2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

വേങ്ങരയില്‍ പ്രചാരണത്തിന് ആവേശക്കലാശം

ഇസ്മാഈല്‍ അരിമ്പ്ര

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശക്കലാശം. മുന്നണി പ്രവര്‍ത്തകരുടെ ജാഥകളും പാട്ടുവണ്ടികളും അനൗണ്‍സ്‌മെന്റ് വാഹനങ്ങളും നിരത്തുകളില്‍ നിറഞ്ഞതോടെ കൊട്ടിക്കലാശം ശക്തിപ്രകടനമായി മാറി. പരസ്യ പ്രചാരണം തീര്‍ന്നതോടെ ജില്ലയ്ക്കു പുറത്തുനിന്നെത്തിയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിട്ടു.
ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍. ഭവനസന്ദര്‍ശനത്തിലൂടെ വോട്ടര്‍മാരെ നേരില്‍ക്കണ്ട് ഒരിക്കല്‍ക്കൂടി വോട്ട് ഉറപ്പിക്കാനായിരിക്കും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്നു സമയം കണ്ടെത്തുക. യു.ഡി.എഫിനു വേണ്ടി കെ.എന്‍.എ ഖാദറും, എല്‍.ഡി.എഫിനു പി.പി ബഷീറുമാണ് മത്സരിക്കുന്നത്. കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ (ബി.ജെ.പി),കെ.സി നസീര്‍(എസ്.ഡി.പി.ഐ), കെ. ഹംസ, ശ്രീനിവാസ് (സ്വതന്ത്രര്‍) എന്നിവരും മത്സര രംഗത്തുണ്ട്.
പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആറ് പഞ്ചായത്തുകളിലായി 1,70,009 പേരാണ് വേങ്ങരയില്‍ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. 87,750 പുരുഷന്‍മാരും 82,259 സ്ത്രീകളുമാണ്. 178 പ്രവാസി വോട്ടര്‍മാരുമുണ്ട്.
മണ്ഡലത്തില്‍ 148 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചത്. തെരഞ്ഞെടുപ്പ് ജോലിക്കായി ആയിരത്തോളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ ഒന്‍പത് മുതല്‍ പി.എസ്.എം.ഒ കോളജില്‍ നടക്കും.
ചുമതലയുള്ള ജീവനക്കാര്‍ ഒരു മണിക്കൂര്‍ നേരത്തേ വിതരണ കേന്ദ്രങ്ങളില്‍ എത്താനാണ് നിര്‍ദേശം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്രസേനയെ ഉള്‍പ്പെടെ വിന്യസിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് ദിനമായ നാളെയും വോട്ടെണ്ണുന്ന 15നും വൈകിട്ട് ആറ് വരെ മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും മദ്യനിരോധനം ഏര്‍പ്പെടുത്തി. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 6.30 വരെയുള്ള സമയങ്ങളില്‍ മാധ്യമങ്ങള്‍ വഴിയുള്ള എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്ത് മാധ്യമങ്ങള്‍ വഴി അഭിപ്രായ സര്‍വെ, പോള്‍ സര്‍വെ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.