2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നേപ്പാളില്‍ ജനിക്കാതെ പോയ തിരുവഞ്ചൂര്‍

വി. അബ്ദുല്‍ മജീദ്

നേപ്പാളില്‍ ജനിക്കാനാവാതെ പോയതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു വലിയ വിഷമമുണ്ട്. അതു ജന്മനാടിനോടു സ്‌നേഹമില്ലാത്തതുകൊണ്ടോ ‘നേപ്പാള്‍ രാധാകൃഷ്ണന്‍’ എന്ന് അറിയപ്പെടാനുള്ള ആഗ്രഹം കൊണ്ടോ ഒന്നുമല്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയാണ് ആ ആഗ്രഹത്തിനു കാരണം. പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്‌ക്കെതിരായ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയപ്പോഴാണ് തിരുവഞ്ചൂര്‍ ഇക്കാര്യം പറഞ്ഞത്. നേപ്പാളിലേക്ക് പെട്രോളും ഡീസലും കൊണ്ടുപോകുന്നത് ഇന്ത്യയില്‍ നിന്നാണ്. എന്നിട്ടും നേപ്പാളില്‍ അവയ്ക്ക് ഇന്ത്യയിലുള്ളതിനേക്കാള്‍ വിലക്കുറവുണ്ട്. ഇങ്ങനെയാണെങ്കില്‍ നേപ്പാളില്‍ ജനിച്ചാല്‍ മതിയായിരുന്നെന്നും തിരുവഞ്ചൂര്‍.

ഇന്ധന വില വര്‍ധനവിനെതിരേ തിരുവഞ്ചൂര്‍ വാചാലനായപ്പോള്‍, സൗരോര്‍ജം ഉപയോഗിച്ച് വാഹനമോടിച്ചുകൂടേ എന്ന് ഇ.പി ജയരാജന്റെ ചോദ്യം. അതിനെന്താ കുഴപ്പമെന്നും താന്‍ സൗരോര്‍ജ പാനല്‍ എടുത്ത് ഓടിപ്പോയിട്ടില്ലല്ലോ എന്നും തിരുവഞ്ചൂരിന്റെ മറുചോദ്യം. എണ്ണക്കമ്പനികള്‍ക്കു വേണ്ടി ഗൗണില്ലാതെ വാദിക്കുന്ന വക്കീലാണ് ധനമന്ത്രി തോമസ് ഐസക്കെന്നും തിരുവഞ്ചൂര്‍. എണ്ണക്കമ്പനികളുടെ വക്കീല്‍ ഗൗണ്‍ തനിക്കല്ല തിരുവഞ്ചൂരിനാണു ചേരുകയെന്ന് ഐസക്കിന്റെ മറുപടി. യു.പി.എ ഭരണകാലത്താണ് എണ്ണ വില നിര്‍ണയിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞതെന്നും ഐസക്. മുമ്പ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇന്ധന വില വര്‍ധനവിനെതിരേ സംസാരിച്ച ഐസക് ഇപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി ഇളവു ചെയ്യാന്‍ വിസമ്മതിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം തന്നെ വൈരുദ്ധ്യാത്മകമാണെന്നും അതുകൊണ്ട് ഐസക് അന്നു പറഞ്ഞതിനു വിരുദ്ധമായി ഇന്നു പറയുന്നതില്‍ അത്ഭുതമില്ലെന്നും കെ.എം മാണി.

