2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഖാശോഗി തിരോധാനം; സഊദി നിലപാടുകള്‍ക്ക് അമേരിക്കയുടെ സമ്മതം

പോംപിയോ റിയാദില്‍ സഊദി രാജാവുമായി കൂടിക്കാഴ്ച നടത്തി

#അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി തുര്‍ക്കിയിലെ സഊദി എംബസിയില്‍ പ്രവേശിച്ചതിന് ശേഷം കാണാതായതിനു പിന്നിലെ വിവാദങ്ങള്‍ക്കിടെ സഊദി നിലപാടുകള്‍ക്ക് അമേരിക്കയുടെ സമ്മതം. സഊദിക്കെതിരെ ഉപരോധമടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാക്കുമെന്നു ഭീഷണിപ്പെടുത്തിയ അമേരിക്ക ഒടുവില്‍ സഊദി നിലപാടുകള്‍ മയപ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് വേദിയൊരുക്കിയത്.

ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തരമായി സഊദിയിലെത്തിയ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്തി.

റിയാദില്‍ നടന്ന രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്ര ബന്ധവും നിലവിലെ അവസ്ഥയും മേഖലയിലെ അരക്ഷിതാവസ്ഥക്ക് പരിഹാരമേകാനായി യോജിച്ചു പ്രവര്‍ത്തിണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായാതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖാശോഗി തിരോധാനത്തില്‍ തുര്‍ക്കിയുമായി സഹകരിച്ചു സംയുക്ത അന്വേഷണത്തിന് ഉത്തരവിട്ട സഊദിയുടെ നിലപാടിനെയും പോംപിയോ സ്വാഗതം ചെയ്തു.

കഴിഞ്ഞ ദിവസം അമേരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി രാജാവിനെ ടെലഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ അവലോകനം ചെയ്തിരുന്നു. പിന്നാലെയാണ് പോംപിയോയെ സഊദിയിലേക്കയച്ചത്. സഊദിക്കെതിരെ ഉപരോധം കൊണ്ടുവന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന സഊദിയുടെ പ്രസ്താവനക്ക് പിറകെയാണ് സഊദിയുമായി ചര്‍ച്ചകള്‍ക്കും മറ്റും യു എസ് മുതിര്‍ന്നത്.

ജമാല്‍ ഖഗോശിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു സഊദി ഭരണകൂടം എടുത്ത സുവ്യക്തവും സമയ ബന്ധിതവും അനുകൂല നിലപാടും സ്വാഗതാര്‍ഹമാണെന്നും നന്ദി രേഖപ്പെടുത്തുന്നതായും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹെതര്‍ നോര്‍ട്ട് പറഞ്ഞു. റിയാദില്‍ കിരീടാവകാഷി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി നാല്‍പതു മിനിറ്റും സഊദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈറുമായും കൂടിക്കാഴ്ച്ച നടത്തി നേരിട്ട് ചര്‍ച്ചകള്‍ നടത്തി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും സഊദി രാജാവ് ടെലഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.