2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദി ഓജര്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയിലെ പ്രമുഖ കരാര്‍ സ്ഥാപനമായ സഊദി ഓജര്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ജൂലൈ 31ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച് ജീവനക്കാര്‍ക്ക് നോട്ടീസ് ലഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സഊദി ഓജര്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

തൊഴിലാളികളുടെ എണ്ണം കൊണ്ടും ഏറ്റെടുത്ത പദ്ധതികള്‍ കൊണ്ടും സഊദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് സഊദി ഓജര്‍. 1978 ല്‍ മുന്‍ ലബനോന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരി സ്ഥാപിച്ച കമ്പനിക്ക് സഊദിയുടെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തനമുണ്ട്. സര്‍ക്കാര്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടെ നിരവധി ഭീമന്‍ പദ്ധതികളാണ് ഓജര്‍ നടപ്പാക്കിയത്. അതോടൊപ്പം രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രം ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെയും കൊട്ടാരങ്ങളുടെയും മെയിന്റന്‍സ് ജോലികളും ഓജറാണ് നിര്‍വഹിച്ചത്.

2016 ഓഗസ്റ്റിലാണ് കമ്പനിയെ കടുത്ത പ്രതിസന്ധിയിലാവുന്നത്. മുന്‍ ലെബനോന്‍ പ്രധാനമന്ത്രി റഫീഖ് അല്‍ഹരീരിയായിരുന്നു കമ്പനി ഉടമ. എഴുപതുകളുടെ അവസാനത്തില്‍ ഫ്രാന്‍സിലെ ഓജര്‍ കമ്പനി വാങ്ങി തന്റെ കമ്പനിയില്‍ ഹരീരി ലയിപ്പിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കമ്പനിക്ക് സഊദി ഓജര്‍ എന്ന പേരിട്ടത്.

സഊദി ഓജര്‍ തുടക്കത്തില്‍ കോണ്‍ട്രാക്ടിംഗ്, പൊതുമരാമത്ത് മേഖലയിലാണ് പ്രവര്‍ത്തിച്ചത്. പിന്നീട് ടെലികോം, പ്രിന്റിംഗ്, റിയല്‍ എസ്റ്റേറ്റ്, കംപ്യൂട്ടര്‍ സേവനം തുടങ്ങി വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അറബ് ലോകത്തെ ഏറ്റവും വലിയ കോണ്‍ട്രാക്ടിംഗ് കമ്പനികളില്‍ ഒന്നായി കുറഞ്ഞ കാലത്തിനിടെ സഊദി ഓജര്‍ മാറി. സഊദിയിലും ലെബനോനിലും നിരവധി കമ്പനികളും ബാങ്കുകളും ഇന്‍ഷുറന്‍സ്, പ്രസിദ്ധീകരണ, ലഘുവ്യവസായ കമ്പനികളും സഊദി ഓജര്‍ സ്ഥാപിക്കുകയോ സ്വന്തമാക്കുകയോ പങ്കാളിയാവുകയോ ചെയ്തു.

റിയാദിലെ ശൂറാ കൗണ്‍സില്‍ ആസ്ഥാനം, ജിദ്ദയിലെയും റിയാദിലെയും മദീനയിലെയും റോയല്‍ കോര്‍ട്ടുകള്‍, വിവിധ നഗരങ്ങളിലെ ആഢംബര ഹോട്ടലുകള്‍, കിങ് അബ്ദുല്‍ അസീസ് കോണ്‍ഫറന്‍സ് സെന്റര്‍, റിയാദ് കോടതി സമുച്ചയം, കിംഗ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക് സെന്റര്‍, അല്‍ഹസ കിംഗ് അബ്ദുല്ല മിലിട്ടറി സിറ്റി, അല്‍ഖര്‍ജ് പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം, മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് തുടങ്ങി സഊദിയില്‍ സഊദി ഓജര്‍ നടപ്പാക്കിയ വന്‍ പദ്ധതികള്‍ക്ക് കണക്കില്ല.

2005 ല്‍ റഫീഖ് അല്‍ഹരീരി വധിക്കപ്പെട്ടത് കമ്പനിയുടെ തകര്‍ച്ചക്ക് തുടക്കമിട്ടു. ഹരീരിയുടെ മക്കള്‍ കമ്പനി ചുമതല ഏറ്റെടുത്തു. നിലവിലെ ലെബനോന്‍ പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയും സഹോദരന്‍ അയ്മന്‍ അല്‍ഹരീരിയും കമ്പനിക്ക് നേതൃത്വം നല്‍കി. നാലു വര്‍ഷം മുമ്പ് 2013 ലാണ് കമ്പനി യഥാര്‍ഥത്തില്‍ പ്രതിസന്ധിയില്‍ അകപ്പെട്ടത്. എന്നാല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട കാര്യം പുറംലോകമറിഞ്ഞില്ല. ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടേക്കുമെന്ന് ഭയന്ന് പ്രതിസന്ധി ജീവനക്കാര്‍ പുറത്തുപറയാതിരിക്കുകയായിരുന്നു. വൈകാതെ കമ്പനിയില്‍ വേതന വിതരണം മുടങ്ങിത്തുടങ്ങി. കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് ഒമ്പതു മാസത്തെ വേതന കുടിശ്ശിക കമ്പനി നല്‍കാനുണ്ടായിരുന്നു. ഇതിനിടെ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചു.

കമ്പനിയിലെ ജീവനക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഉന്നതാധികൃതര്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. വേതന വിതരണം വൈകുന്നതിനെതിരെ ജീവനക്കാര്‍ കോടതികളിലും ബന്ധപ്പെട്ട വകുപ്പുകളിലും പരാതികള്‍ നല്‍കി. 31,000 ജീവനക്കാര്‍ ഇങ്ങനെ പരാതികള്‍ നല്‍കി. ഇതോടെ സഊദിയിലെ പദ്ധതികളെല്ലാം കമ്പനി നിര്‍ത്തിവെച്ചു. പൂര്‍ത്തിയാക്കിയ പദ്ധതികളുടെ 75 ശതമാനം വിഹിതവും കമ്പനിക്ക് വിതരണം ചെയ്തു കഴിഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പത്തു മാസത്തിനിടെ നാല്‍പതിനായിരം തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടു. സഊദിയിലെ മൂവായിരം കോടിയിലേറെ റിയാല്‍ വില വരുന്ന ആസ്തികള്‍ യൂറോപ്പിലെയും ഗള്‍ഫിലെയും കമ്പനികള്‍ക്ക് വില്‍പന നടത്തിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇപ്പോള്‍ 25 ശതമാനത്തില്‍ കുറവ് ജീവനക്കാര്‍ മാത്രമാണ് കമ്പനിയിലുള്ളത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.