എം.എന്‍ സ്മാരകത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കയറട്ടെ എന്നു കരുതി തന്നെയാണ് വയനാട്ടിലെ ഭൂമി ഇടപാട് ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് പി.കെ ബഷീര്‍. സി.പി.എമ്മിന്റെ വകുപ്പുകളുമായി ബന്ധപ്പെട്ട തോട്ടണ്ടി ഇറക്കുമതി, ഇഫ്താസുമായുള്ള കരാര്‍ എന്നിവയിലൊക്കെ ആരോപണമുയര്‍ന്നിട്ടും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ല. വയനാട്ടില്‍ വിജയന്‍ ചെറുകരയ്ക്കു പകരം ജില്ലാ സെക്രട്ടറിയാക്കാന്‍ മറ്റാരും ഇല്ലാഞ്ഞിട്ടാണോ പുറത്തു നിന്ന് കെ. രാജനെ കൊണ്ടുവന്ന് സെക്രട്ടറിയാക്കുന്നതെന്ന് ബഷീറിന്റെ ചോദ്യം. ഈ ആരോപണത്തില്‍ ഏതന്വേഷണം നേരിടാനും സി.പി.ഐ തയാറാണെന്ന് ആര്‍. രാമചന്ദ്രന്‍. സംസ്ഥാന നേതൃത്വത്തില്‍ ജില്ലകളുടെ ചുമതലയുള്ളവരെ ഇത്തരം ഘട്ടങ്ങളില്‍ ജില്ലാ സെക്രട്ടറിമാരാക്കുന്ന പതിവ് പാര്‍ട്ടിയിലുണ്ടെന്നും രാമചന്ദ്രന്‍.

വ്യത്യസ്ത വിഷയങ്ങളില്‍ ഭരണ- പ്രതിപക്ഷ വിയോജിപ്പുകളെക്കാളേറെ സഭയില്‍ യോജിപ്പു പ്രകടമായ ദിവസമായിരുന്നു ഇന്നലെ. സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം അനുകൂലിച്ചു. പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി മറികടക്കാന്‍ സാധ്യത തേടണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ ബാലന്‍ അവതരിപ്പിച്ച പ്രമേയത്തിനും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തിന് നിയമസാധുത നല്‍കുന്നതിനുള്ള ബില്‍ പരിഗണനയ്ക്കു വന്നപ്പോള്‍ അതിലേറെ ഐക്യവും. ബില്ലിന്റെ കാര്യത്തില്‍ ചെറുതായൊരു അനൈക്യമുണ്ടായത് കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ മാത്രം.

മന്ത്രി കെ.കെ ശൈലജയുടെ അമ്മമനസിനെ പ്രശംസിച്ചു കൊണ്ടാണ് പി.കെ ബഷീര്‍ ബില്ലിനെക്കുറിച്ചു സംസാരിച്ചത്. വിദ്യാര്‍ഥികളുടെ ഭാവി ഓര്‍ത്തു മാത്രമാണ് മന്ത്രി ഇങ്ങനെ ഒരു ബില്‍ കൊണ്ടുവന്നതെന്നും ബഷീര്‍. എന്നാല്‍, വി.ടി ബല്‍റാമും പി.ടി തോമസും ബില്ലില്‍ കണ്ടത് കോളജ് മാനേജ്‌മെന്റുകളെ സഹായിക്കാനുള്ള ഗൂഢനീക്കമാണ്. കുട്ടികളുടെ ഭാവി തകരുന്നൊരു ഘട്ടത്തില്‍ ഈ നിലപാട് ശരിയാണോ എന്നും ഇതു കോണ്‍ഗ്രസിന്റെ നിലപാടാണോ എന്നും ഇ.പി ജയരാജന്‍. കോണ്‍ഗ്രസിന്റെ നിലപാട് വേറെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് രമേശ് ചെന്നിത്തലയുടെ പ്രസംഗം. ബില്ലിന് മനുഷ്യത്വപരമായ സമീപനമുണ്ടെങ്കിലും കോളജ് മാനേജ്‌മെന്റുകളെ സഹായിക്കാനുള്ള ബില്ലാണിതെന്ന് വേണമെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്യാവുന്നതാണെന്ന് ആര്‍. രാമചന്ദ്രന്‍. വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച ആശങ്ക പങ്കുവച്ചുകൊണ്ട് ഒടുവില്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ബില്‍ പാസാക്കി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.