്യ ഷട്ടില്‍ സര്‍വീസുകളും ഹറംകാര്യ വകുപ്പ് നടത്തുന്നുണ്ട്.
ഇലക്ട്രിക് വീല്‍ചെയറുകള്‍ ഓടിക്കുന്നതിന് അറിയാത്ത വൃദ്ധകള്‍ക്ക് സഹായകമെന്നോണം പരിശീലനം സിദ്ധിച്ച വനിതാ ഡ്രൈവര്‍മാരുള്ള ഇലക്ട്രിക് വീല്‍ചെയര്‍ സേവനവും ഈ വര്‍ഷം ഹറംകാര്യ വകുപ്പ് പുതുതായി ആരംഭിച്ചിട്ടുണ്ട്. കൂലിക്ക് തള്ളുന്ന സ്വകാര്യ വീല്‍ചെയറുകളില്‍ ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിന് 150 റിയാലും സഅ്യ് കര്‍മം നിര്‍വഹിക്കുന്നതിന് 100 റിയാലുമാണ് ഈ റമദാനിലെ നിരക്ക്. വാടകക്ക് നല്കുന്ന വീല്‍ചെയറുകള്‍ക്ക് 100 റിയാലാണ് വാടക. സിംഗിള്‍ സീറ്റ് ഇലക്ട്രിക് വീല്‍ചെയറുകളില്‍ ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിന് 50 റിയാലും സഅ്യ് കര്‍മം നിര്‍വഹിക്കുന്നതിന് 50 റിയാലും വീതം ഫീസ് നല്‍കണം. ഡബിള്‍ സീറ്റ് ഇലക്ട്രിക് വീല്‍ചെയറുകളില്‍ ഇത് 100 റിയാല്‍ വീതമാണ്.