2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

നെഞ്ചിടിപ്പോടെ യുനൈറ്റഡ്

ലണ്ടന്‍: തുടര്‍ച്ചയായ പരാജയങ്ങളും സമനിലയും കാരണം മോശം ഫോം തുടരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നിറങ്ങുന്നു. വൈകീട്ട് ആറിന് ബേണ്‍മൗത്തിനെയാണ് യുനൈറ്റഡ് നേരിടുന്നത്. പ്രീമിയര്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള യുനൈറ്റഡിന് ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കുകയല്ലാതെ മറ്റൊരു വഴിയില്ലാത്ത സ്ഥിതിയാണുള്ളത്. പരിശീലകരും കളിക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങളും ടീമിന്റെ ഒത്തിണക്കത്തെ സാരമായി ബാധിച്ചിരുന്നു.
മധ്യനിര താരം പോള്‍ പോഗ്ബയും മൗറീഞ്ഞോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നതും ഈ അടുത്താണ്. ലീഗില്‍ ആദ്യ നാലിലെങ്കിലും ടീമിനെ എത്തിക്കാനാണ് തന്റെ ശ്രമമെന്നാണ് മൗറീഞ്ഞോ കഴിഞ്ഞ ദിവസം പറഞ്ഞത്. ചാംപ്യന്‍മാരാക്കുമെന്ന വീരവാദമില്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ ടീമിനെ എത്തിക്കാനാകുമെന്നതില്‍ സംശയമില്ലെന്നും മൗറീഞ്ഞോ പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളുമാണ് നിലവില്‍ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്.
മറ്റൊരു മത്സരത്തില്‍ ന്യൂ കാസില്‍ യുനൈറ്റഡ് വാട്‌ഫോഡിനെ നേരിടും. രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ എവര്‍ടണും ബ്രിങ്ടണും തമ്മിലാണ് മത്സരം. വെസ്റ്റ്ഹാമും ബേണ്‍ലിയും തമ്മില്‍ മറ്റൊരു മത്സരത്തില്‍ ഏറ്റുമുട്ടും.
8.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ കാര്‍ഡിഫ് സിറ്റിയും ലെസ്റ്റര്‍ സിറ്റിയും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു ക്ലാസിക് ത്രില്ലറില്‍ രാത്രി 11 ന് നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂളും ആഴ്‌സനലും തമ്മിലാണ് മത്സരം. ലിവര്‍പൂളുമായി ജയിക്കുകയാണെങ്കില്‍ ആഴ്‌സനലിന് സ്ഥാനം മെച്ചപ്പെടുത്താനാകും.

ലീഗിലേക്ക് തിരിച്ചുവരാന്‍ റയല്‍
മാഡ്രിഡ്: ലാലിഗ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാനൊരുങ്ങി റയല്‍ മാഡ്രിഡ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള റയല്‍ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് കടന്നുപോകുന്നത്. ബാഴ്‌സലോണയോടേറ്റ വലിയ തോല്‍വിയാണ് റയലിനെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തിച്ചത്. പുതിയ പരിശീലകന് കീഴില്‍ ലാലിഗയിലെ ആദ്യ മത്സരം കൂടിയാണിന്ന്.
രാത്രി 8.45ന് നടക്കുന്ന മത്സരത്തില്‍ വല്ലഡോലിഡിനെയാണ് റയല്‍ നേരിടുന്നത്. വൈകിട്ട് അഞ്ചിനു നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ലഗാനെസും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 11ന് വലന്‍സിയയും ജിറോണയും തമ്മിലാണ് മത്സരം.

ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍
യുവന്റസ്
ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ യുവന്റസ് ഇന്നിറങ്ങുന്നു. രാത്രി ഒരു മണിക്ക് നടക്കുന്ന മത്സരത്തില്‍ കാഗ്ലിയാരിയേയാണ് യുവന്റസ് നേരിടുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുവന്റസ് ഇന്ന് ജയിക്കുകയാണെങ്കില്‍ രണ്ടാം സ്ഥാനക്കാരുമായുള്ള പോയിന്റ് വ്യത്യാസം വര്‍ധിക്കും. ലീഗിലെ മറ്റു മത്സരങ്ങളില്‍ ഇന്റര്‍മിലാന്‍ ജെനോവയേയും ഫിയറന്റീന റോമയേയും നേരിടും. 22 പോയിന്റ് വീതമുള്ള ഇന്റര്‍മിലാനും നാപോളിയുമാണ് ലീഗില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.