2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്- 19 മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളുടെ റീ-എന്‍ട്രി വിസകള്‍ ദീര്‍ഘിപ്പിക്കേണ്ടത് വിദേശമന്ത്രാലയം വഴി

നിസാ൪ കലയത്ത്

 

ജിദ്ദ: സഊദിയിൽ കൊവിഡ്- 19 വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിയത് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളുടെ റീ-എന്‍ട്രി വിസകള്‍ ദീര്‍ഘിപ്പിക്കേണ്ടത് വിദേശ മന്ത്രാലയം വഴിയാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. തൊഴിലുടമകളാണ് ഓണ്‍ലൈന്‍ വഴി റീ-എന്‍ട്രി ദീര്‍ഘിപ്പിക്കേണ്ടത്.

https://visa.mofa.gov.sa/ExtendReturnedVisa എന്ന ലിങ്ക് വഴിയാണ് ഇതിനുള്ള നടപടികള്‍ തൊഴിലുടമകള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

തൊഴിലാളിയുടെ റീ-എന്‍ട്രി വിസയില്‍ പത്തു ദിവസം മാത്രമാണ് ശേഷിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴി റീ-എന്‍ട്രി ദീര്‍ഘിപ്പിക്കുന്നതിന് ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നും അറിയിച്ച സഊദി പൗരനാണ് ജവാസാത്ത് മറുപടി നല്‍കിയത്.

കൊറോണ പ്രത്യാഘാതങ്ങള്‍ തരണം ചെയ്യുന്നതിന് പ്രഖ്യാപിച്ച ഉത്തേജന പദ്ധതിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമകള്‍ മൂന്നു മാസത്തേക്ക് ഓട്ടോമാറ്റിക് ആയി ദീര്‍ഘിപ്പിച്ചു നല്‍കില്ലെന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഹൗസ് ഡ്രൈവറുടെ ഇഖാമ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചെന്നും ഓട്ടോമാറ്റിക് ആയി ഇഖാമ ദീര്‍ഘിപ്പിച്ചു നല്‍കുന്ന പദ്ധതിയുടെ പ്രയോജനം ലഭിക്കുമോയെന്നുമുള്ള അന്വേഷണത്തിനാണ് നിലവില്‍ പ്രഖ്യാപിച്ച ഇളവ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.

സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കു മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവിന്റെ ആനുകൂല്യം ലഭിക്കുക. ലെവിയില്ലാതെ മൂന്നു മാസത്തേക്ക് ഇവരുടെ ഇഖാമകള്‍ ഓട്ടോമാറ്റിക് ആയി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്. ഇതിന് ജവാസാത്തിനെ സമീപിക്കുകയോ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയോ വേണ്ടതില്ല. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇഖാമ കാലാവധി അവസാനിക്കുന്ന സ്വകാര്യ മേഖലാ തൊഴിലാളികളുടെ ഇഖാമകളാണ് ലെവിയില്ലാതെ ദീര്‍ഘിപ്പിച്ചു നല്‍കുക. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.