2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

500ാം ടെസ്റ്റ്: തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യയക്ക് 215 റണ്‍സിന്റെ ലീഡ്

കാണ്‍പൂര്‍: ഇന്ത്യയുടെ 500ാം ടെസ്റ്റിന്റെ ആദ്യ രണ്ടു ദിനങ്ങള്‍ ന്യൂസിലന്‍ഡ് കൈക്കലാക്കിയെങ്കില്‍ മൂന്നാം ദിനം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 262 റണ്‍സില്‍ അവസാനിപ്പിച്ച് ആദ്യ ഇന്നിങ്‌സില്‍ 56 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന നിലയില്‍. ഒന്‍പതു വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യക്ക് 215 റണ്‍സ് ലീഡ്. 64 റണ്‍സുമായി മുരളി വിജയിയും 50 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. 38 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 50 പന്തുകള്‍ നേരിട്ട രാഹുല്‍ എട്ടു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 38 റണ്‍സെടുത്തത്. ഇഷ് സോധിയാണ് രാഹുലിനെ മടക്കിയത്. 152 പന്തുകള്‍ നേരിട്ട വിജയ് ഏഴു ഫോറടക്കമാണ് 64ല്‍ എത്തിയത്. 80 പന്തുകള്‍ നേരിട്ട പൂജാര എട്ടു ഫോറുകളുടെ പിന്തുണയിലാണ് 50 റണ്‍സ് കണ്ടെത്തിയത്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 318 റണ്‍സിനു പുറത്തായിരുന്നു.
തലേ ദിവസം പെയ്ത മഴ ഇന്ത്യക്ക് അനുഗ്രഹമായി മാറുന്നതായിരുന്നു മൂന്നാം ദിവസത്തെ കാഴ്ച. പിച്ചിലെ ഈര്‍പ്പം മുതലെടുത്തു പന്തെറിഞ്ഞ ഇന്ത്യന്‍ സ്പിന്നര്‍മാരായ ജഡേജയും അശ്വിനും ചേര്‍ന്ന് കിവികളുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചു. കാണ്‍പൂര്‍ പിച്ച് അതിന്റെ തനി സ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന ശക്തമായ നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇടംവലം തിരിയാന്‍ അനുവദിച്ചില്ല. അഞ്ചു വിക്കറ്റ് വീഴ്ത്തി ജഡേജയും നാലു വിക്കറ്റ് വീഴ്ത്തി അശ്വിനും മൂന്നാം ദിനത്തില്‍ കിവികളുടെ ഒന്‍പതു വിക്കറ്റുകള്‍ പങ്കിട്ടു.
അര്‍ധ സെഞ്ച്വറികളോടെ ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ 75 റണ്‍സിനും ഓപണര്‍ ടോം ലാതം 58 റണ്‍സിനു പുറത്തായ ശേഷം കിവീസിനു കാര്യമായ ചെറുത്തുനില്‍പ്പ് നടത്താന്‍ സാധിച്ചില്ല. മധ്യനിരയില്‍ ലൂക്ക് റോഞ്ചി (38), മിച്ചല്‍ സാന്റ്‌നര്‍ (32), ബി.ജെ വാട്‌ലിങ് (21) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ദീര്‍ഘ നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
 58 റണ്‍സെടുത്ത ലാതമിന്റെ വിക്കറ്റാണ് ന്യൂസിലന്‍ഡിന് മൂന്നാം ദിനത്തില്‍ ആദ്യം നഷ്ടമായത്. കിവി താരത്തെ അശ്വിന്‍ എല്‍.ബിയില്‍ കുടുക്കി. പിന്നീട് ക്രീസിലെത്തിയ പരിചയ സമ്പന്നനായ റോസ് ടെയ്‌ലര്‍ക്ക് രണ്ടു പന്തുകളേ നേരിടാന്‍ സാധിച്ചുള്ളു. ടെയ്‌ലറെ ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ന്യൂസിലന്‍ഡ് മൂന്നിനു 160 എന്ന നിലയിലായി. സ്‌കോര്‍ ബോര്‍ഡില്‍ പത്തു റണ്‍സ് ചേര്‍ത്ത് വില്ല്യംസനും മടങ്ങി. നായകനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന റോഞ്ചി- സാന്റ്‌നര്‍ സഖ്യം ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും മികച്ച തുടക്കം കിട്ടിയിട്ടും അതു മുതലാക്കാന്‍ സാധിച്ചില്ല.
പിന്നാലെയെത്തിയ വാട്‌ലിങും അല്‍പനേരം പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്തുണക്കാന്‍ ആളില്ലാതെ പോയി. സ്‌കോര്‍ 255ല്‍ നില്‍ക്കേ സാന്റ്‌നര്‍ ആറാം വിക്കറ്റായി വീണ ശേഷം മൂന്നു റണ്‍സ് കൂടി ചേര്‍ത്ത കിവികള്‍ക്ക് 258ല്‍ വച്ച് മൂന്നു വിക്കറ്റുകള്‍ ബലി നല്‍കേണ്ടി വന്നു. അവസാന ബാറ്റ്‌സ്മാനായി വാഗ്നര്‍ ക്രീസിലെത്തുമ്പോള്‍ ഒരറ്റത്ത് വാട്‌ലിങുണ്ടായിരുന്നു.
എന്നാല്‍ പത്താം വിക്കറ്റായി വാട്‌ലിങ് പുറത്തായതോടെ കിവികളുടെ പ്രതീക്ഷകള്‍ അവസാനിച്ചു.
34 ഓവറില്‍ 73 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ചു വിക്കറ്റെടുത്തതെങ്കില്‍ അശ്വിന്‍ 30.5 ഓവറില്‍ 93 റണ്‍സിനു നാലു വിക്കറ്റുകള്‍ പിഴുതു. ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റ് രണ്ടാം ദിനം തന്നെ ഉമേഷ് യാദവ് നേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.