2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സി.എച്ച് ഉസ്താദ് ഇല്ലാത്ത 27 ആണ്ടുകള്‍

ദുല്‍ ഖഅദ് 26 സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍ നമ്മോട് വിട പറഞ്ഞിട്ട് 27 ആണ്ട് തികയുകയാണ്

സലീം ഹുദവി ചിയ്യാനൂര്‍

1986 ജൂണ്‍ 25 ബുധനാനാഴ്ച. ദാറുല്‍ഹുദായുടെ ആദ്യബാച്ച് ആയി ഞങ്ങള്‍ എണ്‍പത് അംഗ സംഘം, പതിനൊന്നര വയസ്സില്‍ ദാറുല്‍ ഹുദാ മുറ്റത്ത് ബിസ്മി ചൊല്ലി കാലു കുത്തിയത് അന്നായിരുന്നു. പിതാക്കളുടെ വിരലില്‍ തൂങ്ങിപ്പിടിച്ച് നിന്നിരുന്ന ഞങ്ങളെ ദാറുല്‍ ഹുദാ കവാടത്തില്‍ സ്വീകരിക്കാന്‍ ആ വലിയ മനുഷ്യനുണ്ടായിരുന്നു. മക്കളെ പിരിയുന്നതിലുള്ള സങ്കടങ്ങള്‍ ഉളളിലെതുക്കി രക്ഷിതാക്കളും ഒരു മാസത്തേക്ക് ഇനി മാതാപിതാക്കളെ കാണാനോ വീട്ടിലേക്ക് പോകാനോ സാധിക്കില്ലല്ലോ എന്ന വേദനയോടെ ഞങ്ങളും മുഖത്തോട് മുഖം നോക്കി നിന്ന ദിവസമായിരുന്നു അത്.

തുടര്‍ന്നങ്ങോട്ടുള്ള ദിനങ്ങളില്‍, ഞങ്ങള്‍ക്ക് ഉപ്പയും ഉമ്മയുമായത് ഐദറൂസ് ഉസ്താദായിരുന്നു. സമസ്തയുടെ സജീവ പ്രവര്‍ത്തനങ്ങളുമായി കേരളം മുഴുവനും ശൈഖുനാ ചുറ്റുമ്പോഴും അദബുകളും മര്യാദകളുമെല്ലാം പഠിപ്പിച്ച് എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നിടത്തും വുളൂ ചെയ്യുന്നിടത്തും എന്ന് വേണ്ട എങ്ങനെ അലക്കണമെന്നും എങ്ങനെ ബാത്റൂമില്‍ ഇരിക്കണമെന്നുമൊക്കെ ഞങ്ങളെ പരിശീലിപ്പിച്ചത് ഉസ്താദായിരുന്നു.

പിന്നീടങ്ങോട്ട് ഉസ്താദിനോടൊത്തുള്ള ഒരു യാത്രയായിരുന്നു ഞങ്ങള്‍ക്ക് ജീവിതം. എട്ടു വര്‍ഷക്കാലം ആ സാന്നിധ്യം ആസ്വദിക്കാനായി. അത് പഠനം മാത്രമായിരുന്നില്ല, പരിശീലന കളരികൂടിയായിരുന്നു. നിസ്സാരമെന്ന് തോന്നുന്ന പല സുന്നതുകളും വലിയ പ്രാധാന്യത്തോടെയായിരുന്നു ശൈഖുനാ പറഞ്ഞുതന്നതും പരിശീലിപ്പിച്ചതും.
ഡൈനിംഗ് ഹാളിലെ പായയില്‍ സുപ്ര വിരിച്ച് പത്തു കുട്ടികള്‍ വീതം വട്ടത്തിലിരുന്ന് വലിയ തളികയില്‍ ഭക്ഷണം വിളമ്പി, ആവശ്യമായത് കൈകൊണ്ട് വാരിയെടുത്ത് സ്വന്തം പാത്രത്തിലേക്കെടുത്ത് ഭക്ഷിക്കുന്ന രീതിയും, ഭക്ഷണത്തിനിരിക്കേണ്ട രൂപവും പഠിച്ചെടുത്തത് സി. എച്ച്. ഉസ്താദിന്റെ കളരിയില്‍ നിന്നായിരുന്നു. ഭക്ഷണത്തിന് മുമ്പ് രണ്ടു കൈകള്‍ കഴുകാനും ഭക്ഷിക്കുന്നതിന് മുമ്പ് ബിസ്മി ചൊല്ലിത്തരാനും കഴിഞ്ഞയുടനെ ദിക്ര് ഓര്‍മ്മിപ്പിക്കാനും ശൈഖുനയുണ്ടായിരുന്നു. കൂടെ ഭക്ഷിക്കുന്നവന്‍ കൈകൊണ്ട് സ്പര്‍ശിച്ചത് ഐത്തമായി കാണുന്നവര്‍ക്ക് ശൈഖുനയുടെ ഭക്ഷണരീതി ഏറെ മാതൃകയാണ്.

ദാറുല്‍ ഹുദയുടെ ആറാം വാര്‍ഷികവും സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ സമ്മേളനവും ചെമ്മാട് ഖുതുബുസ്സമാന്‍ നഗരിയില്‍ നടന്നപ്പോള്‍ ക്യാമ്പ് പ്രതിനിധികള്‍ക്ക് ഇതേ രൂപത്തില്‍ ശൈഖുനായുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷണം നല്‍കിയപ്പോള്‍ അതവര്‍ക്ക് പുതുമ നിറഞ്ഞൊരു അനുഭവമായിരുന്നു. പലരും ‘പ്രവാചക കാലഘട്ടം തിരിച്ചു വന്നോ’ യെന്ന് അത്ഭുതപ്പെട്ടു.

ഒരിക്കല്‍ വളൂഇനെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഒരു മുദ്ദ് വെളളമാണ് സുന്നതെന്ന് പറഞ്ഞപ്പോള്‍ പലരും അത്ഭുതം കൂറി. ഉടനെ ബഹു: ബാപ്പുട്ടി ഹാജിയുടെ വീട്ടില്‍ നിന്നും മുദ്ദ്, സ്വാഅ് അളവ് പാത്രങ്ങള്‍ വരുത്തി, മുദ്ദ് പാത്രത്തില്‍ വെളളം നിറച്ച് പൂര്‍ണ്ണരൂപത്തില്‍ എല്ലാ സുന്നതുകളും പാലിച്ച് വുളുഅ് ചെയ്തു കാണിച്ചു തന്നു. അവസാനം വുളൂവിന്റെ വെളളത്തില്‍ നിന്നും അല്പം കുടിച്ചിട്ടും വെളളം ബാക്കിയായിരുന്നു. അതോടെ എല്ലാവര്‍ക്കും വുളുഇന് ഒരു മുദ്ദ് വെളളം മതിയെന്ന് ബോധ്യപ്പെട്ടു.

കുളിക്കാന്‍ ഒരു സ്വാഅ് വെളളം മതിയാവുമോയെന്ന സംശയത്തിന്, ‘എന്റെ വിട്ടുകാര്‍ എനിക്ക് കുളിക്കാന്‍ ഒരു ചെമ്പ് നിറയെ വെളളം കൊണ്ട് വന്നുവെക്കും, അതില്‍ നിന്നും ഒരു സ്വാഇന് സമാനമായ വെളളമെടുത്ത് കളിക്കുമെന്നും ശേഷം വീട്ടുകാര്‍ ചെമ്പില്‍ നിറഞ്ഞ് നില്‍ക്കുന്ന വെളളം കണ്ട് നിങ്ങള്‍ കുളിച്ചില്ലേയെന്ന് ചോദിക്കുമെന്നും ശൈഖുനാ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.

തിരു സുന്നത്ത് ജീവിതമാക്കിയ മഹാനായിരുന്നു അദ്ദേഹം. ചിലപ്പോള്‍ രാത്രിയേറെ കഴിഞ്ഞ് സമസ്തയുടെ പരിപാടികള്‍ കഴിഞ്ഞ് ദാറുല്‍ ഹുദയില്‍ വന്നാല്‍ ഉറങ്ങിക്കിടക്കുന്ന മുതിര്‍ന്ന കുട്ടികളിലാരെയെങ്കിലും വിളിച്ചുണര്‍ത്തി, തന്റെ കൂടെ ജമാഅതായി നിസ്‌കരിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ശൈഖുനാക്ക് ജമാഅത്തിന്റെ കൂലികിട്ടുമെന്ന് മാത്രമല്ല, ഒരിക്കല്‍ ജമാഅത്തായി നിസ്‌കരിച്ചയാള്‍ക്ക് രണ്ടാമത് മറ്റൊരാള്‍ക്ക് വേണ്ടി ജമാഅത്തായി നിസ്‌കരിച്ചാല്‍ അതിന് സുന്നതിന്റെ അധിക പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിക്കുക കൂടിയായിരുന്നു അതിലൂടെ ഉസ്താദ്.

സുന്നത് പരിശീലനം ശൈഖുനായുടെ ഒരു ജീവിത ശൈലിയായിരുന്നു. അത് എല്ലവരോടും പറയും. മിത്രങ്ങളോടും എതിരാളികളോടും തന്നേക്കാള്‍ പ്രായമുളളവരോടും കുട്ടികളോടും സമൂഹത്തിലെ ഉന്നതരോടും. പക്ഷെ, എല്ലാവരോടും അവര്‍ക്ക് ഹൃദ്യമാവുന്ന ശൈലിയായിരിക്കുമെന്ന് മാത്രം.
‘നല്ല കാര്യങ്ങള്‍ കല്പിക്കുക, ചീത്ത കാര്യങ്ങള്‍ തടയുക’ യെന്ന ഖുര്‍ആന്‍ കല്പന ഏറെ പ്രധാന്യത്തോടെ തന്റെ ശിഷ്യരെ അവിടുന്ന് ഇടക്കിടെ ബോധ്യപ്പെടുത്തിയിരുന്നു. മാതാപിതാക്കളോടു പോലും അവരോടുളള ആദരവ് നിലനിറുത്തി അത് നിര്‍വ്വഹിക്കണമെന്ന് പറയാറുണ്ടായിരുന്നു.
ദാറുല്‍ ഹുദയില്‍ തന്റെ ശിഷ്യന്മാര്‍ നിത്യവും സുബ്ഹിക്ക് ശേഷം ഖുര്‍ആന്‍ പാരായണവും, ഇശാഇന് ശേഷം ഹദ്ദാദും നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. മാസത്തിലൊരിക്കല്‍ അത്താസ് റാതിബും വര്‍ഷത്തിലൊരിക്കല്‍ മിഅ്റാജ് ദിനം കേരളത്തിലെ അറിയപ്പെട്ട സാദാത്തുക്കളേയും സ്വൂഫി വര്യരേയും പങ്കെടുപ്പിച്ചുളള ദുആ സമ്മേളനവും ശൈഖുനാ സ്ഥാപിച്ചതാണ്.

റമളാനില്‍ വീട്ടില്‍ പോയാലും ചുരുങ്ങിയത് 3 ഖത്മ് ഖുര്‍ആന്‍ ഓതാനാവശ്യപ്പെടും. ദാറുല്‍ ഹുദയില്‍ നിന്നും പരിശീലിച്ചത് വീട്ടില്‍ നിന്നും വിഘ്നം വരാതിരിക്കാന്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തുക ശൈഖുനായുടെ ഒരു പതിവായിരുന്നു. ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥി വീട്ടിലെ ഇശാഅ് ജമാഅത്തിന് ശേഷം ഹദ്ദാദിന് വേണ്ടി ‘അല്‍ ഫാതിഹ’ വിളിച്ചയനുഭവം ഒരു രക്ഷിതാവ് പറഞ്ഞത് ശൈഖുനാ അഭിമാനത്തോടെയും മറ്റുളളവര്‍ക്ക് പ്രോത്സാഹനമായും പറയാറുണ്ടായിരുന്നു.
വഫാത്തിന്റെ മുമ്പ് നഖം മുറിക്കുമ്പോള്‍ പേരക്കുട്ടികളെ അടുത്തിരുത്തി അവരുടെയും നഖം വെട്ടി, ഓരോ നഖവും ഓരോരുത്തരുടെ കയ്യില്‍ കൊടുത്ത് ‘ ഇതൊന്ന് ഖബറടക്കിക്കേ’ യെന്ന് പറഞ്ഞ് അവരെ നഖം കുഴിച്ചിടല്‍ സുന്നതാണെന്ന് ബോധ്യപ്പെടുത്തുമായിരുന്നുവത്രെ.

അല്ലാഹുവിന്റെ നിത്യസ്മരണയായിരുന്നു (ദിക്റ്) ആ ജീവിതത്തിന്റെ മറ്റൊരു സന്ദേശം. എപ്പോഴും ഇലാഹീസ്മരണയില്‍ മുഴുകിയ ജീവിതം. രാവും പകലും ഒരുപോലെ ദിക്റുകളും ഔറാദുകളും നിറഞ്ഞതായിരുന്നു ആ ജീവിതം. പൊതുപ്രവര്‍ത്തനത്തിനിടയിലും അവയെല്ലാം കൃത്യമായി കൊണ്ട് നടക്കാമെന്നത് ഐദറൂസ് ഉസ്താദ് സ്വജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു.

ഒരിക്കല്‍ ഒരു പരിപാടി കഴിഞ്ഞ് രാത്രിയേറെ കഴിഞ്ഞ് റോഡിലൂടെ പോവുന്ന ഒരു വണ്ടിക്ക് കൈകാട്ടി. ശബരിമലയിലേക്ക് പോകുന്ന സ്വാമിമാരുടെ വണ്ടിയായിരുന്നു അത്. വലിയ ശബ്ദത്തില്‍ ശരണം വിളിക്കുന്ന ആ വണ്ടിയില്‍ ശൈഖുനായും കയറി. ഈ യാത്രയെ കുറിച്ച് ശൈഖുനാ പിന്നീട് പറഞ്ഞത് ‘അവര്‍ ശരണം വിളിച്ചും ഞാന്‍ ദിക്ര് ചൊല്ലിയും യാത്രയായി. എനിക്കിറങ്ങേണ്ടിടത്ത് ഞാനിറങ്ങി’.

അത് പോലെ സ്വലാത്തും ആ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ദിവസവും യാത്രകള്‍ക്കിടയിലും പതിവ് സ്വലാതുകള്‍ മുടങ്ങാതെ ചൊല്ലുമായിരുന്നു.
എല്ലാ ദിവസവും എത്ര വൈകിയാലും കറച്ച് സമയം ‘ദലാഇലുല്‍ ഖൈറാത്ത്’ സ്വലാത്തിനുളളതായിരുന്നു. തന്റെ ബാഗില്‍ കാര്യമായി ഉണ്ടാവുക ദലാഇലുല്‍ ഖൈറാത്തിന്റെ ഗ്രന്ഥമാണ്. ഒരിക്കല്‍ കളവ് പോയ ഈ ബാഗ് കയ്യില്‍ കിട്ടിയ മോഷ്ടാവ് തുറന്ന് നോക്കുമ്പോള്‍ കണ്ടത് ഈ ഗ്രന്ഥവും ഒരു കളളിമുണ്ടും അറാക്കിന്റെയൊരു കഷ്ണവും. നിരാശനായ മോഷ്ടാവ് മറ്റൊരള്‍ വഴി ബാഗ് ശൈഖുനാക്ക് തന്നെ എത്തിച്ചു കൊടുത്തുവത്രെ.
നാരിയത്തസ്സലാത്തും ത്വിബ്ബ് സ്വലാത്തും മറ്റു സ്വലാത്തുകളും ആ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് വേണം പറയാന്‍. കടുത്ത വേനലില്‍ കുട്ടികളെ വിളിച്ചിരുത്തി 4444 നാരിയതുസ്സലാത്ത് ചൊല്ലിയുളള ദുആ ഇന്നും ഓര്‍ത്ത് പോവുന്നു. സ്ഥാപനത്തിലെ പ്രത്യേക പരിപാടികളുടെ ദിവസങ്ങളിലും അവയുടെ ഭംഗിയായ നടത്തിപ്പിനായി നാരിയത് സ്വലാത് ചൊല്ലി ദുആ ചെയ്യാറുണ്ടായിരുന്നു ഉസ്താദ്. വലിയ വലിയ സമ്മേനങ്ങളില്‍ ദുആ ചെയ്യാന്‍ ശംസുല്‍ ഉലമ ആവശ്യപ്പെട്ടിരുന്നത് ശൈഖുനാ സി.എച്ച് ഉസ്താദിനോടായിരുന്നു.

‘ആരെങ്കിലും അല്ലാഹുവിന് വേണ്ടി നില കൊണ്ടാല്‍ അല്ലാഹു അവന് വേണ്ടിയും നിലകൊളളുമെന്ന് തന്റെ ഗുരു ശൈഖ് ആദം ഹസ്രതിന്റെ ഉപദേശം അക്ഷരാര്‍ത്ഥത്തില്‍ ജീവിതചര്യയാക്കുകയായിരുന്നു ഉസ്താദ് അവര്‍കള്‍. 1930 ഡിസംബര്‍ 30 ന് ജനിച്ച മഹാനവര്‍കള്‍ 1994 മെയ് 7 ന് 65ആമത്തെ വയസ്സില്‍ ദുല്‍ ഖഅ്ദ: 26 ന് വാഫാത്തായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.